കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ റെയില്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ റെയില്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതിക്ക് തത്വത്തിലുള്ള അനുമതി തേടിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് ഉടന്‍ കത്തയക്കും. നേരത്തേ കേന്ദ്രത്തിനയച്ച കത്ത് പരിഷ്‌കരിച്ചാണ് ഭരണാനുമതി നല്‍കിയ വിവരവും തത്വത്തിലുള്ള അനുവാദം തേടിയുള്ള അപേക്ഷയും ഉള്‍പ്പെടുത്തിയാകും പുതിയ കത്തയക്കുക എന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്രാനുമതി ലഭിച്ചു കഴിഞ്ഞാലുടന്‍ പദ്ധതി നടപ്പാക്കാനാവശ്യമായ തീരുമാനമെടുക്കും. കൊച്ചി മെട്രോ റെയില്‍ സംബന്ധിച്ച് കൈക്കൊണ്ട അതേ രീതി തന്നെയായിരിക്കും കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ കാര്യത്തിലുമെടുക്കുക. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടാണ് കൊച്ചി മെട്രോയുടെ എല്ലാ കാര്യങ്ങളും നീക്കിയത്. ലൈറ്റ് മെട്രോയ്ക്ക് മുമ്പ് മോണോറെയില്‍ പദ്ധതി ആലോചിച്ചപ്പോഴും ഡി.എം.ആര്‍.സിയെ തന്നെയാണ് ആശ്രയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
6728 കോടി ചെലവ് പ്രതീക്ഷിക്കുന്ന ലൈറ്റ് മെട്രോ റെയില്‍ പദ്ധതിക്ക് ജൂണില്‍ മന്ത്രിസഭായോഗം തത്വത്തില്‍ അനുമതി നല്‍കിയതായിരുന്നു. അതുകഴിഞ്ഞ് കേന്ദ്രത്തിന്റെ അനുമതി തേടി കത്തയച്ചു.

എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ ഭരണാനുമതി നല്‍കാതെയാണ് കേന്ദ്രത്തിന് കത്ത് നല്‍കിയതെന്നും അതിനാല്‍ പൂര്‍ണ്ണമല്ലെന്നും ആക്ഷേപമുയര്‍ന്നു. കേന്ദ്രാനുമതി ലഭിച്ചശേഷമാണ് മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും കൊച്ചി മെട്രോയുടെ കാര്യത്തിലെടുത്ത അതേ നടപടികളാണ് ഇവിടെയും സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പക്ഷേ പദ്ധതി അനിശ്ചിതമായി പിന്നെയും നീണ്ടു. ഒടുവില്‍ ലൈറ്റ്‌മെട്രോയുടെ കാര്യത്തില്‍ കൈക്കൊണ്ട നടപടികളില്‍ അവ്യക്തതയുണ്ടെന്ന് കാണിച്ച് ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇതേത്തുടര്‍ന്ന് ശ്രീധരനുമായി മുഖ്യമന്ത്രി കഴിഞ്ഞാഴ്ച വിഷയം ചര്‍ച്ച ചെയ്തു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗം പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചത്.

ടെക്‌നോസിറ്റി മുതല്‍ കരമന വരെ 28.82 കിലോമീറ്റര്‍ ദൂരത്തിലാണ് തലസ്ഥാനത്ത് ലൈറ്റ്‌മെട്രോ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെ 13.30കിലോമീറ്ററും. തിരുവനന്തപുരത്ത് 19ഉം കോഴിക്കോട് 14ഉം സ്‌റ്റേഷനുകളാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് കിലോമീറ്റര്‍ ദൂരത്തേക്ക് ടിക്കറ്റ്‌നിരക്ക് 13രൂപയും 18കിലോമീറ്റര്‍ ദൂരത്തേക്ക് 38രൂപയുമായിരിക്കും.

Share this news

Leave a Reply

%d bloggers like this: