കൊച്ചി എയര്‍പോര്‍ട്ട് റണ്‍വേ നവീകരണം: 2020 മാര്‍ച്ച് 28 വരെ പകല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി…

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ പദ്ധതിക്ക് ബുധനാഴ്ച തുടക്കമാകും. 2020 മാര്‍ച്ച് 28 വരെ ഇനി പകല്‍ സമയം വിമാനസര്‍വീസുകള്‍ ഉണ്ടാകില്ല. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റണ്‍വെ അടയ്ക്കും. വൈകീട്ട് ആറിന് തുറക്കും. മിക്ക സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചിട്ടുള്ളതിനാല്‍ 5വിമാന സര്‍വീസുകള്‍ മാത്രമാണ് റദ്ദുചെയ്യപ്പെട്ടത്.

റണ്‍വെ റീസര്‍ഫസിങ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം മുന്‍പ് തന്നെ സിയാല്‍ ആസൂത്രണം തുടങ്ങിയിരുന്നു. വിമാന കമ്പനികള്‍ പൂര്‍ണ സഹകരണം ഉറപ്പാക്കിയതോടെ വ്യാപകമായ സര്‍വീസ് റദ്ദാക്കലുകള്‍ ഒഴിവാക്കാനായി. സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സര്‍വീസുകളും റദ്ദാക്കപ്പെട്ടു. അതേസമയം, ഒക്ടോബര്‍ അവസാനവാരം നടപ്പിലായിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയില്‍ നിരവധി സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുമുണ്ട്.

കൊച്ചി വിമാനത്താവളത്തില്‍ പ്രതിദിനം 30,000 യാത്രക്കാരേയും 240 സര്‍വീസുകളേയും കൈകാര്യം ചെയ്യുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തന സമയം ബുധനാഴ്ചമുതല്‍ 16 മണിക്കൂര്‍ ആയി ചുരുങ്ങുകയാണ്. രാവിലേയും വൈകീട്ടും തിരക്കു പ്രതീക്ഷിക്കുന്നുണ്ട്. ഇത് പരിഗണിച്ച് ചെക്ക്ഇന്‍ സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മുന്‍പ് തന്നെ ചെക്ക്ഇന്‍ നടത്താം. രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുമ്ബും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. യാത്രക്കാര്‍ക്ക് പരമാവധി സേവനം ഉറപ്പുവരുതുന്നതിന്റെ ഭാഗമായി കസ്റ്റംസ്, ഇമിഗ്രേഷന്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സികള്‍, സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളുടെ സഹകരണം സിയാല്‍ ഉറപ്പാക്കിയിട്ടുണ്ട്. 100 സുരക്ഷാ ഭടന്‍മാരെ കൂടി സി.ഐ.എസ്.എഫ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സി.ഐ.എസ്.എഫ് അംഗബലം 950 ആയി ഉയര്‍ന്നു. വരുന്ന ആഴ്ചകളില്‍ 400 പേര്‍ കൂടി എത്തുമെന്നും സി.ഐ.എസ്.എഫ് അറിയിച്ചിട്ടുണ്ട്.

1999ല്‍ പ്രവര്‍ത്തനം തുടങ്ങിയ കൊച്ചി വിമാനത്താവളത്തില്‍ 2009ല്‍ ആണ് ആദ്യ റണ്‍വെ റീസര്‍ഫസിങ് നടത്തിയത്. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമാണ് റണ്‍വെയ്ക്കുള്ളത്. വര്‍ഷങ്ങളുടെ ഉപയോഗത്തില്‍ റണ്‍വെയുടെ മിനുസം കൂടും. ഇത് വിമാനങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിങ്ങിന് നല്ലതല്ല. വിമാനങ്ങള്‍ കൃത്യമായ സ്ഥലത്ത് ലാന്‍ഡ് ചെയ്യണമെങ്കില്‍ റണ്‍വെയ്ക്ക് നിശ്ചത തോതിലുള്ള ഘര്‍ഷണം ഉണ്ടാകണം. റണ്‍വെയുടെ പ്രതലം പരുക്കനായി നിലനിര്‍ത്തേണ്ടതുണ്ട്. ഇത് ഉറപ്പുവരുത്താനാണ് റീസര്‍ഫസിങ് നടത്തുന്നത്. റണ്‍വെ, ടാക്സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റര്‍ഭാഗത്താണ് റീസര്‍ഫിങ് ജോലികള്‍ നടക്കുന്നത്. സമാന്തരമായി റണ്‍വെയുടെ ലൈറ്റിങ് സംവിധാനം നിലവിലെ കാറ്റഗറി1 വിഭാഗത്തില്‍ നിന്ന് കാറ്റഗറി3 വിഭാഗത്തിലേയ്ക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനവും നടക്കും. ഇതോടെ റണ്‍വെയുടെ മധ്യരേഖയില്‍ നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ ലൈറ്റുകള്‍ സ്ഥാപിക്കപ്പെടും.

150 കോടി രൂപയാണ് റണ്‍വെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവ്. കാലാവസ്ഥ അനുകൂലമായ സമയം എന്ന നിലയ്ക്കാണ് നവംബര്‍-മാര്‍ച്ച് റണ്‍വെ നവീകരണ പ്രവര്‍ത്തനത്തിന് സിയാല്‍ തിരഞ്ഞെടുത്തത്.

Share this news

Leave a Reply

%d bloggers like this: