കൊച്ചിയും നെടുമ്പാശ്ശേരിയിലും അതീവ സുരക്ഷ…ഭീകാരക്രമസാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാന്‍ ഭീകരര്‍ തയ്യാറെടുക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. വ്യാപകആക്രമണം ലക്ഷ്യമിട്ട് ഒമ്പത് പാക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ഐ.ബി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. ഡല്‍ഹിയുടേതിന് സമാനമായ സുരക്ഷയാണ് കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

ഭീകരര്‍ വിമാനം റാഞ്ചാന്‍ പദ്ധതിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ ഈമാസം 20 വരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ടെര്‍മിനല്‍ ഗേറ്റ് വഴി കടക്കുന്ന യാത്രക്കാരെയും ബാഗേജുകളെയും കര്‍ശന പരിശോധനക്ക് വിധേയമാക്കും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവികസേന പെട്രോളിംഗ് ശക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം വഴിയാണ് നിരീക്ഷണം. സമുദ്രത്തില്‍ 50 കിലോമീറ്റര്‍ വരെ അകലത്തിലുള്ള കപ്പലുകളെ നിരീക്ഷിക്കുന്നുണ്ട്. 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളത്തിന്റെ കടലോര മേഖലയുടെ സമുദ്രാതിര്‍ത്തി തീര സംരക്ഷണ സേനയുടെയും ദക്ഷിണമേഖല നാവികസേനയുടെയും നിരീക്ഷണത്തിലാണ്.

മുംബയ് സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിക്കൊന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് തീവ്രവാദികള്‍ ഭീഷണി മുഴക്കിയിരുന്നു. ഡല്‍ഹിയാണു ഭീകരരുടെ പ്രധാന ലക്ഷ്യമെങ്കിലും അവിടെ സുരക്ഷ അതിശക്തമായതിനാല്‍ ആക്രമണലക്ഷ്യം മാറ്റാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ ആക്രമണം നടത്തിയ ലഷ്‌കറെ തൊയ്ബ ചാവേറുകളോടൊപ്പമാണ് ഒമ്പത് തീവ്രവാദികളും നുഴഞ്ഞുകയറിയത്. ഇവര്‍ പ്രാദേശിക തീവ്രവാദി സെല്ലുകളുടെ സഹായം തേടിയിട്ടുണ്ടെന്നും ആര്‍.ഡി.എക്‌സ് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ ഇന്ത്യയിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്കും സംഘടിപ്പിച്ച് നല്‍കുന്നുണ്ടെന്നും ഐ.ബി പറയുന്നു.

Share this news

Leave a Reply

%d bloggers like this: