കേന്ദ്രം ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കി

700 കോടി രൂപ ഹജ്ജ് സബ്സിഡിയായി നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇനിമുതല്‍ ഈ പണം ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന്‌കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.

സബ്സിഡിയുടെ പ്രധാന ഗുണഭോക്താവ് എയര്‍ ഇന്ത്യ ആയിരുന്നവെന്ന് അബ്ബാസ് നഖ്വി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്ന കാര്യത്തില്‍ ഭൂരിഭാഗം മുസ്ലിം സംഘടനകളും അനുകൂലമായ നിലപാട് ആണ് എടുത്തിട്ടുള്ളത്.

2022 ഓടെ ഹജ്ജ് സബ്സിഡി അവസാനിപ്പിക്കണമെന്ന് 2012 ല്‍ സുപ്രീം കോടതി ഉത്തവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. 2017 ലെ ഹജ്ജ് നയത്തില്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. വിമാനയാത്രയ്ക്കും മറ്റുമുള്ള ചിലവുകള്‍ക്കാണ് പ്രധാനമായും സബ്സിഡി നല്‍കിവന്നിരുന്നത്.

ചെറുപട്ടണങ്ങളിലെ തീര്‍ഥാടകരുടെ അസൗകര്യങ്ങള്‍ പരിഗണിച്ച് ഇത് ഘട്ടം ഘട്ടമായി മാത്രമേ നിര്‍ത്തലാക്കാവു എന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നുവെങ്കിലും ഒറ്റയടിക്ക് തന്നെ സബ്സിഡി നിര്‍ത്തലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ഹജ്ജ് സബ്സിഡി സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയാണ് ഹജ്ജ് സബ്സിഡിയുടെ ഫലപ്രദമായ വിനിയോഗം സംബന്ധിച്ച് റിപ്പോര്‍ട്ട് ന്യൂനപക്ഷ മന്ത്രാലയത്തിന് നല്‍കിയത്. ഈ വര്‍ഷം 1.75 ലക്ഷം പേര്‍ക്ക് ഹജ്ജ് കര്‍മം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: