കേരളത്തിലെ ആദ്യത്തെ മുത്തലാഖ് അറസ്റ്റ് കോഴിക്കോട് നിന്ന്

കോഴിക്കോട് : മുത്തലാഖ് നിയമപ്രകാരം കേരളത്തിലെ ആദ്യത്തെ അറസ്റ്റ് നടന്നു. കോഴിക്കോട് ചുള്ളിക്കാപ്പറമ്പ് ഇകെ ഉസാമിനെ പൊലീസ് അറസ്റ്റ് ചെയ്തതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താമരശ്ശേരി കോടതിയുടെ ഉത്തരവിലാണ് അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. തന്നെ ഓഗസ്റ്റ് ഒന്നാംതിയ്യതി വീട്ടില്‍ നിന്നും വിളിച്ചിറക്കി ഉസാം മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി. മുക്കം കുമാരനെല്ലൂര്‍ സ്വദേശിനിയാണ് പരാതിക്കാരി. ഉസാം പന്തീരാങ്കാവിലുള്ള മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിട്ടുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കാനാണ് തന്നെ മൊഴി ചൊല്ലിയതെന്നും
പരാതിക്കാരി പറയുന്നു.

2011ലാണ് ഇരുവരുടെയും വിവാഹം നടന്നത്. 2017ല്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളാരംഭിച്ചു. മുക്കം എസ്പിക്കും വടകര റൂറല്‍ എസ്പിക്കും ഇതില്‍ യുവതി പരാതി നല്‍കുകയുണ്ടായി. ഇരുവരും നടപടിയെടുത്തില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. ഗാര്‍ഹിക പീഡന പരാതിയും ഇതോടൊപ്പമുണ്ട്. മുസ്‌ലിം വുമന്‍സ് പ്രൊട്ടക്ഷന്‍ ആക്ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കപ്പെട്ടതിനു ശേഷം രാജ്യത്തെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഹരിയാനയിലായിരുന്നു. ഹരിയാനയിലെ നൂഹ് ജില്ലയില്‍ നിന്നുള്ളയാളായിരുന്നു കുറ്റാരോപിതന്‍. ജാമിറത്ത് ആയിരുന്നു ഹരജിക്കാരി.

ഇവരെ രണ്ടു വര്‍ഷം മുമ്പാണ് കുറ്റാരോപിതന്‍ വിവാഹം ചെയ്തത്. ഒരു ലക്ഷം രൂപ സ്ത്രീധനമായി ഇയാള്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നുവെന്നാണ് പരാതി. ഭര്‍ത്താവിന്റെ ബന്ധുക്കളാണ് സ്ത്രീധനം ആവശ്യപ്പെട്ടു കൊണ്ടിരുന്നതെന്ന് പരാതിക്കാരി പറയുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓഗസ്റ്റ് രണ്ടിനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂന്നു തവണ തലാഖ് ചൊല്ലി മുസ്ലിം പുരുഷന്‍ മുസ്ലിം സ്ത്രീയെ വിവാഹമോചനം ചെയ്യുന്ന ആചാരം തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു

Share this news

Leave a Reply

%d bloggers like this: