കൊക്കയിലേക്ക് വീണ യുവതിയെ ഒരാഴ്ചക്ക് ശേഷം രക്ഷപ്പെടുത്തി; യുവതി ജീവന്‍ നിലനിര്‍ത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്

കാലിഫോര്‍ണിയ: യു.എസിലെ കാലിഫോര്‍ണിയയില്‍ കൊക്കയിലേക്ക് വീണ ജീപ്പില്‍നിന്ന് ഒരാഴ്ചക്ക് ശേഷം യുവതിയെ രക്ഷപ്പെടുത്തി. ആന്‍ജല ഹെര്‍നാന്‍സ് എന്ന 23കാരിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ദിവസങ്ങളായി കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് 200 അടി താഴ്ചയുള്ള കൊക്കയില്‍ ഇവരെ കണ്ടെത്തിയത്. ബോധം നഷ്ടപ്പെടാതെ കണ്ടെത്തിയ ഇവര്‍ക്ക് ചുമലില്‍ സാരമായ പരിക്കുണ്ട്. ഇത്രയും നാള്‍ ജീവന്‍ നിലനിര്‍ത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ്. കാലിഫോര്‍ണിയയിലെ പ്രസിദ്ധമായ തീരദേശ ഹൈവേയില്‍നിന്നാണ് ഇവര്‍ താഴേക്ക് പതിച്ചത്.

ജൂലൈ ആറിന് കാണാതായ ആന്‍ജലയ്ക്കായി വ്യാപക തെരച്ചില്‍ നടത്തിവരുകയായിരുന്നു. വെള്ളിയാഴ്ച ബിഗ് സുര്‍ മേഖലയില്‍ മലകയറ്റവിനോദത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് കടലിനോടു ചേര്‍ന്ന കൊക്കയില്‍ തകര്‍ന്ന കാറിനൊപ്പം അവശയായ ആന്‍ജലയെ കണ്ടെത്തിയത്. മുകളിലെത്തിച്ചശേഷം ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ച യുവതി സുഖം പ്രാപിച്ചുവരികയാണ്.

ഡ്രൈവിങ്ങിനിടെ മുന്നില്‍പ്പെട്ട മൃഗത്തെ രക്ഷിക്കാന്‍ വെട്ടിച്ചപ്പോഴാണ് താഴ്ചയിലേക്ക് വീണതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. പോര്‍ട്‌ലാന്‍ഡില്‍നിന്ന് ലോസ് ആഞ്ജലസിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. അപകടം ആരും കാണാത്തതിനാല്‍ ഇവര്‍ ദിവസങ്ങള്‍ കൊക്കയില്‍ അകപ്പെടുകയായിരുന്നു. ജീവന്‍ നിലനിര്‍ത്തുന്നതിന് തകര്‍ന്ന ജീപ്പിന്റെ റേഡിയേറ്ററിലെ വെള്ളം കുടിച്ചതായും ഇവര്‍ രക്ഷാപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: