കെമിസ്ട്രി ടീച്ചറുടെ വിവാഹക്ഷണക്കത്ത് ഇങ്ങനെ; സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച് എം പി ശശി തരൂരും

വിവാഹക്ഷണക്കത്തുകളില്‍ പല പരീക്ഷണങ്ങളും കടന്നു വരാറുണ്ട്. അതൊരു കെമിസ്ട്രി ടീച്ചറുടെ കല്യാണക്കത്താകുമ്പോള്‍ ഇതുപോലെ വ്യത്യസ്തമാകും. കത്തു കണ്ട് എം പി ശശി തരൂരും നവദമ്പതികള്‍ക്ക് ആശംസകളുമായെത്തി.

‘ഇരുവര്‍ക്കും സന്തുഷ്ടമായ ദാമ്പത്യജീവിതം ആശംസിക്കുന്നു! അവര്‍ക്കിടയിലെ കെമിസ്ട്രി എപ്പോഴും ജ്വലിക്കട്ടെ, ഫിസിക്സ് ചൂടിനേക്കാള്‍ പ്രകാശിക്കട്ടെ.. ബയോളജി ഒരുപാട് കുഞ്ഞുങ്ങളാല്‍ സമ്പന്നമാകട്ടെ’ ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ശശി തരൂരിന്റെ മണ്ഡലത്തില്‍ നിന്നുളള ദമ്പതികളുടെ വിവാഹക്ഷണക്കത്ത് പോണ്ടിച്ചേരിയില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ കാര്‍ത്തിക് വിനോബ തരൂരിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനുള്ള മറുപടിയായാണ് തരൂര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്വീറ്റ് ചെയ്തത്.

കെമിസ്ട്രിയുമായി ബന്ധപ്പെടുത്തിയാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. പെര്‍ഫെക്ട് കെമിസ്ട്രി എന്നാണ് തലക്കെട്ടു തന്നെ. വധുവിന്റെയും വരന്റെയും പേരുകള്‍ പീരിയോഡിക് ടേബിളിലെ മൂലകങ്ങളെ അനുസ്മരിപ്പിക്കും. ആറ്റങ്ങളായ വിതുനെയും സൂര്യയെയും ഇരുവരുടെയും മാതാപിതാക്കളുടെ ആക്റ്റിവേഷന്‍ എനര്‍ജി ഉപയോഗിച്ച് തന്മാത്രയാക്കുന്ന ബോണ്ടിംഗ് ചടങ്ങിലേയ്ക്ക് റിയാക്ടന്‍സും പ്രൊഡക്ട്സുമായെത്താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് കത്തിന്റെ ഉള്ളടക്കം.

കല്യാണ തീയതിയെ റിയാക്ഷനെന്നും കല്യാണവേദിയെ ലബോറട്ടറിയെന്നുമാണ് വിശേഷിപ്പിച്ച കത്തില്‍ ഉല്‍പ്രേരകമായി ഏവരുടെയും സാന്നിധ്യം മാത്രം മതിയെന്നു പറഞ്ഞുകൊണ്ട് കത്ത് അവസാനിക്കുകയാണ്. ഇരുവരുടെയും പ്രണയത്തെ സൂചിപ്പിക്കുന്ന ഒരു ഘടനയും കത്തില്‍ ചേര്‍ത്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: