കെവിന്‍ വധം ദുരഭിമാനക്കൊല തന്നെയെന്ന് കോടതി; ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം

വിവാഹത്തിന്റെ പേരില്‍ കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെ മരണം ദുരഭിമാനക്കൊല തന്നെയെന്ന് കോടതി. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോട്ടയം സെഷന്‍സ് കോടതിയുടെ നിഗമനം. കേസില്‍ ആറുമാസത്തിനകം അതിവേഗ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ദളിത്‌ക്രൈസ്തവ വിഭാഗത്തില്‍ പെട്ട കെവിന്‍ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള എതിര്‍പ്പാണ് തട്ടിക്കൊണ്ട് പോകലിലും കൊലപാതകത്തിലും കലാശിച്ചതെന്ന വാദമാണ് കോടതി അംഗീകരിച്ചത്. സംഭവം നടന്ന് അഞ്ച് മാസം പിന്നിടുമ്പോഴാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും ഉള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേരളത്തിലാദ്യമായാണ് ‘ദുരഭിമാനക്കൊല’യെന്ന് കണക്കാക്കി ഒരു കേസില്‍ അതിവേഗ കോടതി രൂപീകരിച്ച് വിചാരണ ആരംഭിക്കുന്നത്. പോകുന്നത്. ഇതോടെ ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരമായിരുക്കും കോസിലെ തുടര്‍ വിചാരണ.

കഴിഞ്ഞ മെയ് 27നായിരുന്നു കോട്ടയം മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്ന് കെവിനെ ഭാര്യ നീനുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ട അക്രമിസംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ട് പോയി ഒരു ദിവസത്തിന് ശേഷം തെന്മല ചാലിയേക്കരയിലെ പുഴയില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. തെന്മലക്ക് സമീപം ചാലിയേക്കരയില്‍ വച്ച് കെവിന്‍ രക്ഷപെട്ടു എന്നായിരുന്നു പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നത്.

എന്നാല്‍ കെവിന്‍ രക്ഷപെട്ട സ്ഥലത്തിന് സമീപത്തായി ചാലിയേക്കര പുഴയുണ്ടെന്ന കാര്യം അക്രമിസംഘത്തിന് അറിയാമായിരുന്നെന്നും. മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ അവശനായ കെവിനെ പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അക്രമിസംഘം പിന്തുടര്‍ന്നുവെന്നും അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഷാനുവിന്റെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ട് പോവലും അക്രമവുമെങ്കിലും സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ നീനുവിന്‍രെ അച്ഛന്‍ ചാക്കോയാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഷാനുവാണ് കേസില്‍ ഒന്നാം പ്രതി. ചാക്കോ അഞ്ചാം പ്രതിയാണ്.

നരഹത്യ, തട്ടിക്കൊണ്ട് പോവല്‍, തട്ടിക്കൊണ്ടുപോയി വിലപേശല്‍, സംഘംചേര്‍ന്നുള്ള ആക്രമണം, ഗൂഢാലോചന, ഭവനഭേദനം എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണ സംഘം 87 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. കെവിനെ കാണാതായതായി ഭാര്യ നീനു നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതെ വൈകിപ്പിച്ച ഗാന്ധിനഗര്‍ എഎസ്‌ഐ എം എസ് ഷിബു അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം തുടരുകയാണ്. നീനു ഇപ്പോള്‍ കെവിന്റെ കുടുംബത്തോടൊപ്പമാണ് താമസം.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: