കേരളത്തെ നടുക്കി കൊല്ലത്ത് 14 കാരനെ അരും കൊലചെയ്തു; മകനെ വെട്ടിനുറുക്കി കത്തിച്ചത് താനെന്ന് മാതാവ്

 

കൊല്ലം കൊട്ടിയത്ത് 14കാരനെ കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്ന് കേരള മനസാക്ഷിയ്ക്ക് മുന്നിലേക്ക് വന്നിരിക്കുന്നത്. മകനെ കൊലപ്പെടുത്തിയ ശേഷം കൈകാലുകള്‍ വെട്ടിനുറുക്കി മണ്ണെണ്ണ ഒഴിച്ചു കത്തിച്ചുവെന്നാണ് കേസില്‍ അറസ്റ്റില്‍ കഴിയുന്ന അമ്മ പറയുന്നത്. എന്നാല്‍ കേവലം സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യാന്‍ നൊന്തുപെറ്റ ഒരു അമ്മയ്ക്ക് സാധിക്കുമോയെന്ന ചോദ്യമാണ് ഇന്ന് കേരള സമൂഹം ഒന്നടങ്കം ചോദിക്കുന്നത്.

രണ്ട് ദിവസം മുമ്പാണ് നെടുമ്പന കുരീപ്പള്ളി സെബദിയില്‍(ജോബ് ഭവനില്‍) ജോബ് ജി ജോണ്‍- ജയമോള്‍ ജോബ് ദമ്പതികളുടെ മകന്‍ ജിത്തു ജോബിനെ കാണാതായത്. കുണ്ടറ എംജിഡി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. തിങ്കളാഴ്ച രാത്രി കടയില്‍ പോയ ജിത്തു മടങ്ങിയെത്തിയില്ലെന്നാണ് രാത്രി ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ പിതാവ് ചോദിച്ചപ്പോള്‍ അമ്മ നല്‍കിയ മറുപടി. രാത്രി മുഴുവന്‍ ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ചൊവ്വാഴ്ച രാവിലെ ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പത്രങ്ങളില്‍ ഇത് സംബന്ധിച്ച് പരസ്യവും നല്‍കി.

അന്ന് തന്നെ വിവര ശേഖരണം ആരംഭിച്ച പോലീസ് ഇന്നലെ വീട്ടിലെത്തി അമ്മ ജയമോളെ ചോദ്യം ചെയ്തിരുന്നു. വീട്ട് പരിസരങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ജിത്തുവിന്റെ ചെരുപ്പുകളും വീടിന് സമീപം തീകത്തിച്ചതിന്റെ പാടും കണ്ടെത്തി. ജയമോളുടെ കയ്യില്‍ പൊള്ളലേറ്റ പാടും കണ്ടതോടെ പോലീസ് അവരെ കൂടുതല്‍ ചോദ്യം ചെയ്തു. മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലും തനിക്കൊന്നുമറിയില്ലെന്ന് ആവര്‍ത്തിച്ച ജയമോള്‍ എന്നാല്‍ മൃതദേഹം കണ്ടെത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ട് പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജിത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്.

കഴുത്തും രണ്ട് കൈകളും കാലുകളും വെട്ടേറ്റ നിലയിലും പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിന് താഴെ വെട്ടിനുറുക്കിയിട്ടുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ്. മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച വെട്ടുകത്തിയും ഇതിന് സമീപത്തു നിന്നും കണ്ടെത്തി. മകനെ ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി വലിച്ചിഴച്ച് വീടിന്റെ പിന്നിലുള്ള ഒഴിഞ്ഞ റബ്ബര്‍ തോട്ടത്തിലെത്തിച്ച് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചെന്നാണ് മൊഴി. താന്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നും ജയമോള്‍ ആവര്‍ത്തിക്കുന്നു.

അതേസമയം പോലീസ് ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. ഒരാള്‍ക്ക് അതും ഒരു അമ്മയ്ക്ക് ഇത്തരമൊരു കൃത്യം ഒറ്റയ്ക്ക് ചെയ്യാനാകില്ലെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഇത് കൂടാതെ കൊലപാതകത്തിന് പ്രേരിപ്പിച്ചെന്ന് ജയമോള്‍ പറയുന്ന കാരണവും പോലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അച്ഛന്റെ അമ്മയുടെ സ്വത്ത് അച്ഛന് നല്‍കില്ലെന്ന് മകന്‍ പറഞ്ഞതാണ് അമ്മയെ ഈ ക്രൂരകൃത്യം ചെയ്യിച്ചതെന്നാണ് അവര്‍ പറയുന്നത്. കൊല നടന്നിട്ട് ഇന്ന് മൂന്ന് ദിവസമായി എന്നതിനാല്‍ മൊഴി പറയാന്‍ അമ്മ മാനസികമായി ഏറെ തയ്യാറെടുത്തിരുന്നുവെന്നും അല്ലെങ്കിലും മറ്റാരുടെയെങ്കിലും സമ്മര്‍ദ്ദമുണ്ടാകാനുള്ള സാവകാശം കിട്ടിയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

മകനും അമ്മയും തമ്മില്‍ വളരെയധികം സ്നേഹത്തിലായിരുന്നുവെന്ന് അച്ഛന്‍ ജോബ് പറയുന്നു. അടുത്തകാലത്തായി ജയമോള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. വാക്കുതര്‍ക്കത്തിനിടെയില്‍ അമ്മയ്ക്ക് വട്ടാണെന്ന് മകന്‍ പറഞ്ഞതാണ് തന്നെ പ്രകോപിതയാക്കിയതെന്ന് ഇവര്‍ തന്നോട് പറഞ്ഞതായും ജോബ് വ്യക്തമാക്കി.

അതേസമയം 14 വയസുകാരനായ ഒരു കുട്ടിയില്‍ നിന്നും ശാരീരികമായ എതിര്‍പ്പുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കൃത്യം ജയമോള്‍ ഒറ്റയ്ക്കല്ല നിര്‍വഹിച്ചതെന്ന് പോലീസ് സംശയിക്കുന്നത്. ചുറ്റുവട്ടത്ത് താമസിക്കുന്നത് ഇവരുടെ ബന്ധുക്കള്‍ തന്നെയാണ്. എന്നിട്ടും ആരും ശബ്ദങ്ങളോ മൃതദേഹം കത്തിച്ചപ്പോഴുണ്ടാകുന്ന ദുര്‍ഗന്ധമോ അറിഞ്ഞില്ലെന്നത് നിഗൂഢമാണ്. ഇതുകൂടാതെ ഈ കേസില്‍ നിഗൂഢമായ ഒട്ടനവധി കാര്യങ്ങളുണ്ടെന്നും പോലീസ് പറയുന്നു. ജിത്തുവിന്റെ സഹോദരി ടീന ഇവര്‍ക്കൊപ്പമല്ല താമസിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

റബ്ബര്‍ തോട്ടത്തില്‍ വച്ച് മൃതദേഹം രണ്ട് തവണ കത്തിച്ചുവെന്നും രണ്ട് ദിവസവും മൃതദേഹം പരിശോധിച്ചുവെന്നുമാണ് ജയമോളുടെ മൊഴി. കൊലപാതകത്തിന്റെ വിവരം കേട്ടറിയുന്നവരെ പോലും മനക്ഷോഭം ഉണ്ടാക്കുന്നുണ്ടെങ്കിലും വളരെ നിര്‍വികാരയായും കൂളായുമാണ് ജയമോള്‍ പോലീസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുന്നത്. അറസ്റ്റിലായ അമ്മയുടെ ഈ മൊഴികളും പെരുമാറ്റങ്ങളും പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ജോബ് പറയുന്നതുപോലെ ജയമോള്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണെങ്കില്‍ കൊലപാതകത്തിന് വളരെ നിസാരമായ കാരണം മതിയെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു. എന്നാലും ഇത്ര ക്രൂരമായ ഒരു കൊലപാതകം ആരും അറിയാതെ ജയ രഹസ്യമാക്കി വച്ചത് എങ്ങനെയെന്നത് പോലീസിനെ കുഴയ്ക്കുന്ന ചോദ്യം തന്നെയാണ്. ഇത്തരത്തില്‍ നിരവധി ചോദ്യങ്ങള്‍ക്കാണ് പോലീസ് ഉത്തരം കണ്ടെത്തേണ്ടത്.

 

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: