കേരള പുനര്‍നിര്‍മ്മാണത്തിന് പണം സ്വീകരിക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് അംഗീകാരം

പ്രളയക്കെടുതി മൂലം വ്യാപകമായി നാശനഷ്ടം സംഭവിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പണം സ്വീകരിക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വ്യവസായമന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ക്രൗഡ് ഫണ്ടിംഗിനുള്ള രൂപരേഖ അംഗീകരിച്ചത്.

ക്രൗഡ് ഫണ്ടിംഗിലൂടെ പ്രധാനമായും പ്രവാസികളുടെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വീടുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുടെ പുനര്‍ നിര്‍മാണത്തിനാണ് സഹായം തേടുക. ഒന്നുകില്‍ നിര്‍മ്മാണത്തിനുള്ള പണം നല്‍കാം, അല്ലെങ്കില്‍ സ്വന്തം നിലയില്‍ നിര്‍മാണം ഏറ്റെടുക്കാം. അതുമല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിര്‍മ്മാണ ഏജന്‍സിക്കും പണം നല്‍കാം. പ്രളയക്കെടുതി മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മന്ത്രിസഭാ യോഗം വിലയിരുത്തി.

കഴിഞ്ഞ മാസം 30ന് ശേഷം ആദ്യമായാണ് മന്ത്രിസഭാ യോഗം ചേരുന്നത്. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയശേഷം ഇതുവരെ മന്ത്രിസഭാ യോഗം ചേരാത്തത് വിവാദമായിരുന്നു. ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 24ന് അമേരിക്കയില്‍ നിന്നും തിരിച്ചെത്തും. 27ന് അടുത്ത മന്ത്രിസഭാ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. സെപ്റ്റംബര്‍ രണ്ടാം തീയതിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇതേ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കുന്നതിനും ഇ പി ജയരാജനെ ചുമതലപ്പെടുത്തുകയായിരുന്നു.

സര്‍ക്കാരിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അമേരിക്കയില്‍ നിന്നും മുഖ്യമന്ത്രി തന്നെ മേല്‍നോട്ടം വഹിക്കുന്നുണ്ട്. പ്രളയം ബാധിച്ച കുടുംബങ്ങള്‍ക്കുള്ള 10,000 രൂപയുടെ സഹായ വിതരണം ഏതാണ്ട് പൂര്‍ത്തിയായതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം മുന്നൂറോളം കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് പോലുളള രേഖകള്‍ ലഭ്യമാക്കിയിട്ടില്ലാത്തവര്‍ക്കു മാത്രമാണ് ആനുകൂല്യം നല്‍കാന്‍ ബാക്കിയുളളതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: