കേരളം ഇടത്തേക്ക്, യുഡിഎഫിന് തിരിച്ചടി, കാവി തെളിഞ്ഞു

നാട്ടങ്കത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ കേരള സമൂഹത്തിന്റെ വോട്ടിംഗ് പാറ്റേണ്‍ കൃത്യമാണെന്നു നിസംശയം പറയാം. ജനാധിപത്യത്തിന്റെ മികവ് ഒരിക്കല്‍ കൂടി വോട്ടര്‍മാര്‍ തെളിയിച്ചു. അഴിമതിക്കും ദുര്‍ഭരണത്തിനുമുള്ള ചുട്ട മറുപടി കോണ്‍ഗ്രസിനും വര്‍ഗീയ ശക്തികള്‍ക്കെതിരേ പൊരുതാനുള്ള ഊര്‍ജം ഇടതുപക്ഷത്തിനും സാമുദായിക കൂട്ടുകെട്ടുകള്‍ക്ക് കേരളത്തില്‍ സ്ഥാനമില്ലെന്ന് ബിജെപിക്കും ബോധ്യമാക്കി കൊടുക്കുന്നതാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലങ്ങള്‍.

വര്‍ഗീയ ശക്തികള്‍ക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ചതാണ് ഇടതുപക്ഷത്തിന്റെ വിജയം. കൂടാതെ വിഭാഗീതയുടെ മുറുമുറുപ്പില്ലാതെ വിഎസിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബാര്‍ കോഴ കേസില്‍ മാണിക്കെതിരായ കോടതി നിലപാടും ഇടതിന് അനുകൂലമായി. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിനെതിരേ ശക്തമായ പ്രചാരണമഴിച്ചു വിടാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞതും നേട്ടമായി.

അഴിമതിയും കോഴയും നടത്തി അധികാരത്തില്‍ തുടരുമ്പോള്‍ ജനങ്ങളെ അങ്ങനെ എളുപ്പത്തില്‍ വിഡ്്ഢിയാക്കാന്‍ കഴിയില്ലെന്ന താക്കീതാണ് ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസിനും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. ജനസമ്പര്‍ക്കവും കാരുണ്യയും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ തന്നെയെന്ന് സമ്മതിക്കുമ്പോഴും അതെല്ലാം അഴിമതിയും കോഴ വാങ്ങലും നടത്താനുള്ള അനുമതിയാണെന്ന് കരുതരുതെന്ന് ജനം വിളിച്ചു പറയുന്നു. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ കോടതി വിധിയെ തുടര്‍ന്ന് വായടഞ്ഞു പോയ കേരളത്തിന്റെ കോണ്‍ഗ്രസ് നേതൃത്വം തോല്‍വി സമ്മതിക്കുന്നുവെന്ന് പറയാനാണ് പിന്നെ വായ തുറന്നത്.

ബിജെപിക്ക് വന്‍ നേട്ടമെന്ന് മിക്ക മാധ്യമങ്ങളും തലക്കെട്ടില്‍ തന്നെ പ്രഖ്യാപിക്കുന്നു. എന്നാല്‍ അമിത് ഷായുടെ സോഷ്യല്‍ എന്‍ജിനീയറിംഗ് തന്ത്രങ്ങള്‍ ഈ മണ്ണില്‍ വിളയില്ലെന്നു തന്നെയാണ് കരുതേണ്ടത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിര്‍ണ്ണായക സ്ഥാനത്തെത്തിയതും പാലക്കാട് നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും ബിജെപിക്ക് നേട്ടങ്ങള്‍ തന്നെ. എറണാകുളത്ത് കോര്‍പ്പറേഷനില്‍ രണ്ടിടത്തും തൃപ്പൂണിത്തുറ നഗരസഭയിലും ബിജെപി മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. എസ്എന്‍ഡിപിയുമായുള്ള കൂട്ടുകെട്ട് യാതൊരു ഗുണവും ചെയ്തില്ലെന്നു മാത്രമല്ല, വെള്ളാപ്പള്ളി നടേശന്റെ സ്വന്തം വാര്‍ഡില്‍ പോലും ബിജെപിക്ക് പിന്തുണ ലഭിച്ചില്ലെന്നതും ശ്രദ്ധേയം. എസ്എന്‍ഡിപി യോഗം പിന്തുണയ്ക്കുന്ന മുന്നണി തോല്‍ക്കുന്ന പതിവ് ഈ തവണയും അങ്ങനെ തെറ്റിയില്ല. ദാദ്രി സംഭവം, പശു, ബീഫ് തുടങ്ങി ബിജെപിക്കെതിരേ ശക്തമായ പ്രചാരണം ഇടതുപക്ഷം നടത്തിയെങ്കിലും കാസര്‍ഗോഡ് അടക്കം ചില സീറ്റുകളില്‍ ബിജെപി മുന്നേറിയിട്ടുണ്ട്. മത, വര്‍ഗീയ ശക്തികള്‍ ചെറുതായെങ്കിലും വേരു പിടിക്കുന്നുണ്ട് കേരളത്തില്‍ എന്നതിന്റെ സൂചനയാണിത്. ബിജെപി-എസ്എന്‍ഡിപി സഖ്യത്തിനെതിരേ മിണ്ടാതിരുന്ന ഉമ്മന്‍ ചാണ്ടി ഇടതു വോട്ടുകള്‍ ബിജെപിയിലേക്ക് ചോരുമെന്ന് കണക്കു കൂട്ടി. പക്ഷേ സ്വന്തം ചുവട്ടിലെ മണ്ണു തന്നെയാണ് ഒലിച്ചുപോയിരുന്നതെന്ന് ഇപ്പോഴാണ് ചാണ്ടിക്ക് ബോധ്യമാകുന്നത്. ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ വിവാദങ്ങളും കോഴയും നിറഞ്ഞു നിന്നിരുന്നു. സോളാര്‍, സരിത, ബാര്‍ കോഴ, സലിം രാജന്‍ ഭൂമിതട്ടിപ്പ്, സിവില്‍ സപ്ലൈസ് അഴിമതി തുടങ്ങി നിരവധി വിഷയങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും മികച്ച വിജയമാണ് യുഡിഎഫ് നേടിയത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പെത്തുമ്പോള്‍ കാര്യങ്ങള്‍ തകിടം മറിയുകയാണ്. കേരളത്തിന്റെ മനസ് ഇടത്തോട്ടു തന്നെയെന്ന് രാഷ്ട്രീയ ലോകം വിലയിരുത്തുന്നു.

തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷമുള്ള വിജയം ഇടതുപക്ഷത്തിന് ആത്മവിശ്വാസം നല്‍കുന്നു. മത, സാമുദായിക ശക്തികളുടെ സഹായമില്ലാതെ ഒറ്റയ്ക്ക് നിന്നാലും ജയിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നു. 93 ന്റെ ചെറുപ്പവുമായി വിഎസ് ആവേശമാകുന്നു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ വിജയം നേടാനാകുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കു കൂട്ടല്‍. അതിന് പാര്‍ട്ടി വിട്ടു പോയ ആര്‍എസ്പിയെയും ജനതദളിനെയും തിരിച്ചുവരാനും പാര്‍ട്ടി ക്ഷണിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു മേല്‍ക്കൈ ലഭിച്ചെങ്കിലും യുഡിഎഫ് തകര്‍ന്നടിഞ്ഞെന്നു കരുതാന്‍ കഴിയില്ല. മാത്രമല്ല ബിജെപി ചെറുതായെങ്കിലും നേട്ടമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. എസ്എന്‍ഡിപി ബന്ധത്തിന്റെ പേരിലുണ്ടായ ആരോപണങ്ങള്‍ ബിജെപിയെ കൂടുതല്‍ തളര്‍ത്തിയിരുന്നു. ദാദ്രി, ദളിത് കൊല, ബീഫ് വിവാദങ്ങള്‍ക്കു പുറമേയാണിത്. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം മുന്‍പു തന്നെയാരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ബിജെപിക്ക് തുണയായി. കായംകുളം, മാവേലിക്കര, തൊടുപുഴ തുടങ്ങിയ മേഖലകളില്‍ അപ്രതീക്ഷിതമായി ബിജെപി മുന്നേറിയത് എസ്എന്‍ഡിപിയുടെ സഹായംകൊണ്ടാണെന്ന് അവര്‍ അവകാശമുന്നയിക്കുന്നുണ്ട്.

കേരളത്തില്‍ ആകെ യുഡിഎഫിന് ക്ഷീണം സംഭവച്ചെങ്കിലും എറണാകുളം യുഡിഎഫിനൊപ്പം നിന്നു. കൊച്ചി കോര്‍പ്പറേഷനില്‍ 38 സീറ്റുമായാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. റിബല്‍ ശല്യത്തിനിടയിലും കോര്‍പ്പറേഷനില്‍ യുഡിഎഫിന് അടിപതറിയില്ല.

കേരളത്തിനു പിന്നാലെ ബീഹാറിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മോദി പ്രഭാവം മങ്ങുന്നതിന് വ്യക്തമായ സൂചന നല്‍കുന്നു. മഹാസഖ്യത്തിന്റെ നേതൃ നിരയില്‍ നിന്ന് മോദിക്കൊരു ശക്തനായ എതിരാളി ഉയര്‍ന്നു വരികയാണ്. ഭാവിയില്‍ വര്‍ഗീയ രാഷ്ട്രീയത്തെ തുരത്താന്‍ വിശാലമായ ഒരു മതേതര സഖ്യം രൂപപ്പെടുവാനുള്ള സാധ്യതയാണ് കാണുന്നത്. കോണ്‍ഗ്രസിന് ഒറ്റയ്ക്കതിന് ആവതുണ്ടെന്ന് കരുതാന്‍ വയ്യ. കോണ്‍ഗ്രസും പ്രാദേശിക കക്ഷികളും അടങ്ങുന്ന മതേതര സഖ്യത്തില്‍ ഒരു പക്ഷേ പ്രതീക്ഷയര്‍പ്പിക്കാം.

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: