ക്യാന്‍സറിന് പരിചിതമല്ലാത്ത ചികിത്സകള്‍ ചെയ്താല്‍ മരണ സാധ്യത വര്‍ധിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍

കാന്‍സര്‍രോഗത്തിന് സമാന്തര ചികിത്സകള്‍ അന്വേഷിക്കുന്നവരുടെ മരണസാധ്യത അംഗീകൃത ചികിത്സാ രീതികള്‍ അവലംബിക്കുന്നവരേക്കാള്‍ ഇരട്ടിയെന്നു പഠനം. അമേരിക്കയിലെ പ്രശസ്ത സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ്, യാതൊരു തെളിവുകളും ഇല്ലാതിരുന്നിട്ടും മറ്റുള്ളവരുടെ അനുഭവങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന വസ്തുതകളെ വിശ്വസിച്ച്; അംഗീകാരമില്ലാത്ത ചികിത്സകള്‍ തേടുന്നവരുടെ മരണം വേഗത്തിലാകുന്നു എന്ന് കണ്ടെത്തിയത്.

പഠനത്തിന്റെ ഭാഗമായി അവര്‍ 2004ല്‍ മെഡിക്കല്‍ അംഗീകാരമില്ലാത്ത ചികിത്സ തേടിയ 280 പേരെയും, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ശസ്ത്രക്രിയ തുടങ്ങിയ ചികിത്സകള്‍ തേടിയ 560 പേരെയും തങ്ങളുടെ നിരീക്ഷണ വിധേയരാക്കി. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അംഗീകൃത ചികിത്സ നേടിയവരില്‍ 78.3 % പേര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. അതെ സമയം സമാന്തര ചികിത്സ നടത്തിയവരില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നത് 54.7 % പേര്‍ മാത്രം.

ശ്വാസകോശ സംബന്ധമായ കാന്‍സര്‍ രോഗികളില്‍ മരണപ്പെട്ടവരുടെ അനുപാതം 1:2 എന്നാണെങ്കില്‍, ബ്രസ്റ്റ് കാന്‍സര്‍ രോഗികളില്‍ അംഗീകൃത ചികിത്സ തേടുന്നവരുടെ അഞ്ചിരട്ടിയോളം പേരും, കുടലില്‍ അര്‍ബുദം ബാധിച്ചവരില്‍ നാലിരട്ടിയോളം ആളുകളുമാണ് ശരിയായ ചികിസ്ത സ്വീകരിക്കാത്തത് മൂലം മരണപ്പെട്ടത്. പ്രകൃതി ചികിസ്ത, അക്കുപന്ക്ച്ചര്‍, മര്‍മ്മചികിത്സ, ഹോമിയോപതി തുടങ്ങിയ വിവിധ തരം മാര്‍ഗങ്ങള്‍ കാന്‍സര്‍ ചികിസ്തയ്ക്കായി ഉപയോഗിക്കപ്പെടുന്നുണ്ട്.

വിചിത്രമായി തോന്നിയ കാര്യം എന്തെന്നാല്‍ ഇത്തരം അംഗീകാരമില്ലാത്ത ചികിത്സകള്‍ തേടിപ്പോകുന്നവരില്‍ കൂടുതലും യുവാക്കളും, സമ്പത്തുള്ളവരും, വിദ്യാഭ്യാസമ്പന്നരുമായ ആളുകള്‍ ആണെന്നതാണ്. എന്നിട്ടു പോലും മരണനിരക്കിലുള്ള അന്തരം വളരെ കൂടുതലുമാണ്. അംഗീകൃത ചികിത്സകള്‍ക്കൊപ്പം, ഇത്തരം ചെപ്പടി വിദ്യകളെ പരീക്ഷിച്ചത് കൊണ്ട് അസുഖം മൂര്‍ച്ഛിച്ചു മരിച്ചവരും നിരവധിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘കേട്ടുകേള്‍വി കൊണ്ട് മാത്രം വിശ്വസിച്ചു ചെയ്യുന്ന അംഗീകാരമില്ലാത്ത ചികിത്സകള്‍ രോഗികള്‍ക്ക് കൂടുതല്‍ ദുരിതങ്ങളാണ് നല്കുന്നതെന്നതിനു നമ്മുടെ പക്കല്‍ ഒരുപാട് തെളിവുകളുണ്ട്.

കാന്‍സര്‍ രോഗികളും, ഡോക്ടര്‍മാരും തമ്മില്‍ ചികിത്സയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഈ വിഷയവും ചര്‍ച്ച ചെയ്യപ്പെടും എന്ന് പ്രത്യാശിക്കുന്നു.’ റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിന്റെ മേധാവി കൂടിയായ സ്‌കൈലര്‍ ജോണ്‍സണ്‍ പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: