കേരളത്തില്‍ ചിരിക്കും ചിന്തക്കുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു തുടങ്ങി: പ്രതിഷേധവുമായി കേരളം കാര്‍ട്ടൂണ്‍ അക്കാദമി….

തിരുവനന്തപുരം: കാര്‍ട്ടൂണ്‍ കലയ്‌ക്കെതിരെ അസഹിഷ്ണുതയുടെ ഇരുട്ട് അതിവേഗം വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി. കാര്‍ട്ടൂണില്‍ മാത്രമല്ല മറ്റു മേഖലകളിലും ഇതു വ്യാപിക്കുന്നുണ്ടെന്ന് കാര്‍ട്ടൂണ്‍ അക്കാദമി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി അവാര്‍ഡ് നല്‍കിയതിനെച്ചൊല്ലി ഉയര്‍ന്ന വിവാദം ശക്തമായി തുടരുമ്പോള്‍ തന്നെയാണ് ന്യൂയോര്‍ക്ക് ടൈംസ്, രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ നിര്‍ത്തുകയാണെന്ന പ്രഖ്യാപനം നടത്തിയത്. കാര്‍ട്ടൂണിനെ ചിരിയോടെ സ്വീകരിക്കാനുള്ള തുറന്ന മനസ്സ് സമൂഹത്തിന് നഷ്ടമാകുന്നത് ഖേദകരമാണെന്ന് അക്കാദമി ചൂണ്ടിക്കാട്ടി.

ലളിതകല അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. സുഭാഷ് കെ കെ വരച്ച കാര്‍ട്ടൂണാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഏറ്റുവാങ്ങിയത്. കെസിബിസിയാണ് തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്നാരോപിച്ച് രംഗത്തെത്തിയത്. ‘മതനിന്ദ’യാണ് കാര്‍ട്ടൂണിസ്റ്റ് ചെയ്തതെന്ന് പരസ്യപ്രസ്താവന നടത്തുകയും ചെയ്തു സഭ.

പാകിസ്ഥാനില്‍ കാര്‍ട്ടൂണും ആക്ഷേപഹാസ്യ പരിപാടികളും മറ്റും നിരോധിച്ചു കൊണ്ടുള്ള പ്രഖ്യാപനമാണ് അസഹിഷ്ണുതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമെന്ന് കാര്‍ട്ടൂണ്‍ അക്കാദമി പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കാര്‍ട്ടൂണിസ്റ്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും അക്കാദമി സെക്രട്ടറി തോമസ് ആന്റണിയുടെ പേരിലുള്ള വാര്‍ത്താക്കുറിപ്പ് പറഞ്ഞു.

ചിരിക്കും ചിന്തയ്ക്കും വിലങ്ങിടാനുള്ള നീക്കങ്ങള്‍ ഇരുട്ടിന്റെ വാഴ്ച കടന്നു വരുന്നതിന്റെ സൂചനയാണ്. അത് കേരളത്തിലാണെങ്കിലും പാകിസ്ഥാനിലാണെങ്കിലും അമേരിക്കയിലാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതാണ്. പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ കേരളം കൈവരിച്ച ധൈഷണികസ്വാതന്ത്ര്യവും കലാപാരമ്പര്യവും കാര്‍ട്ടൂണ്‍ പൈകൃതവും കാത്തു സൂക്ഷിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അക്കാദമി അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: