കേന്ദ്രത്തിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധം:സാറാ ജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കും; സച്ചിദാനന്ദനും പി.കെ പാറക്കടവും രാജിവെച്ചു

 
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് കേരളത്തിലും എഴുത്തുകാരുടെ പ്രതിഷേധങ്ങള്‍. കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വങ്ങള്‍ രാജിവക്കുകയാണെന്ന് കവി സച്ചിദാനന്ദനും,എഴുത്തുകാരനായ പി.കെ. പാറക്കടവും,ഡോ.കെ.എസ് രവികുമാറും എന്നിവര്‍ വ്യക്തമാക്കി. എഴുത്തുകാരി സാറാ ജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കുമെന്ന് അറിയിച്ചു.

2003ല്‍ ആലാഹയുടെ പെണ്‍മക്കള്‍ എന്ന കൃതിക്ക് ലഭിച്ച പുരസ്‌കാരമാണ് തിരിച്ചു നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കി. കല്‍ബുര്‍ഗിയുടെ മരണത്തില്‍ സാഹിത്യ അക്കാദമി പ്രതിഷേധിച്ചില്ലെന്നും, അതിനാലാണ് താന്‍ രാജിവെക്കുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടിവ് അംഗത്വം എന്നീ സ്ഥാനങ്ങളാണ് സച്ചിദാനന്ദന്‍ രാജിവച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് ആദ്യമായാണ് മലയാള സാഹിത്യ ലോകത്ത് നിന്നും ഇത്തരത്തിലുളള പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്.എഴുത്തുകാരിയുടെ കടമയാണിതെന്നും സംസ്ഥാനത്തു നിന്ന് ആദ്യപരസ്യ പ്രതികരണമെന്ന നിലയിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും സാറാ ജോസഫ് പറഞ്ഞു. ഇത്തരമൊരു തീരുമാനത്തിലെത്തിച്ചേരാന്‍ വൈകിപ്പോയതില്‍ സങ്കടമുണ്ട്. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഭീതിയുണര്‍ത്തുന്ന അവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധമാണിതെന്നും സാറാ ജോസഫ് പറഞ്ഞു. എഴുത്തുകാരെ കൊന്നുകളയുന്നതടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തനമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനുള്ള അവകാശം നമുക്കില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ പോകുന്നത്. അത് കഴിക്കുന്നവരെ കൊന്നൊടുക്കുന്നു. ഇത്തരം കാര്യങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും സാറാ ജോസഫ് പറഞ്ഞു. ദാദ്രി കൊലപാതകത്തില്‍ ഒമ്പത് ദിവസം പ്രധാനമന്ത്രി പ്രതികരിച്ചില്ലെന്നും അവര്‍ ആരോപിച്ചു. താന്‍ എല്ലപ്പോഴും വര്‍ഗീയതക്കെതിരെ പ്രതികരിച്ചിട്ടുണ്ടെന്നും മുത്തങ്ങ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കിയിരുന്നെന്നും സാറാ ജോസഫ് പറഞ്ഞു. 50000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് അക്കാദമി പുരസ്‌കാരം.

അതെസമയം സാറ ജോസഫ് പുരസ്‌കാരം തിരിച്ചു കൊടുത്തത് കൊണ്ടുമാത്രം ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും, തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഞാഞ്ഞുലുകള്‍ തലപൊക്കുന്നതാണെന്നും അവാര്‍ഡ് തിരിച്ചുനല്‍കിയതിനെ പരിഹസിച്ച് എഴുത്തുകാരി പി.വത്സല പറഞ്ഞു. കിട്ടിയതു കൊണ്ടല്ല വാങ്ങിയതു കൊണ്ടാണ് സാറാ ജോസഫ് പുരസ്‌കാരം തിരിച്ചു നല്‍കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. അര്‍ഹതയില്ലെന്ന തോന്നലാകാം ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ കാരണമെന്നും പി.വത്സല പറഞ്ഞു.

എന്നാല്‍ സാറ ജോസഫിന് പൂര്‍ണ പിന്തുണ നല്‍കുകയാണെന്നും, പ്രതിഷേധങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും വര്‍ഗീയത വളര്‍ത്തുന്ന നയങ്ങള്‍ ചെറുക്കണമെന്നും ആനന്ദ് വ്യക്തമാക്കി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിക്കുന്നതെന്നും ഇത് സംബന്ധിച്ച് അക്കാദമിക്ക് കത്ത് കൈമാറിയതായും ആനന്ദ് പറഞ്ഞു. കവി സച്ചിദാനന്ദന്റെ തീരുമാനം കുറച്ചുകൂടി നേരത്തെ ആകാമായിരുന്നുവെന്ന് കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു.

വര്‍ഗീയ നിലപാടുകള്‍ക്ക് എതിരെ പ്രതിഷേധമുണ്ടെന്നും, എന്നാല്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നില്ലെന്നും എം.ടി. വാസുദേവവന്‍ നായര്‍ പറഞ്ഞു. കൂടാതെ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതില്‍ കാര്യമില്ലെന്ന് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ സുഗതകുമാരി, എഴുത്തുകാരന്‍ യു.എ. ഖാദര്‍ എന്നിവരും വ്യക്തമാക്കി. അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുവാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും, അതില്‍ അര്‍ത്ഥമുണ്ടെന്ന് കരുതുന്നില്ലെന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു. അംഗീകാരത്തെ തള്ളിപ്പറയുന്നത് സ്വയം തള്ളിപ്പറയലാണെന്നും, ആരെയെങ്കിലും പ്രീണിപ്പിക്കുവാന്‍ പുരസ്‌കാരത്തെ തള്ളിപ്പറയരുതെന്നും യു.എ. ഖാദര്‍ അഭിപ്രായപ്പെട്ടു.

പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരിയും നെഹ്‌റുവിന്റെ സഹോദരി പുത്രിയുമായ നയന്‍താര സെഹ്ഗാളും കവിയും എഴുത്തുകാരനുമായ അശോക് വാജ്‌പേയിയും അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെ കല്‍ബുര്‍ഗി വധത്തില്‍ മൗനം പാലിക്കുന്ന അക്കാദമിയുടെ നിലപാടില്‍ പ്രതിഷേധിച്ച് എഴുത്തുകാരിയും പദ്മശ്രീ ജേതാവുമായിരുന്ന ശശി ദേശ് പാണ്ഡെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജിവയ്ക്കുകയുണ്ടായി.

Share this news

Leave a Reply

%d bloggers like this: