കൊച്ചി മെട്രോയില്‍ ഇനി തൈക്കുടം വരെ യാത്ര ചെയ്യാം; സര്‍വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു…

കൊച്ചി മെട്രോയുടെ പുതിയ പാതയിലുടെയുള്ള സര്‍വീസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഇതോടൊപ്പം വാട്ടര്‍ മെട്രോയുടെ ആദ്യ ടെര്‍മിനലിന്റെയും പേട്ട എസ് എന്‍ ജംഗ്ഷന്റെയും നിര്‍മ്മാണോല്‍ഘാടനവും നടന്നു.

കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി മുഖ്യാതിഥിയായ ചടങ്ങിലാണ്. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെ 5.5 കിലോമീറ്റര്‍ പാതയാണ് ഇന്ന് യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നത്. തൃപ്പൂണിത്തുറ പേട്ടയില്‍ നിന്ന് എസ്.എന്‍ ജങ്ഷനിലേക്കുള്ള നിര്‍മ്മാണപ്രവൃത്തികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള 5.65 കിലോമീറ്റര്‍ വരുന്ന മെട്രോ പാതയില്‍ അഞ്ച് സ്റ്റേഷനുകളാണുള്ളത്. ഓരോന്നും വ്യത്യസ്ത ആശയങ്ങള്‍ മുന്‍നിര്‍ത്തി ഒരുക്കിയിരിക്കുന്നു. പുതിയ അഞ്ച് സ്റ്റേഷന്‍ കൂടി വരുന്നതോടെ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ആകെ ദൂരം 23.81 കിലോമീറ്ററും. 25 കിലോമീറ്ററെന്ന ആദ്യഘട്ട ലക്ഷ്യത്തിലേക്ക് ഇനി ഒരു സ്റ്റേഷന്റെ ദൂരം മാത്രമാണ് ബാക്കിയുള്ളതെന്നതും ശ്രദ്ധേയമാണ്. 60 രൂപയാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ബുധനാഴ്ച(സെപ്റ്റംബര്‍ നാല്) മുതല്‍ പതിനാല് ദിവസത്തേക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കുമെന്നും കെ എംആര്‍എല്‍ അറിയിച്ചു.

2017 ജൂണ്‍ 17-നാണ് ആലുവയില്‍നിന്ന് പാലാരിവട്ടത്തേക്ക് മെട്രോ സര്‍വീസ് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു 13.2 കിലോമീറ്റര്‍ ദൂരം വരുന്ന പാത രാജ്യത്തിന് സമര്‍പ്പിച്ചത്. അതേവര്‍ഷം ഒക്ടോബര്‍ മൂന്നിന് അഞ്ച് കിലോമീറ്റര്‍ കൂടി പിന്നിട്ട് മഹാരാജാസ് കോളേജിലേക്ക് ദീര്‍ഘിപ്പിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: