ക്രാന്തിയുടെ മെയ്ദിന അനുസ്മരണം; ധനമന്ത്രി തോമസ് ഐസക്ക് മുഖ്യാതിഥിയാകും…

ഡബ്ലിന്‍: തൊഴിലാളികള്‍ക്ക് സംഘടിക്കുവാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ മെയ് ദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായുള്ള മെയ്ദിന അനുസ്മരണം അയര്‍ലണ്ടില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തി തയ്യാറെടുക്കുന്നു. ക്രാന്തിയുടെ ആഭിമുഖ്യത്തിലുള്ള മെയ്ദിന അനുസ്മരണ ചടങ്ങുകളില്‍ കേരള ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യാതിഥിയായി പങ്കെടുക്കും. ”ഇടതുബദല്‍- കേരള മോഡലിന്റെ സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തില്‍ തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തുന്നതാണ്. മെയ് 19 ഞായറാഴ്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള കാള്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് രണ്ടു മണി മുതല്‍ അഞ്ചു മണിവരെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ദിവസം എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന മനുഷ്യാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ പോരാടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ദിവസത്തിന്റെ ഓര്‍മയ്ക്കാണ് മെയ്ദിനം ആചരിക്കുന്നത്. മനുഷ്യാധ്വാനം അജയ്യമാണെന്നും ഈ ലോകം അതിന്റേതാണെന്നും മെയ്ദിന ആഘോഷങ്ങളും അനുസ്മരണങ്ങളും ലോകത്തെ ഓര്‍മിപ്പിക്കുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി അയര്‍ലണ്ടിലെ ഇതര ഇടതുപക്ഷ സംഘടനകളുമായി വിവിധങ്ങളായ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രാന്തിക്ക് ശ്രെദ്ധേയമായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ക്രാന്തിയുടെ മെയ്ദിനാഘോഷ പരിപാടിയിലെ മുഖ്യാതിഥി സി.പി.ഐ (എം) ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. മെയ്ദിനാഘോഷത്തോടനുബന്ധിച്ചു ഐറിഷ് കലാകാരന്മാരുടെ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. മെയ്ദിന അനുസ്മരണ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്രാന്തി കേന്ദ്രകമ്മറ്റി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: