കൊല്ലത്തെ സദാചാര ഗുണ്ടായിസത്തിന്റെ ഇരയായ അനീഷ് ആത്മഹത്യ ചെയ്തു

കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. പാലക്കാട് അട്ടപ്പാടി സ്വദേശി പള്ളത്ത് ഹൗസില്‍ അനീഷ്(24)നെയാണ് വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാലന്റൈന്‍സ് ഡേ ദിനത്തില്‍ സുഹൃത്തിനോടൊപ്പം അഴീക്കല്‍ ബീച്ച് കാണാനെത്തിയ അനീഷിന് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് അനീഷിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഇന്നു ഉച്ച യോടെയാണ് വിടിനു സമീപത്തായി തൂങ്ങി മരിച്ച നിലയില്‍ അനീഷിന്റെ ശരീരം കണ്ടെത്തുന്നത്.

അപമാനത്താലാണ് തന്റെ മകന്‍ ആത്മഹത്യ ചെയ്തതെന്ന് അനീഷിന്റെ അമ്മ ലത പറഞ്ഞു. സംഭവത്തിന് ശേഷം കൊല്ലം കരുനാഗപ്പള്ളിയിലെ അമൃത മഠത്തിലെ അഡ്മിനിസ്‌ട്രേഷനില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച അനീഷ് വളരെ മൗനിയായിട്ടാണ് കാണപ്പെട്ടതെന്നും അമ്മ വ്യക്തമാക്കി.

സദാചാര ആക്രമണം നടന്നതിനുശേഷവും പ്രതികളുടെ സുഹൃത്തുക്കള്‍ അനീഷിനെതിരെ സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അനീഷ് വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കള്‍ അടക്കമുളളവരുടെ ആവശ്യം. തന്റെ ശരീരത്തില്‍ കയറി പിടിച്ചപ്പോള്‍ അനീഷ് ഇടപെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി വ്യക്തമാക്കി. ക്രൂരമായിട്ടാണ് അവര്‍ മര്‍ദിച്ചതെന്നും ഉത്തരവാദികളായവര്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും പെണ്‍കുട്ടി പറഞ്ഞു.

അനീഷിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. പൊതുജനം മറ്റുളളവരുടെ സ്വകാര്യതയില്‍ ഇടപെടരുത്. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയണം. സംഭവത്തെക്കുറിച്ച് കൊല്ലം, പാലക്കാട് പൊലീസ് മേധാവികളോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അനീഷിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലം സ്വദേശികളായ ധനേഷ്, രമേശ് എന്നിവരാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അനീഷ് വ്യക്തമാക്കിയിട്ടുണ്ട്. അനീഷിനെയും കൂട്ടുകാരിയെയും ആക്രമിച്ച കേസിലെ പ്രതികള്‍ കൂടിയാണ് ഇവര്‍.ഇതിനെ തുടര്‍ന്ന് അഗളി പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: