കേരളത്തിന്റെ സ്വന്തം കപ്പല്‍ ‘കൈരളി’ ദുരൂഹമായി കടലില്‍ മറഞ്ഞിട്ട് 38 വര്‍ഷം തികയുന്നു

നിഗൂഢതകളും ദുരൂഹതകളും ബാക്കി വച്ച് കേരളത്തിന്റെ ‘കൈരളി’ കടലില്‍ മറഞ്ഞിട്ട് ഇന്നേക്ക് 38 വര്‍ഷം തികയുന്നു. കപ്പല്‍ എവിടെപ്പോയി? കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് എന്ത് സംഭവിച്ചു? അവരിലാരെങ്കിലും എവിടെയെങ്കിലും ജീവിച്ചിരിക്കുന്നോ? ഉത്തരംകിട്ടാത്ത അനവധി ചോദ്യങ്ങള്‍ മാത്രമാണ് ഇന്നും അവശേഷിക്കുന്നത്.

മര്‍മ്മഗോവയില്‍ നിന്ന് കിഴക്കന്‍ ജര്‍മനിയിലെ റോസ്റ്റോക്കിലേക്ക് ഇരുമ്പയിരുമായി പുറപ്പെട്ട കൈരളി കാണാതാവുമ്പോള്‍ അതില്‍ എത്ര ജീവനക്കാരുണ്ടായിരുന്നു? അവര്‍ ഏത് ദേശക്കാരായിരുന്നു? ഇതിനുള്ള ഉത്തരവും ആരുടെ പക്കലും ഇല്ല. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടത് സര്‍ക്കാരും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമാണ്. എന്നാല്‍ മറുപടി ഇതുമാത്രം: ‘രേഖകളില്ല’.

കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെയും കപ്പലിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെയും രേഖകള്‍ കാണാനില്ലന്നാണ് അധികൃതരുടെ ഭാഷ്യം. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം 2012-ല്‍ നല്‍കിയ ഹര്‍ജിക്ക് മറുപടിയായാണ് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ഇങ്ങനെ മറുപടി നല്‍കിയത്.

മര്‍മ്മഗോവ തുറമുഖത്ത് നിന്ന് യൂറോപ്പിലെ റോസ്റ്റേക്ക് തുറമുഖത്തേക്ക് ഇരുമ്പയിരുമായുള്ള യാത്രയില്‍ 1979 ജൂലൈ മൂന്ന് മുതലാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. 49 ജീവനക്കാര്‍ ഉണ്ടായിരുന്നു, ആരും രക്ഷപെട്ടില്ല എന്നാണ് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ പബ്ലിക് റിലേഷന്‍ ഓഫീസറായിരുന്ന വി.കെ.രാജു നല്‍കിയ മറുപടി.

ജീവനക്കാരുടെ പേരുകള്‍ ലഭ്യമാണെങ്കിലും അവരുടെ വിലാസം സംബന്ധിച്ച രേഖകള്‍ ലഭ്യമല്ല. 5.82 കോടി രൂപയാണ് കപ്പലിന്റെ വില. 6.4 കോടി രൂപ കമ്പനിയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ചു. കപ്പല്‍ കാണാതായത് സംബന്ധിച്ച കുറ്റപത്രം, മഹസര്‍, എഫ്.ഐ.ആര്‍ എന്നിവയും കമ്പനിയുടെ പക്കല്‍ ലഭ്യമല്ലെന്നും അദ്ദേഹം വിവരാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. നിരവധി ആളുകള്‍ യാത്ര ചെയ്ത കപ്പലിനെക്കുറിച്ച് ഒരു രേഖയും ലഭ്യമല്ലെന്ന് എതിര്‍കക്ഷികള്‍ അറിയിച്ചിരിക്കുന്നത് ഉത്തരവാദിത്തരാഹിത്യമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ ഉടന്‍ ലഭ്യമാക്കാന്‍ 2014-ല്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും ഇതേവരെ ഇതിന് മറുപടി ലഭിച്ചിട്ടില്ല. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കൈരളി കപ്പല്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായത് സംബന്ധിച്ച രേഖകള്‍ 30 ദിവസത്തിനകം കണ്ടെത്തി അപേക്ഷകന് നല്‍കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്‍ ഉത്തരവ്.

ഇതേ സമയം കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ മേല്‍വിലാസം പോലും അധികൃതരുടെ പക്കല്‍ ലഭ്യമല്ലാതിരുന്നതിനാല്‍ കപ്പലിലുണ്ടായിരുന്ന ഏഴ് ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ഇതേവരെ ലഭ്യമാക്കിയിട്ടില്ല. കാണാതായ കപ്പലില്‍ ജീവനക്കാരായി എത്രപേര്‍ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. 49 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നെന്നാണ് കോര്‍പ്പറേഷനില്‍ നിന്ന് ലഭ്യമാകുന്ന വിവരം. ജീവനക്കാരില്‍ 42 പേരുടെ മേല്‍വിലാസം മാത്രമാണ് കോര്‍പ്പറേഷന്റെ പക്കല്‍ ഉണ്ടായിരുന്നത്. ഇതേ സമയം ക്യാപ്റ്റന്‍ ഉള്‍പ്പെടെ 51 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നു എന്നാണ് കപ്പല്‍ തിരോധാനവുമായി ബന്ധപ്പെട്ട ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

നോര്‍വെയില്‍ നിര്‍മ്മിച്ച സാഗാസോഡ് നീറ്റിലിറക്കിയത് 1967-ല്‍. 1975-ല്‍ സാഗാസോഡ് ഓസ്ലോയിലെ ഒലേ ഷ്രോഡര്‍ കമ്പനിക്ക് വിറ്റു. അതോടെ സാഗാസോഡ്, ഓസ്‌കോ സോഡ് ആയി. പിന്നീട് 1976-ലാണ് കേരള സ്റ്റേറ്റ് ഷിപ്പിങ് കോര്‍പ്പറേഷന്‍ ഈ കപ്പല്‍ വാങ്ങുന്നത്. 5.81 കോടി രൂപയ്ക്ക് വാങ്ങിയ കേരളത്തിന്റെ ആദ്യത്തെ സ്വന്തം കപ്പലിന് എം.വി. കൈരളിയെന്ന് പേരുമിട്ടു. മൂന്ന് വര്‍ഷക്കാലം ചരക്കുകളുമായി കൈരളി രാജ്യങ്ങള്‍ താണ്ടി.

1979 ജൂണ്‍ 30-നാണ് മര്‍മഗോവയില്‍ നിന്ന് ഇരുമ്പയിരുമായി കൈരളി അവസാനയാത്ര പുറപ്പെടുന്നത്. ക്യാപ്റ്റന്‍ മരിയദാസ് ജോസഫ്, ചീഫ് എഞ്ചിനീയര്‍ അബി മത്തായി അടക്കം 23 മലയാളികളുള്‍പ്പെടെ 51 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.

ജൂലൈ മൂന്നിന് രാത്രി എട്ടുമണി മുതല്‍ കപ്പലില്‍ നിന്നുള്ള സന്ദേശങ്ങള്‍ നിലച്ചു. മര്‍മഗോവയില്‍ നിന്ന് 500 മൈല്‍ മാത്രമകലെയായിരുന്നു അപ്പോള്‍ കപ്പല്‍. ജൂലൈ 11-ന് ആഫ്രിക്കന്‍ തീരത്തെ ഒരു ഷിപ്പിങ് ഏജന്റ് കപ്പല്‍ എത്തിയിട്ടില്ലെന്നറിയിച്ചതിന് ശേഷമാണ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിക്കുന്നത്. രണ്ട് സൂപ്പര്‍സോണിക് വിമാനങ്ങളും നാല് കപ്പലുകളും രണ്ട് ഇന്ത്യന്‍ യുദ്ധക്കപ്പലുകളും ദിവസങ്ങളോളം തിരഞ്ഞെങ്കിലും അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായില്ല.

കപ്പല്‍ അതിശക്തിയായ തിരമാലകളില്‍ പെട്ട് തകര്‍ന്നതാണെന്നും കടല്‍ക്കൊള്ളക്കാര്‍ പിടിച്ചുകൊണ്ട് പോയതാണെന്നുമൊക്കെയുള്ള ഊഹാപോഹങ്ങള്‍ ഇതിന് പിന്നാലെയെത്തി. പല തലത്തില്‍ നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഫലം ചെയ്തില്ല. കൈരളി അപ്രത്യക്ഷമായിട്ട് 38 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഊഹാപോഹങ്ങളും കെട്ടുകഥകളും മാത്രമാണ് ബാക്കി നില്‍ക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: