കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടത് 31,000 കോടി; ലഭിച്ചത് 2683 കോടി മാത്രം

കേരളത്തിന്റെ സമഗ്ര പുനര്‍നിര്‍മാണത്തിന് 31,000 കോടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 2683.18 കോടി മാത്രമാണ്. ഇതില്‍ 688.48 കോടി ചെലവായതായും മുഖ്യമന്ത്രി അറിയിച്ചു. വീടുകളുടെ പുനര്‍നിര്‍മാണത്തിന് 1357.78 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73 കോടിയാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 586.4 കോടി ഇതുവരെ ചെലവായി. നിലവില്‍ 706.74 കോടി രൂപകൂടി നമുക്ക് ലഭിച്ചാല്‍ മാത്രമേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.

പ്രളയകാലത്ത് കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യത്തിനും രക്ഷാ പ്രവര്‍ത്തനത്തിന് വിമാനങ്ങള്‍ ഉപയോഗിച്ചതിനും 290.74 കോടി രൂപ നല്‍കേണ്ടതുണ്ടെന്നാണ് ഇപ്പോഴുള്ള സ്ഥിതി. ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നുള്ള തുക മുഴുവന്‍ ചെലവഴിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തങ്ങള്‍ ഉണ്ടായാല്‍ അതില്‍ തകര്‍ന്നുപോകാത്ത നിര്‍മാണങ്ങളാണ് കേരള പുനര്‍ നിര്‍മാണ പദ്ധതിയില്‍ ലക്ഷ്യം വിഭാവനം ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ ഉള്‍ക്കൊണ്ടുള്ള നിര്‍മാണമാണ് ലക്ഷ്യം വെയ്ക്കുന്നത്. സ്വാഭാവിക പ്രകൃതിയെ നിലനിര്‍ത്തി മനുഷ്യവാസ മേഖലകളെ സംരക്ഷിച്ചുകൊണ്ടുള്ള സമീപനമാണ് സ്വീകരിക്കുക. ജൈവിക വാസ്തുവിദ്യാ മാതൃകകള്‍ പരമാവധി ഉപയോഗിക്കും. വിഭവ ഉപയോഗത്തില്‍ മിതത്വം കൊണ്ടുവരും. നിര്‍മാണങ്ങളുടെ ദീര്‍ഘകാല നിലനില്‍പ്പ് ഉറപ്പുവരുത്തും. ആധുനികവും നൂതനവുമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ സംവിധാനങ്ങള്‍ വികസിപ്പിക്കും. ദുരന്തബാധിത ജനങ്ങളേയും കുടുംബങ്ങളേയും കണക്കിലെടുത്താകും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ കീഴില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെയും വകുപ്പുകളുടെയും ശേഷി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. സാങ്കേതിക സ്ഥാപനങ്ങളുടെ സഹായം ഇതിനുണ്ടാകും. ആഗോളതലത്തിലുള്ള മികവുറ്റ സങ്കേതങ്ങളുടെ മാതൃകകളും ഇതിനായി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: