കെവിന്റെ കൊലപാതകത്തില്‍ പൊലീസിനും പങ്ക്; എസ്ഐയേയും എഎസ്ഐയേയും പ്രതിചേര്‍ക്കണമെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലിസുദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി കൊച്ചി റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്. തട്ടിക്കൊണ്ട് പോകല്‍ നടന്നത് പോലീസിന്റെ അറിവോടെയാണെന്നും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന ബിജുവിന് തട്ടിക്കൊണ്ട്പോകലിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റകൃത്യത്തില്‍ പോലീസ് നേരിട്ട് പങ്കാളിയായി എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് വിവരം.

കെവിനെ തട്ടിക്കൊണ്ടുപോയ ഷാനു ചാക്കോ അടക്കമുള്ളവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന് കെവിന്റെ അച്ഛന്‍ മുമ്പ് പറഞ്ഞിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഐജിയുടെ റിപ്പോര്‍ട്ട്. പ്രാദേശിക സഹായം പോലീസില്‍ നിന്നു തന്നെയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനിടെ കെവിനെ തട്ടിക്കൊണ്ടുപോയതിന് ശേഷം നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ പോലീസുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. കെവിന്‍ തങ്ങളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടെന്നും ബന്ധുവായ അനീഷിനെ വിട്ടയയ്ക്കാന്‍ തയ്യാറാണെന്നും സംഭാഷണത്തില്‍ പറയുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ 5.35നാണ് സാനുമായി എഎസ്ഐ സംസാരിക്കുന്നത്. ഇതിന് മുന്‍പ് തന്നെ കെവിന്‍ കൊല്ലപ്പെട്ടന്നാണ് പൊലീസിന്റെ നിഗമനം. കെവിന്‍ ചാടി പോയെന്ന് എഎസ്ഐ ബിജുവിനോട് സാനു ചാക്കോ പറയുന്നു. കെവിന്റെ ബന്ധുക്കളും ഭാര്യ നീനുവും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ പലവട്ടം പൊലീസും പ്രതികളും തമ്മില്‍ ഫോണില്‍ സംസാരിച്ചു.

ഗാന്ധിനഗര്‍ എസ്ഐ ആയിരുന്ന എംഎസ് ഷിബു തട്ടിക്കൊണ്ട് പോകലടക്കമുള്ള കാര്യങ്ങള്‍ അറിഞ്ഞിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്നും ഐജി റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു എഎസ്ഐയായ സണ്ണി മോനും പ്രതികളെ സഹായിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ പല പൊലീസുകാരും പ്രതികളില്‍ നിന്നും പാരിതോഷികം പറ്റിയതായും അക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ കുറ്റകൃത്യം മറച്ചു വക്കുക, കുറ്റവാളികളെ സഹായിക്കുക തുടങ്ങിയ ഗുരുതരമായ കൃത്യങ്ങള്‍ എസ്ഐയും എഎസ്ഐയും നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് സാനു വാഹനവുമായി പൊലീസിന്റെ പിടിയിലായത്. കെവിന്റെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെങ്കിലും ചിത്രം പകര്‍ത്തി പൊലീസ് വിട്ടയക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് വീടാക്രമിച്ച് കെവിനേയും സുഹൃത്തിനയും സംഘം തട്ടിക്കൊണ്ടുപോയത്. പ്രതികളെ പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചറിഞ്ഞെങ്കിലും പൊലീസ് അന്വേഷണം തുടങ്ങിയത് പതിനേഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: