കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റില്‍ ദേശീയ പതാക കത്തിക്കുന്ന ചിത്രവും, പാകിസ്താന്‍ അനുകൂല മുദ്രാവാക്യവും

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യവും, ദേശീയ പതാക കത്തിക്കുന്നതിന്റെ ചിത്രവും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. kerala.gov.in എന്ന സൈറ്റാണ് ഹാക്ക് ചെയ്തത്. ഹാക്ക്ഡ് ബൈ ഫൈസല്‍ എന്നു കാണിക്കുന്നതിനൊപ്പം സുരക്ഷ എന്നതൊരു മായിക സങ്കല്‍പ്പമാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എക്.ക്യു.എല്‍ ഇന്‍ജക്ഷന്‍ എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇയാള്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്.

പാക് സൈബര്‍ അറ്റാക്കര്‍ ടീമാണ് ഞങ്ങളെന്ന് സൈറ്റില്‍ എഴുതിയിട്ടുണ്ട്. 2009 മുതല്‍ സൈബര്‍ സുരക്ഷാ വീഴ്ചകള്‍ കണ്ടത്തി വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുകയാണ് ഫൈസല്‍ എന്നയാളുടെ ഹോബിയെന്നും ഇയാളുടെ ഫേസ്്ബുക്ക് പ്രൊഫൈല്‍ വ്യക്തമാക്കുന്നുണ്ട്. ഇയാളുടെ സ്വകാര്യ വെബ്‌സൈറ്റ് ബ്രിട്ടണിലുള്ള വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

സര്‍ക്കാരുമായി ബന്ധപ്പെട്ടുളള വിവരങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്ന സൈറ്റാണ് ഇത്. ഇന്നു രാവിലെയാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്. ആരാണ് ഇതിനു പിറകില്‍ എന്നതിനെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നും, അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സ്‌റ്റേറ്റ് ഡാറ്റ സെന്റര്‍ തകരാറുകള്‍ പരിഹരിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഹാക്ക് ചെയ്യപ്പെട്ടത് സൈറ്റ് മാത്രമാണെന്നും സെര്‍വറിന് കുഴപ്പമൊന്നും ഇല്ലെന്നും സി-ഡിറ്റ് വ്യക്തമാക്കി. ഇന്നലെ അര്‍ധരാത്രിയാകാം സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് അതീവ ഗൗരവമുളള വിഷയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: