കേരളത്തില്‍ നിഴല്‍ മന്ത്രിസഭയുമായി സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ

കൊച്ചി: മന്ത്രിസഭയെ നിരീക്ഷിച്ച് മികച്ച ഭരണം ഉറപ്പുവരുത്താന്‍ കേരളത്തില്‍ നിഴല്‍ മന്ത്രിസഭ തുടങ്ങുന്നു. ഏപ്രില്‍ 28 മുതല്‍ പാശ്ചാത്യ രാജ്യങ്ങളിലെ ഷാഡോ കാബിനറ്റ് മാതൃകയില്‍ ഒരു അനൗദ്യോഗിക മന്ത്രിസഭ കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ദലിത് നേതാവും ഭരിപ ബഹുജന്‍ മഹാസംഘ് അധ്യക്ഷനും ഡോ.ബിആര്‍ അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍, മന്ത്രിസഭാംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവിലെ മന്ത്രിസഭയെ വിമര്‍ശനാത്മകമായി വിലയിരുത്താനും,തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടാനും ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുമാണ് സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇത്തരമൊരു നിഴല്‍ മന്ത്രിസഭ സൃഷ്ടിക്കുന്നത്.

19 അംഗ പിണറായി മന്ത്രിസഭയെപ്പോലെ അത്രയും അംഗങ്ങള്‍ തന്നെയാണ് ബദല്‍ മന്ത്രിസഭയിലുമുണ്ടാവുക. ദലിത്, ആദിവാസി വിഭാഗങ്ങളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടേയും പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാക്കും. മുഖ്യമന്ത്രി സ്ത്രീയായിരിക്കും. കേരള ശാസ്ത്രസാഹിത്യ പരിഷത്തും സി അച്യുത മേനോന്‍ ഫൗണ്ടേഷനും ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

ഇന്ത്യയുടെ ഭരണഘടനയില്‍ അധിഷ്ടിതമായി, അഹിംസയില്‍ ഊന്നി, മതേതര കാഴ്ചപ്പാടുള്ള, ജനാധിപത്യത്തെ ബഹുമാനിക്കുന്ന ആര്‍ക്കും ഈ മന്ത്രിസഭയില്‍ അംഗമാകാമെന്ന് സംഘാടകര്‍ അലവകാശപ്പെടുന്നു. 1905 ല്‍ ഇംഗ്ലണ്ടിലാണ് ലോകത്ത് ആദ്യമായി നിഴല്‍മന്ത്രിസഭ നിലവില്‍ വന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടി, ഭരിക്കുന്നവരെ കൃത്യമായി അടയാളപ്പെടുത്തുക, പിന്തുടരുക, അവരെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇത്തരം ഒരു സംവിധാനം ആരംഭിച്ചത്.

രേഖകള്‍ അനുസരിച്ച് ഇന്ത്യയില്‍ ആദ്യമായി മഹാരാഷ്ട്രയിലാണ് നിഴല്‍ മന്ത്രിസഭ ഉണ്ടായത്. 2005ല്‍ ബിജെപിയും ശിവസേനയും ചേര്‍ന്ന് വിലാസ്റാവു ദേശ്മുഖ് നയിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ നിരീക്ഷിക്കാനായി നാരായണ റാണെയുടെയും ഗോപിനാഥ് മുണ്ടെയുടെയും നേതൃത്വത്തില്‍ നിഴല്‍ മന്ത്രിസഭ രൂപീകരിച്ചിരുന്നു. പിന്നീട് 2014ല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസും 2015ല്‍ ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയും ജന്‍ നെക്സ്റ്റ്ര് എന്ന എന്‍ജിഒയും നിഴല്‍ മന്ത്രിസഭ ഉണ്ടാക്കി.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: