കേരളത്തില്‍ മഴക്കെടുതി തുടരുന്നു; ബുധനാഴ്ച നാല് മരണം; ആകെ മരണം 22

കേരളത്തില്‍ മഴക്കെടുതികള്‍ തുടരുന്നു. ബുധനാഴ്ച നാല് പേര്‍ കൂടി മരിച്ചതോടെ നാലുദിവസം കൊണ്ട് മരണ സംഖ്യ 22 ആയി.  മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മധ്യകേരളത്തില്‍ ശക്തമായ മഴക്കെടുതികളാണ്. കോട്ടയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. റെയില്‍ റോഡ് ഗതാഗതം താറുമാറായി.

കുമളിക്കു സമീപം ഉരുള്‍പൊട്ടി ഏക്കര്‍കണക്കിനു സ്ഥലം ഒലിച്ചുപോയി. ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നുവെങ്കിലും ജനജീവിതം ദുസ്സഹമായി തീര്‍ന്നു. നാലാംദിനവും സമ്പൂര്‍ണമായി മുങ്ങി നില്‍ക്കുകയാണ് കോട്ടയം. രണ്ടു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കം. നൂറുകണക്കിനു വീടുകളിലാണ് വെള്ളം കയറിയത്. ദുരന്തനിവാരണ സേനയുടെ ബോട്ടുകളിലാണ് വീടുകളില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നത്. ചൊവ്വാഴ്ച മീനച്ചിലാറ്റില്‍ ജലനിരപ്പ് അല്‍പം താഴ്‌ന്നെങ്കിലും ബുധനാഴ്ച വീണ്ടും ഉയരുകയാണ്. പുഴയില്‍ വെള്ളം ഉര്‍ന്നതിനാല്‍ റയില്‍പ്പാലങ്ങളില്‍ അതീവജാഗ്രത തുടരുകയാണ്. കോട്ടയം വഴിയുള്ള 15 ട്രെയിനുകളാണ് റദ്ദാക്കിയത്. മഴക്കെടുതിയില്‍ സംസ്ഥാനത്തു ബുധനാഴ്ച മൂന്നുപേര്‍ മരിച്ചു.

ചെലവന്നൂര്‍ കായലില്‍ വള്ളംമറിഞ്ഞ് വൈപ്പിന്‍ സ്വദേശിയായ സുബ്രഹ്മണ്യനാണ് മരിച്ചത്. വൈക്കത്ത് മരംവീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന ഷിബു ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു. തൃശൂരില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ ഷൊര്‍ണൂര്‍ സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ബിജോയിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ നാലുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 21 ആയി.

അതിനിടെ ഇടുക്കി ഡാമിലെ ജലനിരപ്പ് 2378 ആയി ഉയര്‍ന്നു. സംഭരണശേഷിയുടെ 71.9 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ച 10 ട്രയിനുകള്‍ റദ്ദു ചെയ്തു. കോട്ടയം വഴിയോടുന്ന ട്രയിനുകളാണ് റദ്ദു ചെയ്തത്. കനത്ത മഴയെ തുടര്‍ന്ന് കോട്ടയം – ഏറ്റുമാനൂര്‍ ഭാഗത്തെ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി. ഇതിനെ തുടര്‍ന്നാണ് ട്രയിനുകള്‍ റദ്ദു ചെയ്തത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: