കൊച്ചിയില്‍ ഡേകെയറിലെ കുട്ടികളുമായി പോയ ബസ് കുളത്തിലേക്ക് മറിഞ്ഞു മൂന്നുപേര്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ ഡേ കെയര്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. കിഡ്‌സ് വേള്‍ഡ് എന്ന ഡേ കെയര്‍ സെന്ററിലെ കുട്ടികളുമായി പോയ വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്.

വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളും ഡെ കെയര്‍ സെന്ററിലെ ആയ ലതാ ഉണ്ണിയുമാണ് മരിച്ചത്. വാന്‍ ഡ്രൈവര്‍ ഗുരുതര നിലയില്‍ തൃപ്പൂണിത്തുറ പി.എസ് മിഷന്‍ ആശുപത്രി ഐസിയുവിലാണുള്ളത്. ഒരു കുട്ടി മറ്റൊരു സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. എട്ടു കുട്ടികളും ആയയും ഡ്രൈവറുമാണ് വാനില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ അഞ്ചു കുട്ടികളെ വീടുകളില്‍ ഇറക്കിയ ശേഷം മറ്റു മൂന്നു കുട്ടികളുമായി പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് സമീപവാസികള്‍ പറയുന്നു.

ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് അപകടമുണ്ടായത്. കിഡ്‌സ് വേള്‍ഡ് എന്ന ഡേ കെയര്‍ സ്ഥാപനത്തിന്റെ വാനാണ് കുളത്തിലേക്ക് മറിഞ്ഞത്. എട്ടു കുട്ടികളുമായിട്ടാണ് ഡേ കെയറില്‍ നിന്നും വാഹനം പുറപ്പെട്ടത്. അഞ്ച് കുട്ടികളെ വീടുകളില്‍ എത്തിച്ച ശേഷം മൂന്ന് പേരെ കൂടി ഇറക്കാന്‍ പോകുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച വാഹനം റോഡില്‍ നിന്നും തെന്നി കുളത്തിലേക്ക് മറിയുകയായിരുന്നു.

അപകടവിവരം അറിഞ്ഞ് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പിന്നാലെ ഫയര്‍ഫോഴ്‌സും പോലീസും എത്തി. മറിഞ്ഞ വാഹനത്തില്‍ നിന്നും കുട്ടികളെയും ആയയെയും പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സിറ്റി പോലീസ് കമ്മീഷണര്‍, ജില്ലാ കളക്ടര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തും ആശുപത്രിയിലും എത്തി സ്ഥിഗതികള്‍ വിലയിരുത്തി. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വാന്‍ ഉയര്‍ത്തി കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

ഒരു വര്‍ഷം മുന്‍പ് ഇതേ സ്ഥലത്ത് ടിപ്പര്‍ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു. കുളത്തിന്റെ വക്കില്‍ സംരക്ഷണ ഭിത്തിയില്ലാത്തതാണ് അപകടത്തിലേക്ക് നയിച്ചത്. ടിപ്പര്‍ അപകടമുണ്ടായ ശേഷം സംരക്ഷണ ഭിത്തി വേണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: