കോണ്‍ഗ്രസിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മോദി; ഇത് മോദിക്കുള്ള സന്ദേശമെന്ന് രാഹുല്‍ ഗാന്ധി

ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സന്ദേശമാണ് – അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരം കിട്ടിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച ഭരണം കാഴ്ച വയ്ക്കും. 2019ലും ബിജെപിയെ പരാജയപ്പെടുത്തും. അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും. മോദിയുടെ പ്രത്യയശാസ്ത്രത്തെയാണ് തോല്‍പ്പിച്ചത് എന്നും രാഹുല്‍ അവകാശപ്പെട്ടു.

വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള കഴിവില്ലാത്തയാളാണ് പ്രധാനമന്ത്രി മോദി എന്ന ധാരണ പൊതുവായി ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. ഇത് വലിയ ഉത്തരവാദിത്തമാണ്. മാറ്റത്തിനുള്ള സമയമായിരിക്കുന്നു. കോണ്‍ഗ്രസിന്റെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഓരോ സംസ്ഥാനങ്ങളിലേയും ബിജെപി മുഖ്യമന്ത്രിമാര്‍ക്കുമുള്ളതാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഞാന്‍ എന്റെ അമ്മയോട് പറയുകയായിരുന്നു – 2014 തിരഞ്ഞെടുപ്പായിരുന്നു എന്നെ സംബന്ധിച്ച് ഏറെ ഗുണം ചെയ്തത് എന്ന്. ആ തിരഞ്ഞെടുപ്പില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. വിനയമാണ് ഏറ്റവും പ്രധാനം എന്ന് ഞാന്‍ പഠിച്ചു. മിസ്റ്റര്‍ മോദി എന്നെ പഠിപ്പിച്ചത് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യരുത് എന്നാണ്. വലിയ ഭൂരിപക്ഷത്തോടെയാണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ രാജ്യത്തിന്റെ ഹൃദയസ്പന്ദനം കേള്‍ക്കാന്‍ മോദി വിസമ്മതിച്ചു. അദ്ദേഹത്തിന്റെ ധാര്‍ഷ്്ട്യം എല്ലാ അതിരുകളും കടന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പരാജയം വിനയത്തോടെ അംഗീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അവസരം തന്ന ഛത്തീസ്ഗഡിലേയും മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ഈ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ ജനക്ഷേമത്തിനായി അവിശ്രമം പ്രവര്‍ത്തിച്ചിട്ടുണ്ട്. നേടിയ വിജയങ്ങള്‍ക്ക് കോണ്‍ഗ്രസിന് അഭിനന്ദനങ്ങള്‍.

തെലങ്കാനയിലെ മികച്ച വിജയത്തിന് കെസിആര്‍ ഗാരുവിനും (മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു) മിസോറാമിലെ വിജയത്തിന് മിസോ നാഷണല്‍ ഫ്രണ്ടിനും അഭിനന്ദനങ്ങള്‍. ബിജെപി പ്രവര്‍ത്തകര്‍ രാപ്പകല്‍ ഭേദമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അധ്വാനിച്ചു. ജയവും പരാജയവും ജീവിതത്തിന്റെ അവിഭാജ്യ ഭാഗങ്ങളാണ്. ഇന്നത്തെ പരാജയം ജനങ്ങളെ കൂടുതലായി സേവിക്കാനും ഇന്ത്യയുടെ വികസനത്തിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും ഞങ്ങളെ പ്രേരിപ്പിക്കുന്നു – മോദി ട്വീറ്റ് ചെയ്തു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: