കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ഐഎസ് ശൃംഖല: കേരളതീരങ്ങളും കനത്ത ജാഗ്രതയില്‍…

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരമ്പരയില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകര ശൃംഖലയുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായി ഏഴിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. രണ്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊളംബോയില്‍ അന്വേഷണം നടത്തിയിരുന്നു. ഐഎസിന്റെ കോയമ്പത്തൂര്‍, കേരള മൊഡ്യൂളുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ഐഎ ശ്രീലങ്കന്‍ ഏജന്‍സികള്‍ക്ക് കൈമാറും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കേരളത്തില്‍ നിന്നുള്ള 21 അംഗ സംഘം അഫ്ഗാനിസ്താനിലേയ്ക്ക് പോകുന്നതിന് മുമ്പ് ശ്രീലങ്കയിലെ ജാഫ്നയിലെത്തിയതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. അഷ്ഫാഖ് മജീദ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തില്‍ നിന്ന് കടന്നത്.

2018ലെ കോയമ്പത്തൂര്‍ കേസില്‍ എന്‍ഐഎ കുറ്റപത്രം നല്‍കിയിരിക്കുന്നത് മുഹമ്മദ് ആഷിഖ്, ഇസ്മായില്‍, ഷംസുദ്ദീന്‍, മുഹമ്മദ് സലാഹുദ്ദീന്‍, ജാഫര്‍ ഷാദിക് അലി, ഷാഹുല്‍ ഹമീദ് എന്നിവരുടെ പേരിലാണ്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഭീകരാക്രമണ സാധ്യത സംബന്ധിച്ച് ഇന്ത്യ നേരത്തെ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലും ചാവേര്‍ ആക്രമണം നടത്താന്‍ ശ്രീലങ്ക ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ഹാഷിം പദ്ധതിയിട്ടിരുന്നു എന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ശ്രീലങ്കയില്‍ നിന്നുള്ള ഭീകരര്‍ കടല്‍മാര്‍ഗമെത്തി കേരള തീരത്തും ലക്ഷദ്വീപിലും ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. 15 ഐഎസ് ഭീകരര്‍ കേരള തീരത്തും ലക്ഷദ്വീപിലും ആക്രമണം നടത്താന്‍ സാധ്യതയുണ്ട് എന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. ഈസ്റ്റര്‍ ദിനത്തില്‍ ഒരു സ്ത്രീ അടക്കം ഒമ്പത് ചാവേറുകളാണ് ശ്രീലങ്കയിലെ കൊളംബോ, ബാട്ടിക്കലോവ അടക്കമുള്ള പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായി സ്ഫോടന പരമ്പര നടത്തിയത്. 250ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: