കൊലയാളി ഗെയിം : നിങ്ങളുടെ കുട്ടിക്ക് തൊട്ടരികില്‍.. സൂക്ഷിക്കുക

മനുഷ്യ രാശി ഉത്ഭവിച്ചതിനു ശേഷം നടന്ന ഏറ്റവും മഹത്തായ കണ്ടുപിടുത്തമായിട്ടാണ് ഇന്റര്‍നെറ്റിനെ ലോകം വിലയിരുത്തുന്നത്. അറിവുകളുടെ ദ്രുതഗതിയിലുള്ള കൈമാറ്റമാണ് ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ നമുക്ക് കൈവന്നത്. മനുഷ്യ രാശിയുടെ സര്‍വ മേഖലയിലും വന്‍ കുതിച്ചു ചാട്ടത്തിനുള്ള അവസരമാണ് ഇതിലൂടെ കൈവന്നത് എന്ന് സംശയം കൂടാതെ പറയാം. എന്നാല്‍ അപകടം പാര്‍ത്തിരിക്കുന്ന ചതിക്കുഴികളും ഇന്റര്‍നെറ്റില്‍ നിരവധിയായി ഉണ്ട് എന്നത് ഇതിന്റെ ഒരു മറുവശമാണ്. ജീവിതത്തിന്റെ ഏതൊരു മേഖലയില്‍ എന്നത് പോലെ ക്രിമിനലുകളും മാനസിക വൈകൃതങ്ങളുള്ളവരും ഇന്റര്‍നെറ്റിലും സുലഭമാണ്. സൂക്ഷിക്കേണ്ടത് നമ്മളുടെ കടമയാണെന്നര്‍ത്ഥം.

‘ബ്ലൂ വെയില്‍’ എന്ന് ലോകം മുഴുവന്‍ കുപ്രസിദ്ധി ആര്‍ജിച്ച ഓണലൈന്‍ ഗൈമിങ്ങിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കുറച്ചു ദിവസങ്ങളായി മുഖ്യധാരാ മാധ്യമങ്ങളുടെയടക്കം വെബ് സൈറ്റുകളില്‍ ഇതിനെ സംബന്ധിച്ച് പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ കണ്ട് വരുന്നുണ്ടെങ്കിലും ഇതിന്റെ ഉറവിടത്തെ പറ്റിയോ എങ്ങനെ കുട്ടികളെ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ നിന്നും കളിയിലേര്‍പ്പെടുന്നതില്‍ നിന്നും തടയാം എന്നതിനെ പറ്റിയും രക്ഷിതാക്കളെ ബോധവത്കരിക്കുന്ന രീതിയും എല്ലാവരും അറിഞ്ഞിരിക്കണം.

എന്താണ് ബ്ലൂ വെയില്‍? ഇതെങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം? ബ്ലൂ വെയില്‍ എന്ന് കേള്‍ക്കാന്‍ തുടങ്ങിയ മുതല്‍ എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണിത്.. എന്നാല്‍ ബ്ലൂ വെയില്‍ എന്നത് പരമ്പരാഗതമായ രീതിയില്‍ കംബ്യുട്ടര്‍ സോഫ്റ്റ്വെയറില്‍ അധിഷ്ഠിതമായൊരു ഗെയിമോ, അത് ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു ഉറവിടമോ ഇല്ല എന്നതാണ് സത്യം.. സാമൂഹ്യ മാധ്യമങ്ങളിലെ (social networking) ഒരു കൂട്ടം കൗമാരക്കാരുടെ കൂട്ടായ്മയായിട്ടാണ് ബ്ലൂ വെയിലിന്റെ തുടക്കമെന്ന് വേണമെങ്കില്‍ പറയാം.

ബ്ലൂ വെയിലിന്റെ ഉറവിടം അന്വേഷിച്ചു പോയാല്‍ നമ്മള്‍ എത്തുക റഷ്യന്‍ സാമൂഹ്യ മാധ്യമമായ ‘വികോണ്ടാക്‌റ്റെ’ യിലും അതിലെ ഒരു സീക്രട്ട് കമ്മ്യുണിറ്റിയായിരുന്ന ‘f57’-ലുമാണ്. ‘Death Group’ അല്ലെങ്കില്‍ ‘Group of Death’ എന്ന് കുപ്രസിദ്ധി ആര്‍ജിച്ച ഗ്രൂപ്പുകളിലൊന്നായിരുന്നു ‘f57’. വയലന്‍സിനാല്‍ സമ്പന്നമായ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യുക, ആത്മഹത്യയെ മഹത്ത്വവത്കരിക്കുക, ഗ്രൂപ്പ് മെമ്പേഴ്‌സിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ഇത്തരം ഗ്രൂപ്പുകളുടെ പൊതു സ്വഭാവം. ഇത്തരം ഗ്രൂപ്പുകള്‍ നടത്തികൊണ്ടു പോവുന്നതും അംഗങ്ങളാവുന്നതും പ്രധാനമായും കൗമാരക്കാര്‍ ആണെന്നാണ് പറയപ്പെടുന്നത്.

2015 നവംബറില്‍ നടന്ന കമ്പാലിന ഐറീനാ എന്ന കൗമാരക്കാരിയുടെ ആത്മഹത്യ ‘f57’നു റഷ്യന്‍ കൗമാരക്കാര്‍ക്കിടയില്‍ വന്‍ പ്രചാരണം ലഭിക്കാന്‍ ഇടയാക്കി. യഥാര്‍ത്ഥത്തില്‍ ഐറീന ആത്മഹത്യ ചെയ്തത് മാതാപിതാക്കളോടുള്ള അഭിപ്രായ വിത്യാസത്തലോ തന്റെ കാമുകനുമായുള്ള വേര്പിരിയലോ കൊണ്ടാണെന്നുള്ള നിഗമനത്തിലായിരുന്നു അധികൃതരും ബന്ധുക്കളും. എന്നാല്‍ ഈ ആത്മഹത്യയെ ഫലപ്രദമായി ഉപയോഗിച്ച ‘f57’ അഡ്മിന്‍ തങ്ങളാണ് ഐറീനയുടെ ആതമഹത്യയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന ധാരണ മെമ്പേഴ്‌സിന്റെയും വികോണ്ടാക്‌റ്റെ ഉപഭോക്താക്കളുടെയും ഇടയില്‍ പരത്തി. ഇതോട് കൂടി ഗ്രൂപ്പിന് വന്‍ പ്രചുരപ്രചാരം ലഭിക്കുകയുണ്ടായി.

തങ്ങളുടെ ഉപയോഗ നിയമങ്ങള്‍ ലംഘിച്ചു എന്ന കരണത്താല്‍ ‘f57’ നെ വികോണ്ടാക്‌റ്റെ നിരോധിക്കുകയുണ്ടായെങ്കിലും പല പുതിയ പേരുകളിലും സമാന സ്വഭാവമുള്ള കമ്മ്യൂണിറ്റികള്‍ ഉയര്‍ന്ന് വന്നു കൊണ്ടേ ഇരുന്നു. തീവ്ര വയലന്‍സുകള്‍ ഉള്‍പ്പടുന്ന വീഡിയോകള്‍, ആത്മഹത്യയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കാവ്യാത്മക രചനകള്‍ തുടങ്ങിയവയായിരുന്നു ഈ ഗ്രൂപ്പുകളുടെ പൊതു സവിശേഷതകള്‍. ഓരോ അംഗത്തിനും പ്രത്യേകം നമ്പര്‍ നല്‍കിയും ഓരോരുത്തരോടും ചാറ്റിങ്ങിലൂടെ ആത്മഹത്യയെ പറ്റി ‘ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും’ നല്‍കിയും ഈ ഗ്രൂപ്പുകള്‍ തങ്ങളുടെ അംഗങ്ങളുടെ മേല്‍ വ്യക്തമായ ആധിപത്യം സഥാപിക്കുകയുണ്ടായി. സ്റ്റെയിസ് കാമറിന്റെ (Stace Kramer) ’50 Days Before My Suicide’ എന്ന നോവലില്‍ നിന്നാവാം കുപ്രസിദ്ധമായ ഓരോ ദിവസവും വ്യത്യസ്ത ദൗത്യങ്ങള്‍, അവസാനം 50ആം ദിവസം ആത്മഹത്യ എന്ന ആശയത്തിന് വിത്ത് ലഭിച്ചത് എന്ന് കരുതപ്പെടുന്നു. ഫിലിപ്പെ ലിസ്, ഫിലിപ്പ് ഫോക്‌സ് എന്നീ പേരുകളില്‍ വിശേഷിക്കപ്പെട്ടിരുന്ന ഫിലിപ്പ് ബുഡൈകിന്‍ (Philip Budeikin) ആയിരുന്നത്രേ ഈ ഗ്രൂപ്പുകളുടെ പിന്നിലെ പ്രധാന ബുദ്ധി കേന്ദ്രം.

ജലീന മുര്‍സലീവ (Galina Mursalieva) എന്ന ജേര്‍ണലിസ്റ്റ് നോവയാഗസെറ്റ എന്ന റഷ്യന്‍ മാധ്യമത്തില്‍ എഴുതുന്നതോട് കൂടിയാണ് റഷ്യന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ അപകടകാരികളായ ഈ ഗ്രൂപ്പുകളിലേക്ക് ലോക ശ്രദ്ധ പതിയുന്നത്. വസ്തുതകളേക്കാള്‍ വികാരങ്ങള്‍ക്കും ഭീതിജനകമായ വിവരണങ്ങള്‍ക്കുമായിരുന്നു ജലീന തന്റെ ലേഖനത്തില്‍ പ്രാധാന്യം നല്‍കിയത്. ഡെത്ത് ഗ്രൂപ്പുകളുടെ പ്രവര്‍ത്തന ഫലമായി റഷ്യയില്‍ പത്ത് മാസം കൊണ്ട് 130 കൗമാരക്കാര്‍ ആത്മഹത്യ ചെയ്തെന്ന ലേഖനത്തിലെ പ്രസ്താവനകളൊക്കെ ഒരു തെളിവുകളുടെയും പിന്ബലമില്ലാത്തവയായിരുന്നു. പക്ഷെ ജലീനയുടെ ലേഖനം അന്താരാഷ്ട്ര തലത്തില്‍ തന്നെ വന്‍ പ്രസിദ്ധി ആര്‍ജിക്കുകയുണ്ടായി. പ്രസിദ്ധീകരിച്ചു 3 ദിവസത്തിനകം തന്നെ ലേഖനം 30 ലക്ഷത്തോളം ആളുകള്‍ വായിക്കുകയുണ്ടായി.

വിഷയം ഇന്റര്‍നെറ്റില്‍ പ്രചാരണം ലഭിക്കാന്‍ തുടങ്ങിയതോട് കൂടി ഇതുമായി ബന്ധപ്പെട്ട് കെട്ടുകഥകളും വ്യാപിക്കാന്‍ തുടങ്ങി. സൈബറിടത്തില്‍ ചെറു ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന ഡെത്ത് ഗ്രൂപ്പുകള്‍ എന്നറിയപ്പെടുന്ന അനേകം ക്രിമിനല്‍ സംഘങ്ങളെ പറ്റി ചര്‍ച്ച ചെയ്യുന്നതിന് പകരം ‘ബ്ലൂ വെയില്‍’ എന്ന ഒരിക്കലും നിര്മിക്കപ്പെടാതിരുന്ന സോഫ്റ്റ്വയറിലേക്കും അതിനെ നിയന്ത്രിക്കുന്ന അതി ശക്തരായ ബുദ്ധിരാക്ഷസന്മാരിലേക്കും ചര്‍ച്ചകള്‍ വഴിമാറി. ‘White Whale’ ‘Ocean Whale’ ‘Whale Journal’ തുടങ്ങിയ പേരുകളില്‍ സജീവമായിരുന്ന ഡെത്ത് ഗ്രൂപ്പുകളാവാം ‘ബ്ലൂ വെയില്‍’ എന്ന പേരിന്റെ ഉത്ഭവത്തിനു കാരണമായതെന്ന് കരുതപ്പെടുന്നു. അതെന്തായാലും ക്രമേണെ കൗമാരക്കാരുടെ ഇടയിലെ ഏത് ആത്മഹത്യയും ‘ബ്ലൂ വെയിലിന്റെ’ സ്വാധീനം മൂലമാണെന്ന് പ്രചരിക്കാന്‍ തുടങ്ങി. ആഗോള മാധ്യമങ്ങള്‍ തന്നെ ഈ വാര്‍ത്തകള്‍ക്ക് വന്‍ പ്രാധാന്യം നല്കാന്‍ തുടങ്ങിയതോട് കൂടി ബ്ലൂ വെയിലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ലോകമെമ്പാടുമുള്ള സൈബര്‍ ലോകത്ത് കാട്ടു തീ പോലെ പടര്‍ന്നു.

‘ബ്ലൂ വെയിലുമായി’ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതടക്കമുള്ള ഒട്ടു മിക്ക ആത്മഹത്യകളും തെളിവുകളുടെ പിന്‍ബലമില്ലാതെ വെറും ആരോപണങ്ങള്‍ മാത്രമായി ഒടുങ്ങുകയാണ് ചെയ്തത്. 130 റഷ്യന്‍ കൗമാരക്കാരുടെ ജീവന്‍ അപഹരിക്കാന്‍ ചരട് വലിച്ച ‘ബ്ലൂ വെയിലിന്റെ’ സൂത്രധാരന്‍ എന്ന് മാധ്യമങ്ങള്‍ ചിത്രീകരിച്ച ഫിലിപ്പ് ബുഡൈകിനില്‍ രണ്ട് ആത്മഹത്യകളുടെ ഉത്തരവാദിത്തം മാത്രമേ തെളിയിക്കാന്‍ സാധിച്ചുള്ളു എന്നതാണ് വസ്തുത. 22 കാരനായ ഫിലിപ്പ് ബുഡികിന്‍ ആണ് ഈ കൊലയാളി ഗെയിമിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പലരും വിശ്വസിക്കുന്നു. ഇയാള്‍ ഇപ്പോള്‍ മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. റഷ്യന്‍ യുവാക്കളെ സ്വയം വെടിവെച്ച് മരിക്കാന്‍ പ്രേരിപ്പിച്ചതിനാണ് ശിക്ഷ. മനശാസ്ത്ര വിദ്യാര്‍ഥിയായിരുന്നു ഫിലിപ്പ്. മൂന്നു വര്‍ഷത്തോളം ഈ വിഷയം ഫിലിപ്പ് പഠിച്ചു. പിന്നീട് കോളജില്‍ നിന്ന് പുറത്താക്കി. ഇതോടെയാണ് ബ്ലൂ വെയിലിന്റെ സൃഷ്ടികര്‍മത്തിലേക്ക് ഫിലിപ്പ് കടന്നതെന്ന് മറ്റൊരു കഥ.

മാനസിക ദൌര്‍ബല്യം നേരിടുന്നവരെ ബയോളജിക്കല്‍ വേസ്റ്റ് അഥവാ ഭൂമിക്ക് ഭാരമായവര്‍ എന്നാണ് ഫിലിപ്പ് വിശേഷിപ്പിക്കുന്നത്. അത്തരക്കാര്‍ ജീവിച്ചിരിക്കാന്‍ അര്‍ഹരല്ലത്രേ. അതുകൊണ്ട് തന്നെ അവരെ കൊണ്ട് സ്വന്തം ജീവനെടുക്കാന്‍ പ്രേരിപ്പിക്കുന്ന മരണക്കളിക്ക് കോഡുകള്‍ നിര്‍മിക്കുന്നതിലേക്ക് ഫിലിപ്പ് കടന്നു. മാനസിക നില അടിക്കടി മാറുന്ന അപകടരമായ ഒരു മനോവൈകല്യമായ ബൈപോളാര്‍ ഡിസോഡറിന് അടിമയാണ് താനെന്ന് പിടിക്കപ്പെട്ടപ്പോള്‍ ഫിലിപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.എന്നിരുന്നാലും പ്രായത്തിലും പക്വതയിലും ഇളയതായ കൗമാരക്കാരെ വലയിലാക്കാന്‍ ഡെത്ത് ഗ്രൂപ്പുകള്‍ എന്ന ചതിക്കുഴികള്‍ സമൂഹ മാധ്യമങ്ങളില്‍ നിലനില്‍ക്കുന്നു എന്നത് ഭയപ്പെടേണ്ടതും അത്യന്തം ശ്രദ്ധ വേണ്ടതുമായ ഒരു യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നു.

‘ബ്ലൂ വെയിലുമായി’ ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഇത്രയേറെ പ്രചാരം ലഭിച്ച സ്ഥിതിക്ക് ഇതേ പേരില്‍ ദുഷ്ട പ്രോഗ്രാമുകളോ ഗെയിമുകളോ വെബ്‌സൈറ്റോ സൃഷ്ടിക്കപ്പെടാനോ ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കാനോ ഉള്ള സാധ്യതകള്‍ സാങ്കേതിക വിദഗ്ദ്ധര്‍ തള്ളികളയുന്നില്ല. എന്നാല്‍ കോടാനു കോടി വെബ്സൈറ്റുകള്‍ പരിശോധിച്ച് ഇത്തരം പ്രോഗ്രാമുകളെ ബ്ലോക്ക് ചെയ്യുക എന്നത് പ്രയോഗികമല്ലാത്തതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ അടിസ്ഥാനപരമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക എന്നത് മാത്രമാണ് പോവഴി എന്ന് സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയ്ല്‍. അതായത് ഇത് കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് രീതി. ഗെയിം തുടങ്ങുമ്പോള്‍ തന്നെ ചില നിര്‍ദ്ദേശങ്ങളെത്തും. രാത്രി ഒറ്റയ്ക്ക് ഇരുന്ന് ഹൊറര്‍ സിനിമകള്‍ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയില്‍ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകള്‍ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥര്‍ പറയുന്നു.

ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഇത്തരത്തില്‍ നൂറോളം പേര്‍ റഷ്യയില്‍ മാത്രം മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചലഞ്ച് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്നും പുറത്ത് പോകാനുമാകില്ല. ഈ ആപ്ലിക്കേഷന്‍ ഒരിക്കല്‍ സ്വന്തം ഫോണില്‍ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. മാത്രവുമല്ല ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡവലപ്പേഴ്‌സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകും. ഇതൊക്കെയാണ് ഈ ഗെയിമുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍.

ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ബോധ്യപ്പെടുത്തുന്നതോടൊപ്പം തന്നെ ഇന്റര്‍നെറ്റില്‍ പതിയിരിക്കുന്ന അപകടങ്ങളെ പറ്റിയും ഇളം പ്രായക്കാരെ ബോധ്യപ്പെടുത്തുക. ആന്റി വൈറസ് പോലുള്ള പ്രാഥമിക സുരക്ഷാ സാമഗ്രികള്‍ കംപ്യുട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും പ്രവര്‍ത്തന സജ്ജമാണെന്നു ഉറപ്പ് വരുത്തുക. വിശ്വാസയോഗ്യമല്ലെന്ന് കരുതുന്ന വെബ്സൈറ്റുകളോ ഈമെയിലുകളോ ഹൈപ്പര്‍ ലിങ്കുകളോ തുറന്നു നോക്കാതിരിക്കുക. കുട്ടികള്‍ ഇന്റര്‍ നെറ്റും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്നത് തങ്ങളുടെ അറിവോടെയും നിയന്ത്രണ വിധേയമായിട്ടും മാത്രമാണെന്ന് ഉറപ്പ് വരുത്തുക. വയലന്‍സ് പോലെ ഉള്ളവ ഉള്‍പ്പെടുന്ന പ്രായപൂര്‍ത്തിയയായവര്‍ക്ക് മാത്രമുള്ള ഓണ്‍ലൈന്‍ / ഓഫ്ലൈന്‍ ഗെയിമുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നില്ലെന്നു ഉറപ്പ് വരുത്തുക. കുട്ടികള്‍ ഇന്റര്‍നെറ്റില്‍ അമിത സമയം ചെലവഴിക്കുന്നതും, രഹസ്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതുമൊക്കെ ഇത് പോലുള്ള ചതിക്കുഴികളിലകപ്പെട്ടതിന്റെ ലക്ഷണങ്ങളായിട്ടാണ് വിദഗ്ദ്ധര്‍ ചൂണിക്കാട്ടുന്നത്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കാര്യ ഗൗരവം മനസ്സിലാക്കി അവരെ നിരീക്ഷിക്കുകയും വേണ്ടി വന്നാല്‍ വിദഗ്ദ്ധ സഹായം നല്‍കുകയും ചെയ്യുക.

 

 
എ എം

Share this news

Leave a Reply

%d bloggers like this: