കേരളം കാത്തിരുന്ന വിധി; ജിഷ വധക്കേസില്‍ അമിറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി

 

കേരള മനഃസാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസില്‍ അസം സ്വദേശിയായ അമിറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. എന്‍ അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്. പൊലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു.

ദലിത് പീഡനം, കൊലപാതകം അടക്കം 17 വകുപ്പുകളാണ് അന്വേഷണ സംഘം പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് കണ്ടെത്തിയിരുന്നത്. ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച അമിറുള്‍ ഇസ്ലാമിന്റെ ഉമിനീര്‍, കത്തിയില്‍നിന്നും ലഭിച്ച രക്തം, ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമിറുളിന്റെ വിരലടയാളം എന്നിവ ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഇത്തരത്തില്‍ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് ശേഖരിച്ചിരുന്നത്. കേരളത്തില്‍ ആദ്യമായി ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ തെളിയിച്ച കേസ് കൂടിയായിരിക്കും ജിഷ വധക്കേസ്.

ആറ് മാസത്തോളം കേസില്‍ രഹസ്യവിചാരണ നടന്നു. കേസില്‍ അന്തിമ വാദം നവംബര്‍ 21ന് ആരംഭിച്ചിരുന്നു. എട്ട് ദിവസമായിരുന്നു അന്തിമ വാദം നീണ്ടുനിന്നത്. കേസുമായി ബന്ധപ്പെട്ട് 36 രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 100 സാക്ഷികളെയും പൊലീസ് വിസ്തരിച്ചിരുന്നു. 2016 സെപ്റ്റംബര്‍ 17നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ കൊല്ലപ്പെടുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 10നാണ് പ്രതി അമിറുള്‍ ഇസ്ലാം പൊലീസിന്റെ പിടിയിലാകുന്നത്. പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അമിറുള്‍ ഇസ്ലാം ജിഷയെ ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കേരളത്തിന്റെ മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു പെരുമ്പാവൂരിലെ ജിഷ കൊലപാതകം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: