കൂനിന്മേല്‍ കുരുവുമായി ബോറിസ് ജോണ്‍സണ്‍; രാഷ്ട്രീയ രംഗത്ത് വിവാദങ്ങള്‍ കത്തി പടരുബോള്‍ ബോറിസിന് നേരെ ലൈംഗിക ആരോപണവും

ലണ്ടന്‍ : യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സമയം അത്ര ശരിയല്ലെന്നാണ് ഡൗണിങ് സ്ട്രീറ്റില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ബ്രെക്‌സിറ്റ് എന്ന മഹാ വ്യാധിയുടെ പേരില്‍ യുകെ യില്‍ പ്രധാനമന്ത്രിമാര്‍ വാഴുന്നില്ല; ഓരോരുത്തരായി കൊഴിഞ്ഞുപോകുന്നു. ബോറിസിന്റെ വളരെ നാളത്തെ മോഹമാണ് 10 ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രി കസേര. മുന്‍ പ്രധാനമന്ത്രി തെരേസ പുറത്തുപോയപ്പോള്‍ അതിനുള്ള അവസരവും ലഭിച്ചു. എന്നാല്‍ കരാര്‍ രഹിത ബ്രെക്‌സിറ്റിന്റെ പേരില്‍ പാര്‍ലമെന്റ് തന്നെ അഞ്ചാഴ്ച കാലത്തേയ്ക്ക് അടച്ചുപ്പൂട്ടി; അപ്പഴേക്കും വന്നു ഇടിത്തീപോലെ സുപ്രീംകോടതി വിധി. യു എന്നില്‍ ജനറല്‍ അസ്സംബ്ലിയില്‍ ഒരുവിധം തലയൂരി പരിപാടികള്‍ വെട്ടിച്ചുരുക്കി യു കെ യിലെത്തി.

യു എന്നില്‍ ജനറല്‍ അസ്സെംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് കിളിപോയ സംസാരമാണ് ബോറിസ് നടത്തിയതെന്ന് പറഞ്ഞു യു എസ് മാധ്യമങ്ങളും ബോറിസിനെ വെറുതെ വിട്ടില്ല. തെരേസ മൃദുവായ ബ്രെക്‌സിറ്റ് നടപ്പാക്കി എന്ന പേരിലാണ് രാജി വയ്ക്കേണ്ടി വന്നത്. ആ അവസരത്തിലാണ് ബോറിസിന് നറുക്കു വീണത്. ഇതുപോലെ ബോറിസിനെയും രാജിവെയ്പ്പിച്ചു യു കെ പ്രധാനമന്ത്രി പദവി കൊതിയ്ക്കുന്നവരും ഭരണ പക്ഷത്തും, പ്രതിപക്ഷത്തും ഉണ്ടെന്നാണ് രഹസ്യവിവരങ്ങള്‍. എന്നാല്‍ മറ്റൊരു ചോദ്യം ഇപ്പോഴും ബാക്കിയാണ്. ടോറി എംപി മാര്‍ ഏതുതരം ബ്രെക്‌സിറ്റ് ആണ് ആഗ്രഹിക്കുന്നത്? അതിനും വ്യക്തമായ ഒരു ഉത്തരമില്ല. എന്തായാലും യു കെ യില്‍ ഓരോ പ്രധാനമന്ത്രിമാരും രാജിവെച്ചുകൊണ്ടിരിക്കുകയാണ്.

അതിനിടയിലാണ് ബോറിസിന് നേരെ ലൈംഗിക ആരോപണങ്ങളും കടന്നുവരുന്നത്. പ്രധാനമന്ത്രി ആകുന്നതിനു മുന്‍പ് കാമുകിയുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഒച്ചയും, വിളിയും ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപവാസികളുടെ പരാതിയില്‍ പോലീസ് എത്തിയത് ബോറിസിന് നാണക്കേടുണ്ടാക്കിയിരുന്നു. യു കെ മാധ്യമങ്ങള്‍ എല്ലാം അത് തീര്‍ത്തും ആഘോഷവുമാക്കി. പോലീസ് വീട്ടില്‍ എത്തുമ്പോള്‍ ബോറിസും,കാമുകിയും വീട്ടിലെ പാത്രങ്ങള്‍ നേര്‍ക്കുനേര്‍ എറിഞ്ഞു കൊണ്ട് അങ്കത്തട്ടില്‍ ആയിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. ബ്രെക്‌സിറ്റും നടപ്പായില്ല പകരം മനനഷ്ടവും ആയി ബോറിസിന്.

പ്രധാനമന്ത്രിയെന്ന നിലയിലുള്ള ബോറിസ് ജോണ്‍സന്റെ ആദ്യ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി യോഗത്തില്‍തന്നെ അദ്ദേഹത്തിനെതിരെയുള്ള ലൈംഗിക ആരോപണം ഉയര്‍ത്തപ്പെട്ടിരുന്നു. അതോടെ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തുവരാന്‍ അദ്ദേഹത്തിന്റെ ഓഫീസ് നിര്‍ബന്ധിതമായി. അമേരിക്കന്‍ ടെക് സംരംഭകയും മുന്‍ മോഡലുമായ ജെന്നിഫര്‍ അര്‍ക്കൂറിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്പെക്ടേറ്റര്‍ മാസികയുടെ എഡിറ്ററായിരിക്കെ ഉച്ചഭക്ഷണ സമയത്ത് രണ്ട് സ്ത്രീകളുടെ ശരീര ഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചു എന്നതാണ് ജോണ്‍സനെതിരെയുള്ള മറ്റൊരു ആരോപണം. 1999-ല്‍ ഒരു സ്വകാര്യ ഉച്ചഭക്ഷണവേളയില്‍ ജോണ്‍സണ്‍ ലൈംഗികമായ ദുരുദ്ദേശത്തോടെ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്ന് സണ്‍ഡേ ടൈംസ് പത്രപ്രവര്‍ത്തകയായ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സ് ഉം വെളിപ്പെടുത്തി.

ഡൌണിംഗ് സ്ട്രീറ്റ് തുടക്കത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചുവെങ്കിലും സംഭവത്തെക്കുറിച്ച് മുതിര്‍ന്ന മന്ത്രിമാരടക്കം ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ‘ആരോപണങ്ങള്‍ അസത്യമാണ്’എന്ന പ്രസ്താവനയിറക്കാന്‍ നിര്‍ബന്ധിതമായി. ‘പ്രധാനമന്ത്രിക്ക് ചിലപ്പോള്‍ സംഭവം ഓര്‍മ്മയില്ലായിരിക്കാം, പക്ഷെ എനിക്കെല്ലാം വ്യക്തമായി ഓര്‍മ്മയുണ്ടെന്ന്’ എഡ്വേര്‍ഡ്‌സ് ട്വീറ്റ് ചെയ്തു. ജോണ്‍സനെതിരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കാണ് യോഗത്തില്‍ വിഷയം ആദ്യം ഉന്നയിച്ചത്. ബ്രെക്സിറ്റ് വിഷയത്തില്‍ രണ്ട് വര്‍ഷമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിച്ചുകൊണ്ട് കൂടുതല്‍ അംഗങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ബോറിസ് ജോണ്‍സണ്‍.

തന്റെ പദ്ധതികള്‍ക്ക് പാര്‍ലമെന്റ് തടസ്സമാകുന്നുവെന്ന് കണ്ടപ്പോഴാണ് പാര്‍ലമെന്റ് സമ്മേളനം അഞ്ചാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ അദ്ദേഹം തയ്യാറായത്. എന്നാല്‍, ഈ നടപടി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ബോറിസ് ജോണ്‍സണ് കനത്ത പ്രഹരമായി. അതിനുപിന്നാലെ അദ്ദേഹം എലിസബത്ത് രാജ്ഞിയോട് മാപ്പു ചോദിച്ചിരുന്നു. സ്വന്തം എംപിമാരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ട മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ പാതയായിരുന്നില്ല ജോണ്‍സണ്‍ പിന്തുടര്‍ന്നിരുന്നത്. എങ്ങനെയെയും ബ്രെക്സിറ്റ് നടപ്പാക്കുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ നയം.

അതിനാണ് കടുത്ത തിരിച്ചടിയേറ്റത്. ഇനി എങ്ങിനെയെങ്കിലും മറ്റൊരു പൊതു തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനിടയിലാണ് വീണ്ടും ലൈംഗികാരോപണം തലപൊക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടങ്ങിയ സമയം മുതല്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു. ജോണ്‍സണെ അനുകൂലിച്ചും പ്രതികൂലിച്ചും സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ പലരും രംഗത്തുവരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: