കോര്‍ക്ക് സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളിക്കിടയില്‍ ക്ഷയരോഗബാധ കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ നിരീക്ഷണത്തില്‍; കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എച്ച്.എസ്.ഇ

കോര്‍ക്ക്: കോര്‍ക്ക് സെക്കണ്ടറി സ്‌കൂളില്‍ 2 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ക്ഷയരോഗം സ്ഥിരീകരിച്ചു. രാജ്യത്ത് അഞ്ചാംപനി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കെ, ഇത് തടയാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗ ബാധ കണ്ടെത്തിയത്. ഇതോടെ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും, മറ്റു ജീവനക്കാരെയും സ്‌ക്രീനിങ്ങിന് വിധേയരാക്കി. പരിശോധനക്ക് വിധേയരായവരില്‍ 30 ശതമാനത്തോളം പേര്‍ക്ക് Latent TB Infection (LTBI) ആണെന്നത് സ്ഥിരീകരിച്ചു.

ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാത്തതും ലക്ഷണങ്ങള്‍ ഇല്ലാത്തതുമായ LTBI എന്ന വിഭാഗത്തില്‍പ്പെട്ട രോഗബാധയാണ് കണ്ടെത്തിയത്. ഇവര്‍ക്ക് ഭാവിയില്‍ കടുത്ത ക്ഷയരോഗം പിടിപെടാന്‍ സാധ്യത ഉണ്ടെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ പബ്ലിക് ഹെല്‍ത്ത് ഇന്‍വെസ്റ്റിഗേഷന്‍ ടീം വ്യക്തമാക്കി. ലക്ഷണങ്ങള്‍ കണ്ടെത്തിയ 2 വിദ്യാര്‍ത്ഥികളിലും മറ്റൊരാളിലേക്ക് പകരുന്നതരം രോഗബാധ തന്നെയാണ് സ്ഥിരീകരിച്ചത്. ഇവരെ ചികിത്സക്ക് വിധേയരാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

പനി, കഫക്കെട്ട്, ശരീരഭാരം കുറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളെ ആശുപത്രി പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് TB കണ്ടെത്തിയത്. സ്‌കൂളില്‍ നടത്തിയ സ്‌ക്രീനിങ്ങില്‍ ആണ് മറ്റൊരു വിദ്യാര്‍ത്ഥിക്കും രോഗം ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് രോഗം മറ്റുള്ളവരിലേക്കും പടര്‍ന്നുപിടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സ്‌കൂളിലെ മുഴുവന്‍ ആളുകളെയും പരിശോധനക്ക് വിധേയരാക്കാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെടുകയായിരുന്നു.

ഐറിഷ് സ്‌കൂളുകളില്‍ 6 മാസത്തില്‍ ഒരിക്കലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കണെമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പല സ്‌കൂളുകളും ഇത് പാലിക്കാറില്ല. പകര്‍ച്ചവ്യാധി സീസണുകളിലെങ്കിലും ഇത് കാര്യക്ഷമമാക്കിയാല്‍ പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള സാംക്രമിക രോഗങ്ങളെ തടയാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഈ വര്‍ഷം സ്ഥിരീകരിച്ച അഞ്ചാം പനി ആദ്യമായി കണ്ടെത്തിയതും വിദ്യാര്‍ത്ഥികള്‍ക്കിടയിലായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: