കെവിന്‍ വധക്കേസ് വിധി ഈ മാസം 22 ന്

കോട്ടയം : കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 22ലേയ്ക്ക് മാറ്റി. ദുരഭിമാന കൊലയെന്ന് പ്രോസിക്യൂഷനും അല്ലെന്ന് പ്രതി ഭാഗവും വാദിച്ചു. കെവിനും നീനു ചാക്കോവുമായുള്ള വിവാഹബന്ധം അംഗീകരിക്കാന്‍ പ്രതികള്‍ തയ്യാറായിരുന്നില്ല.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ഒരു മാസത്തിനകം ഇവരുടെ വിവാഹം നടത്തിത്തരാമെന്ന് നീനുവിന്റെ പിതാവ് പറഞ്ഞിരുന്നതായും ദുരഭിമാന കൊലയല്ലെന്നും പ്രതിഭാഗം വാദിച്ചു. നീനുവിന്റെ സഹോദരനും പിതാവും അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. കെവിന്‍ മുങ്ങിമരിച്ചതാണ് എന്നാണ് പ്രതിഭാഗത്തിന്റെ വാദം.

2018 മേയ് 28ന് തെന്മലയ്ക്ക് സമീപം ചാലിയക്കര പുഴയിലാണ് കെവിന്‍ പി ജോസഫിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോവിന്റെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ദൃക്സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളെ ആശ്രയിച്ചാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുപോയത്.

നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരടക്കം കേസിലെ ഏഴ് പ്രതികള്‍ കഴിഞ്ഞ 14 മാസത്തിലധികമായി ജാമ്യം ഭിക്കാതെ ജയിലിലാണ്. സാനു ചാക്കോയാണ് ഒന്നാം പ്രതി. ചാക്കോ ജോണ്‍ അഞ്ചാം പ്രതി. രണ്ടാം പ്രതി നിയാസില്‍ നിന്ന് വധഭീഷണിയുള്ളതായി നീനുവിനോട് കെവിന്‍ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: