ക്യാന്‍സറിനെതിരെയുള്ള വാക്‌സിന്‍ കണ്ടുപിടിച്ചതായി ഗവേഷകര്‍

 

ക്യാന്‍സറിന്റെ ഏത് ഘട്ടത്തിലും പൂര്‍ണ്ണസൂഖം എന്ന ലക്ഷ്യത്തിലെത്താന്‍ നിരന്തര പരിശ്രമമാണ് ലോകമെമ്പാടും വൈദ്യശാസ്ത്ര രംഗത്ത് നടക്കുന്നത്. ഇക്കുറി പ്രതീക്ഷ പകരുന്നത് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരും ആരോഗ്യരംഗത്തെ വിദഗ്ധരുമാണ്. വേദനയില്ലാത്തതും എളുപ്പത്തില്‍ ഈ രോഗം ഭേദപ്പെടുത്താവുന്നതുമായ മരുന്ന് കണ്ടെത്തിയെന്നാണ് സംഘത്തിന്റെ അവകാശവാദം. ട്യൂമര്‍ വളര്‍ച്ചയുള്ള ശരീരഭാഗത്ത് മരുന്ന് കുത്തിവെക്കുന്നത്, ക്യാന്‍സറിനെ നശിപ്പിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

ഒരു ക്യാന്‍സര്‍ പ്രതിരോധ കവചമായും മരുന്ന് പ്രവര്‍ത്തിക്കുമത്രെ! രോഗം ഭാവിയില്‍ വരാന്‍ സാധ്യതയുള്ള തരത്തില്‍ എന്തെങ്കിലും സാന്നിധ്യം ശരീരത്തില്‍ കാണപ്പെട്ടാല് അവയെ നശിപ്പിക്കാനും മരുന്നിനാകുമെന്നാണ് ശാസ്ത്രസംഘത്തിന്റെ കണ്ടെത്തല്‍. എലികളില്‍ മരുന്ന് പരീക്ഷണം വിജയം കണ്ടു. ഇത് മനുഷ്യനില്‍ പരീക്ഷിക്കാനുള്ള നടപടിക്രമങ്ങളിലാണിപ്പോള്‍ ഗവേഷകര്‍. രോഗപ്രതിരോധ ശേഷിയെ ഉണര്‍ത്തിയെടുക്കുന്ന തരത്തിലാണ് എലികളില്‍ ഈ മരുന്ന് പ്രവര്‍ത്തിച്ചത്.

ലിംഫോമ(lymphoma) ബാധിച്ച 15 രോഗികളിലാണ് ആദ്യഘട്ടത്തില്‍ ഈ മരുന്ന് പരീക്ഷിക്കുക. മൃഗങ്ങളില്‍ വിജയം നേടിയ സ്ഥിതിക്ക് മരുന്ന്, മനുഷ്യശരീരത്തിലും ഗുണകരമായി പ്രവര്‍ത്തിക്കുമെന്ന വിശ്വാസമാണ് വൈദ്യശാസ്ത്രരംഗത്ത് ഇപ്പോള്‍ ഉള്ളത്. പരീക്ഷണത്തിന് വിധേയമാക്കിയത് ലിംഫോമ ബാധിച്ച 90 എലികളെയാണ്. മരുന്ന് പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ 87 എലികളില്‍ രോഗമുക്തി കണ്ടു. ശേഷിച്ച മൂന്ന് എലികളിലും രണ്ടാംഘട്ട കുത്തിവെപ്പില്‍ രോഗം ഭേദമായി.

പ്രതിരോധശക്തിയെ ഉണര്‍ത്തുമെന്നതിനാല്‍, ക്യാന്‍സറിനെിരെ മരുന്നിനൊപ്പം ശരീരവും പോരാടുമെന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ പ്രത്യേകത. മനുഷ്യശരീരത്തില്‍ ഈ പുതിയ മരുന്ന് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന ആകാംക്ഷയിലാണ് വൈദ്യശാസ്ത്രം ഒന്നാകെ. പരീക്ഷണം വിജയത്തിലെത്തിയാല്‍ ക്യാന്‍സര്‍ ചികിത്സാരംഗത്തെ ഏറ്റവും വലിയ കണ്ടുപിടുത്തമാകും ഇത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: