കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഡിസംബര്‍ 10നും ഇരുപതിനും ഇടയില്‍

കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഡിസംബര്‍ 10നും ഇരുപതിനും ഇടയില്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദ്യഘട്ട പദ്ധതി പൂര്‍ത്തിയാക്കാന്‍ തടസങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിയുടെ ഉദ്ഘാടനത്തോടൊപ്പം രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും ഡിസംബറില്‍ നടത്തും. ഇതിനുള്ള നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുന്നതോടെ ആറായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒന്നാംഘട്ടത്തിന്റെ നിലവിലെ അവസ്ഥയും കോ ഡെവലപ്പര്‍മാരുടെ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പുരോഗതിയും യോഗം വിലയിരുത്തി. സ്മാര്‍ട്ട് സിറ്റി ചെയര്‍മാന്‍ കൂടിയായ വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി കെ. ബാബു, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലി, സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ ഡോ. ബാജു ജോര്‍ജ്, ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: