കൊച്ചയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ്: യുക്മ ഓണ്‍ലൈന്‍ പെറ്റീഷന്‍ കാമ്പയ്ന്‍ ആരംഭിച്ചു

ലണ്ടന്‍: ഹീത്രു വിമാനത്താവളത്തില്‍ നിന്നു കൊച്ചയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് എന്ന ആവശ്യവുമായി ഓണ്‍ലൈന്‍ പെറ്റീഷന്‍ കാമ്പയ്ന്‍ ആരംഭിച്ചു.യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയനാണ് കാമ്പയ്‌നിനു നേതൃത്വം നല്‍കുന്നത്. യുകെ മലയാളികളുടെ നീണ്ടകാലത്തെ ആഗ്രഹം സഫലമാക്കുന്നതിനായാണ് കൊച്ചയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് എന്ന ആവശ്യവുമായി പെറ്റീഷന്‍ കാമ്പയിന് തുടക്കം കുറിച്ചിട്ടുള്ളത്. കൊച്ചി എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടറുടെ ശ്രദ്ധയിലേക്ക് പ്രശ്‌നം ഉയര്‍ത്തുന്നതാണ് കാമ്പയ്‌നിലൂടെ ലക്ഷ്യമിടുന്നതെന്ന് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ പറഞ്ഞു.

പ്രതിവര്‍ഷം ആയിരക്കണക്കിന് മലയാളികള്‍ ഹീത്രു വിമാനത്താവളത്തില്‍നിന്നു കേരളത്തിലേക്കു യാത്ര ചെയ്യുന്നു. ദിവസേന ശരാശരി 600 മലയാളികള്‍ എന്ന കണക്കാണ് ഏറ്റവും ഉചിതം. കൂടാതെ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച വിസ ഓണ്‍ അറൈവല്‍ വഴിയും ധാരാളം ടൂറിസ്റ്റുകള്‍ കേരളത്തിലെത്തുന്നു. ഇവര്‍ക്കെല്ലാം നിലവിലെ ട്രാന്‍സിസ്റ്റ് യാത്ര പ്രകാരം കണക്റ്റഡ് ഫ്‌ളൈറ്റിനുവേണ്ടി മണിക്കൂറുകളാണ് എയര്‍പോര്‍ട്ടുകളില്‍ ചിലവഴിക്കേണ്ടി വരുന്നത്. കൂടാതെ യാത്രക്കാര്‍ക്കു വന്‍ സാമ്പത്തിക നഷ്ടവും സംഭവിക്കുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കൊച്ചിയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് എന്ന ആവശ്യം യുകെ മലയാളികള്‍ ഉയര്‍ത്തുന്നത്.

ആധുനിക സൗകര്യത്തോട് കൂടിയ ടെര്‍മിനല്‍ 3 വന്നതോടെ കൊച്ചി എയര്‍പോര്‍ട്ട് ഏതൊരു അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനോടും കിടപിടിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു. ധാരാളം പുതിയ ഫ്‌ളൈറ്റ് സര്‍വീസുകള്‍ തുടങ്ങാനും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനും കൊച്ചി എയര്‍പോര്‍ട്ടിന് ഇപ്പോള്‍ സാധിക്കും. ഈ അനുകൂല സാഹചര്യംമുതലെടുത്ത് ഡയറക്ട് ഫ്‌ളൈറ്റ് എന്ന പ്രശ്‌നം പരിഹരിക്കണമെന്നും യുകെ മലയാളികള്‍ ആവശ്യപ്പെടുന്നു.യുകെയിലെ മലയാളികളുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെ കൊച്ചി എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ക്ക് കൊടുക്കുന്ന പെറ്റീഷനില്‍ ഏവരും ഒറ്റക്കെട്ടായി പങ്കുചേര്‍ന്ന് കാമ്പയ്ന്‍ വിജയിപ്പിക്കണമെന്ന് താല്‍പര്യപ്പെടുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങള്‍ക്കും ഈ ഓണ്‍ലൈന്‍ പെറ്റീഷനില്‍ പങ്കാളിയാകാവുന്നതാണ്.

CLICK HERE FOR petition

 

Share this news

Leave a Reply

%d bloggers like this: