കൊടുങ്കാറ്റുകള്‍ വന്നത് അനുഗ്രഹവും ആയേക്കും; അയര്‍ലണ്ടില്‍ ഇന്ത്യന്‍ സമ്മര്‍ ഇനിയും തുടരുമെന്ന് കാലാവസ്ഥാ പ്രവചനം

ഡബ്ലിന്‍: കഴിഞ്ഞ ആഴ്ചയില്‍ ഒന്നിനുപിന്നാലെ ഒന്നായി എത്തിയ ചുഴലിക്കൊടുങ്കാറ്റുകള്‍ അയര്‍ലന്റിനെയാകെ വെള്ളത്തില്‍ മുക്കിയെങ്കിലും വരും ദിനങ്ങളില്‍ അത് അനുഗ്രഹമായി മാറിയേക്കാമെന്നാണ് കാലാവസ്ഥ അധികൃതര്‍ നല്‍കുന്ന സൂചന. ഇനി ആഴ്ചകളോളം നീണ്ടുനില്ക്കുന്ന ഇന്ത്യന്‍ സമ്മര്‍ ആകും അയര്‍ലണ്ടില്‍ അനുഭവപ്പെടുക. ദിവസങ്ങളോളം അടുപ്പിച്ച് തെളിഞ്ഞ സൂര്യനെ കാണുവാന്‍ കഴിയുമെന്നും മെറ്റ് ഐറാന്റെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആഴ്ചയില്‍ താപനില 21 ഡ്രിഗ്രി സെല്‍ഷ്യസ് വരെ ഉയരാം.

രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ മഴ മാറ്റിനിര്‍ത്തിയാല്‍ ഈ ആഴ്ച പൊതുവെ വരണ്ട കാലാവസ്ഥയാകും. ആഴ്ചാവസാനത്തോടെ രാജ്യത്തിന്റെ ഏകദേശം ഒട്ടുമിക്ക പ്രദേശങ്ങളിലും ചൂടും വെയിലുമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുക. അധികം കടുത്തതല്ലാത്ത തണുത്തുവരണ്ട കാറ്റും ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.

കഴിഞ്ഞയാഴ്ച അവസാനം ആഞ്ഞടിച്ച അലി കൊടുങ്കാറ്റും അതിനുശേഷം വന്ന ബ്രോണ കൊടുങ്കാറ്റും രാജ്യത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ഗതാഗത തടസ്സങ്ങളും നാശനഷ്ടങ്ങളും വരുത്തിയിരുന്നു. രണ്ടുജീവനുകളും നഷ്ടപ്പെടുത്തിയാണ് ഈ കാറ്റുകള്‍ കടന്നുപോയത്.

ഒക്ടോബറിലും ചൂടുള്ള ദിനങ്ങളും വരണ്ട കാലാവസ്ഥയും തുടരും. മഞ്ഞുകാലം കാര്യമായി അനുഭവപ്പെട്ടു തുടങ്ങുക നവംബര്‍ രണ്ടാം വാരത്തിനുശേഷവും ആയിരിക്കും. എങ്കിലും ഇത്തവണത്തെ മഞ്ഞുകാലം മുന്‍വര്‍ഷത്തേതിനേക്കാള്‍ ശൈത്യമേറിയതുമായേക്കാമെന്നും മെറ്റ് ഓഫീസ് സൂചന നല്‍കുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: