ക്യൂബയില്‍ 113 പേര്‍ സഞ്ചരിച്ച യാത്രാവിമാനം തകര്‍ന്നു; നൂറിലേറെ മരണം

ഹവാന: ക്യൂബന്‍ സര്‍ക്കാരിന്റെ വിമാന കമ്പനിയായ ക്യുബാന ഡി അവിയാസിയോമിന്റെ ബോയിംഗ് 737 യാത്രാ വിമാനം ഹവാന വിമാനത്താളത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഉടന്‍ തകര്‍ന്നു വീണ് നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. 110 യാത്രക്കാരും, ആറ് വിമാന ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് ക്യൂബയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മൂന്നു പേര്‍ ദുരന്തത്തെ അതിജീവിച്ചുവെങ്കിലും, ഇവരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഹവാനയില്‍ നിന്ന് ക്യൂബയുടെ കിഴക്കു ഭാഗത്തുള്ള ഹോള്‍ഗ്വിനിലേക്കു പുറപ്പെട്ട വിമാനമാണ് ദുരന്തത്തില്‍പെട്ടത്.

വിമാനത്താവളത്തിനു സമീപമുള്ള ബെയോഴ്സ് – ഹവാന ഹൈവേയിലാണ് വിമാനം തകര്‍ന്നു വീണതെന്ന് റേഡിയോ ഹബാന ക്യൂബ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരെല്ലാം ക്യൂബന്‍ വംശജരാണ്. വിമാനം തകര്‍ന്നു വീണ സ്ഥലത്തു നിന്ന് കനത്ത പുക ഉയരന്നുണ്ടായിരുന്നു. മെക്സിക്കന്‍ കമ്പനിയായ ദമോജയില്‍ നിന്ന് വാടകയ്ക്ക് എടുത്ത വിമാനമാണ് അപകടത്തില്‍ പെട്ടത്. 1979 ല്‍ നിര്‍മിച്ച വിമാനം നവംബറില്‍ നടത്തിയ ഇന്‍സ്പെക്ഷനില്‍ ഫിറ്റ്നസ് നേടിയിരുന്നതാണ്.

അപകടവിവരമറിഞ്ഞ് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. സാങ്കേതിക തകരാറുകള്‍ പതിവായതോടെ പഴക്കം ചെന്ന വിമാനങ്ങള്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ ക്യുബാന വിമാനക്കമ്പനി സര്‍വീസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇവയ്ക്കു പകരം സര്‍വീസിനായി മെക്‌സിക്കോയിലെ ഒരു വിമാനക്കമ്പനിയില്‍ നിന്നു വാടകയ്‌ക്കെടുത്ത വിമാനങ്ങളിലൊന്നാണ് തകര്‍ന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: