കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രാ, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും പേമാരി തുടരുന്നു

മുംബൈ : മഴ ശക്തമായതോടെ രണ്ട് ലക്ഷം പേരെയാണ് മഹാരാഷ്ട്രയില്‍ ഒഴിപ്പിച്ചിട്ടുള്ളത്. ഇന്നലെ വൈകീട്ടു വരെയുള്ള കണക്കാണിത്. വിവിധ രക്ഷാദൗത്യ ഏജന്‍സികളുടെ 43 ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. 28,199 വളര്‍ത്തുമൃഗങ്ങളെയും രക്ഷിച്ചിട്ടുണ്ട്. കോലാപൂരില്‍ നിന്ന് ദുരന്തപ്രതികരണ സേന 3500 പേരെ രക്ഷിച്ചു. മഹാരാഷ്ട്ര യില്‍ പ്രളയക്കെടുതിയില്‍ 27 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രളയക്കെടുതികള്‍ ഹെലികോപ്റ്ററില്‍ നിരീക്ഷിച്ചു.

കര്‍ണാടകത്തിലെ ബെല്‍ഗാവി, ബേഗല്‍കോട്ട്, വിജയപുര തുടങ്ങിയ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചാര്‍മാഡി ചുരത്തിലടക്കം നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വെള്ളപ്പൊക്കം ബാധിച്ച മേഖലകളില്‍ സന്ദര്‍ശനം നടത്തി. 44,000 പേരെ പ്രളയബാധിത താലൂക്കുകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 40,180 പേരും ബെലഗാവി ജില്ലയില്‍ നിന്നുള്ളവരാണ്. സംസ്ഥാന ദുരന്ത പ്രതികരണ സേന, ദേശീയ ദുരന്ത പ്രതികരണ സേന, സൈന്യം എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. കബനി ഡാം നിറഞ്ഞൊഴുകുന്നതിനാല്‍ മൈസൂര്‍-നഞ്ചന്‍ഗോഡ് റോഡ് അടച്ചു.ആകെ ഒമ്പത് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ആന്ധ്രപ്രദേശില്‍ ഇതുവരെ 20,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ശ്രീകാകുളം ജില്ലയിലാണ് പ്രളയസമാനമായ സാഹചര്യം ഉണ്ടായിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ദുരന്ത പ്രതികരണ സേനകള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്. രണ്ട് നദികളുടെ തീരങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. അതിനിടെ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന്‍ റെഡ്ഢി ഈ സമയങ്ങളില്‍ ഡല്‍ഹിയില്‍ രാഷ്ട്രീയ ചര്‍ച്ചകളിലാണെന്ന വിവാദം ഉയര്‍ന്നിട്ടുണ്ട്. ഗോവയിലും കടുത്ത മഴക്കെടുതി തുടരുകയാണ്. താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: