കൊലയാളിക്ക് വിട്ടുകൊടുക്കാതെ തന്റെ വിദ്യാര്‍ത്ഥികളെ കാത്തു; ഇന്ത്യന്‍ വംശജയായ ടീച്ചറെ അഭിനന്ദിച്ച് അമേരിക്ക

 

15 വിദ്യാര്‍ത്ഥികളും രണ്ട് ജീവനക്കാരും ഉള്‍പ്പെടെ 17 പേരുടെ കൊലപാതകങ്ങള്‍ക്ക് കാരണമായ ഫ്ളോറിഡയിലെ ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ നിന്നും തന്റെ വിദ്യാര്‍ത്ഥികളെ കാത്തുസൂക്ഷിച്ച ഇന്ത്യന്‍ വംശജയായ അധ്യാപിക ശാന്തി വിശ്വനാഥിനെ വാഴ്ത്തുകയാണ് അമേരിക്ക. ശാന്തി വിശ്വനാഥന്റെ ധീരതയേയും ബുദ്ധിയേയും അമേരിക്കന്‍ മാധ്യമങ്ങളും മാതാപിതാക്കളും പുകഴ്ത്തുകയാണ്. പൊലീസും അവരുടെ നടപടിയെ അഭിനന്ദിക്കുന്നുണ്ട്.

ബീജഗണിത അധ്യാപികയായ ശാന്തി ക്ലാസ് എടുത്തുകൊണ്ടിരിക്കവെയാണ് രണ്ടു തവണ അപായ സൂചനയോടെയുള്ള ആലാറം മുഴങ്ങിയത്. അപകടം തിരിച്ചറിഞ്ഞ ശാന്തി വേഗം ക്ലാസ് റൂമിന്റെ വാതിലും ജനാലകളും അടച്ചു. കുട്ടികളോട് തറയില്‍ പതുങ്ങിയിരിക്കാനും ആവശ്യപ്പെട്ടു. അക്രമിയുടെ കണ്ണില്‍ തന്റെ കുട്ടികള്‍ പെടരുതെന്നായിരുന്നു ശാന്തിയുടെ കണക്കുകൂട്ടല്‍.

അതിനുശേഷം അവര്‍ പ്രധാനവാതിലിന്റെ പിന്നില്‍ വന്നു നിലയുറപ്പിച്ചു. കുറെ സമയം കഴിഞ്ഞ് വാതിലില്‍ മുട്ടു കേട്ടു. എന്നാല്‍ ശാന്തി വാതില്‍ തുറക്കാന്‍ തയ്യാറായില്ല. അക്രമിയാണ് പുറത്തെന്നായിരുന്നു ടീച്ചര്‍ കരുതിയത്. എന്നാല്‍ പൊലീസ് സംഘമായിരുന്നു അത്. പക്ഷേ, ടീച്ചര്‍ വാതില്‍ തുറക്കാന്‍ വിസമ്മതിച്ചു. അക്രമിയുടെ തന്ത്രമായിരിക്കാം എന്ന ഭയത്താലായിരുന്നു അത്. താക്കോല്‍ ഉപയോഗിച്ച് നിങ്ങള്‍ തുറക്കൂ, അല്ലാതെ ഞാനീ വാതില്‍ തുറക്കില്ല; ടീച്ചര്‍ വിളിച്ചു പറഞ്ഞു. എന്തുവന്നാലും തന്റെ കുട്ടികളെ അക്രമിക്കു വിട്ടുകൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ശാന്തിയുടെ ആ വാക്കുകള്‍. പിന്നീട് ജനല്‍ വാതില്‍ തകര്‍ത്താണ് പൊലീസ് സംഘം ക്ലാസ് മുറിയില്‍ കടന്നതും ശാന്തിയെ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളെയെല്ലാം രക്ഷപ്പെടുത്തിയതും.

നിക്കോളസ് ക്രൂസ് എന്ന 19 കാരനാണ് ഫ്ളോറിഡയിലെ പാര്‍ക്ക്ലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈ സ്‌കൂളില്‍ വെടിവയ്പ്പ് നടത്തി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 17 പേരെ കൊന്നത്. ഇയാള്‍ ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. അച്ചടക്കനടപടിയുടെ മേല്‍ ക്രൂസിനെ പുറത്താക്കുകയായിരുന്നു. വെടിവയ്പ്പിനു ശേഷം ക്രൂസ് പൊലീസിനു കീഴടങ്ങിയിരുന്നു.

ഹൈസ്‌കൂളിലെ ആദ്യ നിലയിലുള്ള അഞ്ചു ക്ലാസ് മുറികളിലും, രണ്ടാം നിലയിലെ ഒരു ക്ലാസ് മുറിയിലും നിക്കോളാസ് വെടിവയ്പ് നടത്തി. വരാന്തയിലും, ഗ്രൗണ്ടിലും കണ്ടുവരെ വെടിവയ്ക്കാനും നിക്കോളാസ് മടിച്ചില്ല. മൂന്നു മിനിറ്റ് നീണ്ട വെടിവയ്പ് അവസാനിക്കുമ്പോള്‍ മൂവായിരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം പെയ്തിറങ്ങുകയായിരുന്നു.

മൂന്നാം നിലയില്‍ എത്തി തോക്കും, വെടിക്കോപ്പ് അടങ്ങിയ ബാക്ക്പായ്ക്കും അവിടെ ഉപേക്ഷിച്ച ശേഷം ബഹളത്തിനിടയിലൂടെ നിക്കോളാസ് സ്‌കൂള്‍ കോമ്പൗണ്ടിനു പുറത്തു കടന്നു. സമീപത്തുള്ള വാള്‍മാര്‍ട്ടിലെ സബ്വേയില്‍ കയറി ജ്യൂസ് കഴിച്ച ശേഷം മക്ഡൊണ്‍ള്‍ഡ്സിലേക്കു പേയി. ഇവിടെ നിന്ന് പുറത്തു കടന്ന് 40 മിനിറ്റിനകം പോലീസ് നിക്കോളാസിനെ പിടികൂടി. കഴിഞ്ഞ വര്‍ഷം വരെ സ്‌കൂളിലുണ്ടായിരുന്ന നിക്കോളാസിനെ തിരിച്ചറിയുക ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: