പ്രവാസികള്‍ക്ക് സ്വപ്നസാക്ഷാത്കാരം; ആധുനിക സൗകര്യങ്ങളുമായി കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിലവിളക്കുകൊളുത്തി ടെര്‍മിനല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശേഷം രാവിലെ പത്ത് മണിക്ക് കണ്ണൂരില്‍ നിന്നും അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇരുവരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന വേദിയിലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍. ചടങ്ങുകളോടനുബന്ധിച്ച് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ വാദ്യമേളവും കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി. മന്ത്രിമാരായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, എ.കെ ശശീന്ദ്രന്‍, കെ.കെ. ശൈലജ, ഇ.പി. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, വ്യവസായി എം.എ.യൂസഫ് അലി എന്നിവര്‍ ചടങ്ങുകളില്‍ സന്നിഹിതരായി.

185 പേരാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 വിമാനത്തിലുള്ളത്. ഇന്ന് വൈകീട്ട് തന്നെ ഈ വിമാനം കണ്ണൂരില്‍ തിരിച്ചെത്തും. നാളെ മുതല്‍ കൃത്യമായ സമയക്രമം അനുസരിച്ച് വിമാനം സര്‍വീസ് നടത്തും. രാവിലെ 11 മണിയോടെ ബെഗളൂരുവില്‍ നിന്നുള്ള ഗോ എയര്‍ വിമാനം കണ്ണൂരിലെത്തും. ഗോ എയര്‍ വിമാനങ്ങളും, ഇന്‍ഡിഗോ വിമാനങ്ങളും കണ്ണൂരില്‍ നിന്നുള്ള ആഭ്യന്തര സേവനങ്ങള്‍ ആരംഭിക്കും. കണ്ണൂരില്‍ നിന്നും ജനവരിയോടെ എല്ലാ ഗള്‍ഫ് രാജ്യത്തേക്കും വിമാന സര്‍വീസുകള്‍ തുടങ്ങും. ഗള്‍ഫ് വഴി യാത്ര ചെയ്യുന്ന യൂറോപ്പ്യന്‍ പ്രവാസികള്‍ക്കും ഇത് ഗുണം ചെയ്യും. നിലവില്‍ അമേരിക്ക, യൂറോപ്പ് യാത്രക്കാര്‍ ഗള്‍ഫ് ഇടത്താവളം ആക്കിയാണ് യാത്ര ചെയ്യുന്നത്. എമിറേറ്റ്സ്, ഖത്തര്‍ എയര്‍, എത്തിഹാദ്, ഗള്‍ഫ് എയര്‍ തുടങ്ങിയ സര്‍വീസുകള്‍ കണ്ണൂരിലേക്ക് ഉണ്ടാകും എന്നാണ് അറിയുന്നത്. ഒരു ദിവസം 12 രാജ്യാന്തിര സര്‍വീസുകള്‍ ഉണ്ടാകും.

കേരളത്തിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളമാണ് കണ്ണൂരില്‍ യാഥാര്‍ത്ഥ്യമായത്. ആധുനിക സൗകര്യങ്ങളുള്ള വിമാനത്താവളത്തിന് നിരവധി പ്രത്യേകതകളുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂര്‍ഖന്‍ പറമ്പില്‍ 2,300 ഏക്കറിലാണു ആധുനിക സൗകര്യങ്ങളോടുകൂടിയ വിമാനത്താവളം. 3,050 മീറ്ററാണ് നിലവില്‍ റണ്‍വെയുടെ നീളം. ഇത് 4,000 മീറ്ററായി നീട്ടുന്നതോടെ ജംബോ വിമാനങ്ങള്‍ ഉള്‍പ്പടെ കണ്ണൂരിലിറങ്ങും. ഇതോടെ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമാവും കണ്ണൂര്‍. 97,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ടെര്‍മിനല്‍ ബില്‍ഡിങ്ങ്. 1.05 ലക്ഷം ചതുരശ്രയടിയുളള രാജ്യാന്തര കാര്‍ഗോ കോംപ്ലക്സ്. 24 ചെക്ക് ഇന്‍ കൗണ്ടറുകള്‍. 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍. നാല് ഇ-വിസ കൗണ്ടറുകള്‍. 16 കസ്റ്റംസ് കൗണ്ടറുകള്‍. സൗകര്യങ്ങള്‍ ഏറെയാണ് വിമാനത്താവളത്തിന്.

20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനാവും. 700 കാറുകളും 200 ടാക്സികളും 25 ബസുകളും പാര്‍ക്ക് ചെയ്യാനാവുന്ന വിശാലമായ വാഹനപാര്‍ക്കിങ്ങ് സൗകര്യവുമുണ്ട്. യാത്രക്കാരെ തൃപ്തിപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതുമാണ് വിമാനത്താവളത്തിലെ സൗകര്യങ്ങള്‍.

Share this news

Leave a Reply

%d bloggers like this: