കോണ്‍ഗ്രസ് മെരുങ്ങിയില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കോ…

മുംബൈ: സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഇതിനുശേഷം അന്തിമ തീരുമാനം അറിയിക്കുമെന്ന് പവാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് വൈകിട്ട് നാല് മണിക്ക് ശരദ് പവാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി സഖ്യത്തിന് പിന്തുണ നല്‍കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ശിവസേനയെ പിന്തുണയ്ക്കുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് ഉണ്ടാകുന്ന നഷ്ടങ്ങള്‍ കണക്കിലെടുക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.
കോണ്‍ഗ്രസിനെ അനുനയിപ്പിക്കാതെ എന്‍സിപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ല. അതേസമയം കോണ്‍ഗ്രസ്-എന്‍സിപി സഖ്യം സമവായത്തില്‍ എത്തിയില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങും.

എന്‍സിപി – ശിവസേന സര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്തു നിന്ന് പിന്തുണച്ചേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ശിവസേനയെ പിന്തുണയ്ക്കാനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തുകയായിരുന്നു. ശിവസേനയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് രണ്ട് തവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനത്തിലെത്താന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ല.

മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ബിജെപിയെ ഒഴിവാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന തീരുമാനിച്ചത്. മുഖ്യമന്ത്രി പദം പങ്കിടാമെന്ന ഉറപ്പ് ബിജെപി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ പിന്മാറ്റം. 288 അംഗ നിയമസഭയില്‍ 105 സീറ്റുകളില്‍ വിജയിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി. ശിവസേനയ്ക്ക് 56 സീറ്റുകളുണ്ട്. എന്‍സിപിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റും ലഭിച്ചു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എന്നിവര്‍ ഒരുമിച്ചാല്‍ കേവലം ഭൂരിപക്ഷം കടന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും.

Share this news

Leave a Reply

%d bloggers like this: