കെവിന്‍ വധക്കേസില്‍ പുതിയ തെളിവുകള്‍; കൊല്ലാം, ഞാന്‍ ചെയ്തോളാം, അവന്‍ തീര്‍ന്നു…

കോട്ടയം: കെവിന്‍ വധക്കേസില്‍ കോടതിക്ക് മുന്നില്‍ പുതിയ തെളിവുകള്‍ നിരത്തി പോലീസ്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ മൊഴിയാണ് കോടതിയ്ക്ക് പുതിയതായി ലഭിച്ചത്. ‘കൊല്ലാം, ഞാന്‍ ചെയ്തോളാം, അവന്‍ തീര്‍ന്നു’ എന്നിങ്ങനെയായിരുന്നു കെവിന്റെ തട്ടിക്കൊണ്ട് പോകുന്നതിന്റെ തലേദിവസം ഒന്നാം പ്രതി സാനു ചാക്കോ പിതാവ് ചാക്കോ ജോണിന് അയച്ച മെസേജ് എന്ന് ഗിരീഷ് പി സാരഥി മൊഴി നല്‍കി.

സാനുവിന്റെ ഫോണിലെ ‘പപ്പാ കുവൈറ്റ്’ എന്ന ആളുമായുള്ള വാട്സ്ആപ്പ് ചാറ്റിലാണ് ഇങ്ങനെ പറയുന്നത്. ചാക്കോ ജോണിന്റെ നമ്പരാണ് പപ്പാ കുവൈറ്റ് എന്ന പേരില്‍ സേവ് ചെയ്തിരിക്കുന്നത്. രണ്ടാം സാക്ഷി ലിജോ ഒറ്റയ്ക്കലിനുള്ള വാട്സ്ആപ്പ് സന്ദേശങ്ങളിലും കെവിനെ കൊല്ലണമെന്ന് സാനു പറയുന്നുണ്ട്. ‘കെവിന്റെ പ്രൊഫൈല്‍ ചെക്ക് ചെയ്തു’ എന്ന ലിജോയുടെ സന്ദേശത്തിന് മറുപടിയായി ‘അവന്‍ തീര്‍ന്നു, ഡോണ്ട് വറി’ എന്നാണ് സാനു പറയുന്നത്. കെവിനെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കാനാണ് വാട്സ്ആപ്പ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.

സന്ദേശം അയച്ച ഫോണുകള്‍ സാനു, ചാക്കോ, ലിജോ എന്നിവരുടേതാണെന്ന് സൈബര്‍ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചതിന്റെ രേഖകളും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. ഏഴ് പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഫോണുകള്‍ ഗിരീഷ് പി സാരഥി തിരിച്ചറിഞ്ഞിട്ടുണ്ട്. കെവിന്റെ ലുങ്കി ഏഴാം പ്രതി ഷിഫിന്‍ സജാദ് ചാലിയക്കര പുഴയുടെ തീരത്തു നിന്നും കണ്ടെത്തി നല്‍കിയിരുന്നു.

പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും രക്തക്കറയും മുടിയിഴകളും വിരലടയാളങ്ങളും ലഭിച്ചു. കെവിനൊപ്പം തട്ടിക്കൊണ്ട് പോയ ബന്ധു അനീഷിനെ പ്രതികള്‍ മര്‍ദ്ദിക്കുന്നതിനിടെ ഒമ്പതാം പ്രതി ടിറ്റോ ജെറോമിന്റെ മൂക്കില്‍ കൈ തെറ്റി കൊണ്ടിരുന്നു. ടിറ്റോയുടെ ചോരയാണ് വാഹനത്തില്‍ നിന്നും ലഭിച്ചതെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയതായും ഗിരീഷ് സാരഥി കോടതിയില്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: