കോടതി നടപടികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

ഡബ്ലിന്‍: കോടതി നടപടികള്‍ തത്സമയം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് അയര്‍ലണ്ടില്‍ സുപ്രീംകോടതി പുതിയ നിയമം നടപ്പിലാക്കി. ഇതിലൂടെ കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ നടപടികള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്കും കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകര്‍ക്കും മാത്രമായിരിക്കും അവകാശം. ചീഫ് ജസ്റ്റിസ് ഫ്രാങ്ക് ക്ലാര്‍ക്ക് ആണ് പുതിയ നിയമം നടപ്പില്‍ വരുത്തിയത്. കോടതിക്കുള്ളില്‍ ആര് എപ്പോള്‍ എന്തിനുവേണ്ടി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കണം എന്നതില്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശവും പുറത്തിറക്കിയിട്ടുണ്ട്.

കോടതി നടപടികള്‍ തത്സമയം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതില്‍ പൊതുജനങ്ങള്‍ അതിരുകടക്കുന്നുവെന്ന പരാതി ഉയര്‍ന്നിട്ട് വളരെക്കാലമായി. ജഡ്ജിമാരും അഭിഭാഷകരും കേസിലെ കക്ഷികളും മറ്റും ഈ രീതിക്കെതിരെ പലപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ട ചില കേസുകളില്‍ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തങ്ങളുടെ കക്ഷിയുടെ അവകാശത്തെ ബാധിക്കുന്നതാണെന്ന് പല അഭിഭാഷകരും കുറ്റപ്പെടുത്തിയിട്ടുണ്ട്. അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള തങ്ങളുടെ അവകാശം തെറ്റായ സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലൂടെ നിഷേധിക്കപ്പെടുകയാണെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം കുടിവെള്ള പ്രക്ഷോപവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കോടതി നടപടികള്‍ക്ക് സമര്‍പ്പിക്കേണ്ടിയിരുന്ന സുപ്രധാന വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പുറത്തുപോയത് വാര്‍ത്തയായിരുന്നു. കേസില്‍ എതിര്‍കക്ഷികളില്‍ ഒരാളായ സോളിഡാരിറ്റി ടിഡി പോല്‍ മോര്‍ഫിയുടെ പല ട്വീറ്റുകളും പ്രോസിക്യൂഷന്റെ പരാതിയെ തുടര്‍ന്ന് ഡിലീറ്റ് ചെയ്യേണ്ടി വന്നു.

വിചാരണ നടപടികള്‍ കൂടുതല്‍ കൃത്യതയോടെ നടപ്പിലാക്കാന്‍ പുതിയ നിയമം സഹായിക്കുമെന്ന് ഐറിഷ് നിയമ മന്ത്രി ചാര്‍ളി ഫ്‌ലനഗന്‍ പ്രസ്താവിച്ചു. കോടതിക്കുള്ളിലെ സോഷ്യല്‍ മീഡിയ ഉപയോഗം പല വിവാദങ്ങള്‍ക്കും വഴിതെളിക്കുന്നതാണെന്നും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക മന്ത്രി ജോസഫ മെഡിഗണ്‍ പുതിയ നിയമത്തെ പിന്തുണച്ചു. കഴിഞ്ഞ വര്‍ഷം ഇവര്‍ കോടതി അലക്ഷ്യത്തിനെതിരെ നിയമനിര്‍മാണം നടത്തിയിരുന്നു. ക്രിമിനല്‍ വിചാരണ നടക്കുന്ന കേസുകളുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വലിക്കുന്നതിന് കമ്പനികളോട് ആവശ്യപ്പെടാന്‍ അഭിഭാഷകര്‍ക്ക് അധികാരം നല്‍കുന്നതായിരുന്നു ഈ ബില്ല്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: