കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം, പല ഇടതും അക്രമാസക്തം; നിരവധി പേര്‍ക്ക് പരിക്ക്

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പലയിടത്തും അക്രമാസക്തമായി. ബിജെപി പിന്തുണയോടെ നടന്ന ഹര്‍ത്താലില്‍ പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി.

മിക്ക ജില്ലകളിലും കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഓടിയത്. റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയവര്‍ വാഹനം കിട്ടാതെ വലഞ്ഞു. തിരുവനന്തപുരം കല്ലമ്പലത്തും കിളിമാനൂരും ഹര്‍ത്താലനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് എറിഞ്ഞു തകര്‍ത്തു. എന്‍ഡിഎയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. ശിവസേന നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും പോലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തു.

എറണാകുളം ജില്ലയില്‍ അങ്കമാലിയില്‍ കര്‍ണാടക ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ചില്ലുകള്‍ തകര്‍ന്നു. യാത്രക്കാര്‍ക്ക് പരിക്കില്ല. ആലുവയില്‍ തുറന്നു പ്രവര്‍ത്തിച്ച ഹോട്ടല്‍ ആക്രമിക്കുകയും ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.

കോഴിക്കോട്, മല്ലപ്പുറം ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി. കുന്ദമംഗലത്തും കുണ്ടായിത്തോടിലും കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് പുലര്‍ച്ചെ കുന്ദമംഗലത്ത് കല്ലേറ് നടത്തിയത്. ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്.

തിരൂര്‍ താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസിനെ ആക്രമിച്ചു. താനൂര്‍ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു നിര്‍ത്തിയവരെവരെ പോലീസ് സംരക്ഷിക്കാനെത്തിയപ്പോള്‍ വാക്കേറ്റമുണ്ടാവുകയും കല്ലേറ് നടത്തുകയുമായിരുന്നു. ഷൈജു, റാഷിദ് എന്നിവര്‍ക്ക് തലയ്ക്ക് സാരമായി പരിക്കേറ്റതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയില്‍ പലയിടത്തും വാഹനങ്ങള്‍ തടയുകയും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ക്കുകയും ചെയ്തു.

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: