കേരളം തണുത്തു വിറക്കുന്നു: ഹൈറേഞ്ച് മേഖലയില്‍ താപനില മൈനസിലേക്ക്

കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും ശക്തമായ ശൈത്യത്തിലൂടെയാണ് കേരളം കടന്നു പോവുന്നത്. മൈനസ് അഞ്ച് മുതല്‍ പതിനഞ്ച് ഡിഗ്രി വരെയാണ് ഒരാഴ്ചയായി കേരളത്തിലെ താപനില. ഒന്നോ രണ്ടോ ദിവസങ്ങള്‍ മഞ്ഞ് കനക്കുകയും പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തിരുന്ന കേരളത്തിലെ മഞ്ഞുകാലത്തിന്റെ ഗതി മാറിയിരിക്കുന്നു. മൂന്നാര്‍ പോലുള്ള പ്രദേശങ്ങളില്‍ പോലും ഒരാഴ്ചയിലധികം മൈനസ് അഞ്ചും, മൈനസ് മൂന്നും തണുപ്പ് തുടരുന്നത് അപൂര്‍വമാണ്. വൈകിട്ട് അഞ്ച് മണി കഴിഞ്ഞാല്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മഞ്ഞും തണുപ്പും വന്ന് മൂടും. വെയിലുറച്ചാലും തണുപ്പ് തങ്ങി നില്‍ക്കും. എന്താണ് ഇപ്പോള്‍ കേരളമനുഭവിക്കുന്ന തണുപ്പിന് കാരണം? കാലാവസ്ഥയിലുണ്ടായ നേരിയ മാറ്റമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുമ്പോള്‍ ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു വശം കൂടിയാണിതെന്നും ഇനി കേരളത്തില്‍ കൊടും വേനലിനും വരള്‍ച്ചക്കും കൂടിയുള്ള സാഹചര്യമൊരുങ്ങുകയാണെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സോളാര്‍ വോള്‍ടെക്സ് എന്ന പ്രതിഭാസം കാരണമാണ് നിലവില്‍ കേരളത്തിലും ശൈത്യത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് കുസാറ്റ് കാലാവസ്ഥാ പഠന കേന്ദ്രം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എസ് അഭിലാഷ് പറയുന്നു. ചില പ്രത്യേക സമയങ്ങളില്‍ സംഭവിക്കുന്ന സോളാര്‍ വോള്‍ടെക്സ് മൂലം ധ്രുവ പ്രദേശങ്ങളില്‍ നിന്ന് തണുപ്പ് കൂടിയ വായു തെക്കോട്ട് വീശുന്നതാണ് കേരളത്തില്‍ ഉള്‍പ്പെടെ അനുഭവപ്പെടുന്ന കടുത്ത തണുപ്പിന് കാരണമാവുന്നത്. എന്നാല്‍ ഇതിന് കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമായി ബന്ധവമുണ്ട്. ആര്‍ട്ടിക്കില്‍ മഞ്ഞുരുകുകയാണ്. അത് സഡണ്‍ സ്റ്റാറ്റോസ്ഫെറിക് വാമിങ്ങിന് കാരണമാവുകയും കാറ്റിന്റെ ഗതിയില്‍ മാറ്റം വരുകയും ചെയ്യുന്നു. യുറേഷ്യയിലെ സ്നോ കവറിനും ഈ പ്രതിഭാസവുമായി ബന്ധമുണ്ട്.

രാത്രിയില്‍ കൊടുംതണുപ്പും പകല്‍ വേനലിന് സമാനമായ ചൂടും ആണ് കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ അനുഭവപ്പെടുന്നത്. പകല്‍സമയങ്ങളില്‍ താപനില 32-34 ഡിഗ്രി സെല്‍ഷ്യസ് ആണെങ്കില്‍ രാത്രിയോടെ അത് 16-18 ഡിഗ്രി സെല്‍ഷ്യസ് വരെയായി കുറയുന്നു. രാത്രിയും പകലുമായി താപനിലയിലുണ്ടാകുന്ന ഇത്തരം വ്യതിയാനം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആദ്യമാണെന്ന് കാലാവസ്ഥ നിരീക്ഷണ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ അസാധാരണമായ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ഇറാന്‍-അഫ്ഗാന്‍ മേഖലയില്‍ നിന്നുള്ള ശീതക്കാറ്റാണ് കേരളത്തില്‍ അനുഭവപ്പെടുന്ന കൊടുംതണുപ്പിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വൈകിയെത്തിയ ശൈത്യം ഫെബ്രുവരി പകുതി വരെ തുടരാനും സാധ്യതയുണ്ട്. കേരളത്തില്‍ ഈ ആഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. 16 ഡിഗ്രി സെല്‍ഷ്യസ്. മിക്ക ജില്ലകളിലും മുന്‍ വര്‍ഷങ്ങളേക്കാള്‍ നാല് ഡിഗ്രി വരെ കുറവാണ് രാത്രിയിലെയും പുലര്‍കാലങ്ങളിലെയും താപനില. കോട്ടയം ജില്ലയിലാണ് രാത്രി താപനില 18 ഡിഗ്രി വരെ എത്തി. വരുംദിവസങ്ങളില്‍ ഇത് 14 വരെ താഴുമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. മൂന്നാര്‍, ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ ഹൈറേഞ്ച് മേഖലകളില്‍ താപനില മൈനസ് ഡിഗ്രിയിലേക്ക് വരെ താഴ്ന്നതോടെ തണുപ്പ് ആസ്വദിക്കാനായി സന്ദര്‍ശകരുടെ പ്രവാഹമാണ്. മൈനസ് രണ്ടാണ് മൂന്നാര്‍ അടക്കമുള്ള ഹൈറേഞ്ച് മേഖലയിലെ താപനില. വാഗമണ്‍, പീരുമേട് പ്രദേശങ്ങളില്‍ 10 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില.

കാറ്റിന്റെ ഗതിയില്‍ മാറ്റം വന്നാലേ കേരളത്തില്‍ തണുപ്പ് കുറയാന്‍ സാധ്യതയുള്ളൂ. ശീതക്കാറ്റ് തുടരുന്ന സാഹചര്യത്തില്‍ വടക്കേ ഇന്ത്യയില്‍ ഒരാഴ്ച കൂടി തണുപ്പിന്റെ കാഠിന്യമേറുന്നുമെന്നും ഇതേതുടര്‍ന്ന് തെക്കേ ഇന്ത്യയില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും തണുപ്പേറും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ കുറവാണ്. അടുത്ത ഒരാഴ്ച കേരളത്തില്‍ മഴയ്ക്കുള്ള സാധ്യതയും കുറവാണ്.

എന്നാല്‍ പ്രളയത്തിന് ശേഷം സിഡബ്ല്യുആര്‍ഡിഎം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കാലാവസ്ഥാ മാറ്റത്തില്‍ പ്രസക്തമാണ്. അതിതീവ്രമഴ ഉണ്ടായത് പോലെ എല്ലാ കാലാവസ്ഥയും അടുത്ത കാലത്ത് കേരളം കണ്ടിട്ടില്ലാത്ത വിധം അതിന്റെ പാരമ്യത്തില്‍ അനുഭവപ്പെടാനുള്ള സാധ്യതയെക്കുറിച്ച് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. പഠനങ്ങളും നിരീക്ഷണങ്ങളും നിലനില്‍ക്കെ കാലാവസ്ഥാ വ്യതിയാനം കേരളത്തിലും വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്ന് കരുതണമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ അഭിപ്രായം.

Share this news

Leave a Reply

%d bloggers like this: