കേരളത്തില്‍ വ്യാപകമായി ഉരുള്‍പൊട്ടല്‍: മരണം 17 ആയി, നാല് ജില്ലകളില്‍ സൈന്യത്തിന്റെ സഹായം തേടി

പ്രളയക്കെടുതിയില്‍ മുങ്ങി സംസ്ഥാനം. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്ത മഴ സംസ്ഥാനത്തുടനീളം കനത്ത നാശമാണ് വിതയ്ക്കുന്നത്. വടക്കന്‍ ജില്ലകളില്‍ ഉരുള്‍പൊട്ടിലില്‍ വന്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവിധ ജില്ലകളിലായി ഇതുവരെ 17 പേര്‍ മരിച്ചു. ഇടുക്കിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ പത്ത് പേര്‍ മരിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നതിനിടെ പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 17 പേര്‍ മരിച്ചു. ഇടുക്കിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം പത്തുപേരാണ് മരിച്ചത്. അടിമാലി മൂന്നാര്‍ റൂട്ടിലെ ദേശീയപാതയ്ക്ക് സമീപം പുത്തന്‍കുന്നേല്‍ ഹസന്‍ കോയയുടെ വീട്ടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അഞ്ചുപേര്‍ മരിച്ചത്. ഹസന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവരാണ് മരിച്ചത്. ഹസന്‍ കോയയെയും ബന്ധുവിനെയും മാത്രമാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. കഞ്ഞിക്കുഴിയില്‍ അഗസ്തി, ഏലിയാമ്മ എന്നിവരും അടമാലിയില്‍ മോഹനന്‍, ശോഭന എന്നിവരും മരിച്ചു. മരിച്ച ഒരാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലമ്പൂര്‍, വൈത്തിരി, ഇടുക്കി കഞ്ഞിക്കുഴി എന്നിവടങ്ങളിലെല്ലാം ഉരുള്‍പൊട്ടി. അടിമാലിയില്‍ മണ്ണിടിച്ചിലില്‍ ഒരുകുടുംബത്തിലെ അഞ്ച് പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേരും മരിച്ചു.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. വയനാടും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടിയില്‍ ഉരുള്‍പൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. ഉരുള്‍പൊട്ടലില്‍ നിരവധിപ്പേരെയാണ് കാണാതായിട്ടുള്ളത്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

വയനാട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഉരുള്‍പൊട്ടിയത്. വയനാട്ടില്‍ വൈത്തിരി പൊലീസ് സ്റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. താമരശേരി ചുരത്തിലെ റോഡ് ഗതാഗതം പൂര്‍ണമായും തടപ്പെട്ടു. ഇതോടെ വയനാട് ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ ഇരുപതിലേറെ സ്ഥലങ്ങളില്‍ ഒരേസമയത്താണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറക്ക് അഞ്ചിടത്തും കോഴിക്കോട് മൂന്നിടത്തുമാണ് ഉരുള്‍പൊട്ടിയത്. താമരശേരിയില്‍ ഒരാളെ കാണാതായി.

കനത്ത മഴയേത്തുടര്‍ന്ന് മലയോര മേഖലകളായ വയനാടും മൂന്നാറും ഒറ്റപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ടമാണ് ഇരു സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചതോടെയാണ് വയനാട് ഒറ്റപ്പെട്ടത്. നേരത്തെ വയനാട്ടിലേക്കുള്ള മറ്റ് മാര്‍ഗങ്ങളായ കുറ്റ്യാടി ചുരത്തിലും പാല്‍ ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടിരുന്നു. പേര്യ ചുരത്തില്‍ മാത്രമാണ് ഭാഗികമായെങ്കിലും ഗതാഗതം ഉള്ളത്. ഇവിടെയും ഏത് സമയത്തും ഗതാഗതം തടസ്സപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാറും ഒറ്റപ്പെട്ട നിലയിലാണ്. മഴക്കെടുതി മൂലം ഇടുക്കി ജില്ലയില്‍ മാത്രം 11 പേരാണ് മരിച്ചത്. പല സ്ഥലത്തും ഉരുള്‍പൊട്ടി. മൂന്നാറില്‍ പരിക്കേറ്റവര്‍ക്ക് പോലും തിരിച്ച് വരാന്‍ കഴിഞ്ഞിട്ടില്ല. അടിമാലിയില്‍ നിന്ന് മൂന്നാറിലേക്കുള്ള പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും മരങ്ങള്‍ വീണും റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. നിരവധി വിനോദ സഞ്ചാരികളും മൂന്നാറില്‍ കുടുങ്ങിയതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ വിളിച്ചിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: