കേരളത്തിന് ലോകബാങ്കിന്റെ പ്രളയ സഹായം: വായ്പയുടെ ആദ്യഗഡു 1,750 കോടി അനുവദിച്ചു…

കേരളത്തിലെ പ്രളയാനന്തര പുനര്‍നിര്‍മാണം കാര്യക്ഷമമാക്കാനുള്ള ലോക ബാങ്ക് വായ്പയുടെ ആദ്യ ഗഡു അനുവദിച്ച. 1750 കോടി രൂപ (25 കോടി ഡോളര്‍) യാണ് ഇതു പ്രകാരം കേരളത്തിന് ലഭിക്കുക. വാഷിങ്ടണില്‍ ചേര്‍ന്ന ലോകബാങ്ക് ബോര്‍ഡ് യോഗം ഇതിന് അംഗീകാരം നല്‍കി. ലോകബാങ്കിലെ ഇന്ത്യന്‍ പ്രതിനിധിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചതായി മനോരമ റിപ്പോര്‍ട്ട് പറയുന്നു.

കേന്ദ്രധന അഡീഷനല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖേരെ, കേരള അഡീഷനല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി, ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ ജുനൈദ് അഹമ്മദ് എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. ആദ്യ ഗഡുവിന്റെ വിനിയോഗത്തില്‍ കാര്യക്ഷമായി നടപ്പാക്കിയാല്‍ രണ്ടാം ഘട്ടമായും 1,750 കോടി രൂപ കൂടി ലഭിക്കും. തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങളും ആദ്യഘട്ടത്തില്‍ പുനരുദ്ധരിക്കും. റോഡുകളും വീടുകളും മറ്റും ഉള്‍പ്പെടുന്ന പദ്ധതിക്കാണ് ഒന്നാം ഘട്ടം മുന്‍ഗണന നല്‍കു. ഇനിയൊരു ദുരന്തമുണ്ടായാല്‍ നേരിടാന്‍ സംസ്ഥാനത്തെ പര്യാപ്തമാക്കുന്ന സമഗ്രമാറ്റമാണ് രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

25 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയിലാണ് ലോക ബാങ്ക് വായ്പ അനുവദിച്ചിട്ടുള്ളത്. ബജറ്റ് സഹായമായിട്ടാണ് ആദ്യഗഡു 1750 കോടി അനുവദിച്ചത്. ഇതില്‍ 1117 കോടി രൂപ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് അസോസിയേഷനില്‍ നിന്ന് കുറഞ്ഞ പലിശനിരക്കില്‍ (1.25%) ആദ്യം ലഭിക്കും. ബാക്കി 633 കോടി രൂപ രാജ്യാന്തര പലിശനിരക്ക് പ്രകാരം പത്തൊന്‍പതര വര്‍ഷം തിരിച്ചടവ് കാലാവധിയിലായിരിക്കും. ആദ്യ 5 വര്‍ഷം ഗ്രേസ് പിരീയഡാണ്.

Share this news

Leave a Reply

%d bloggers like this: