കൂടുതല്‍ പെട്രോളടിച്ചാല്‍ ബൈക്കും വാഷിംഗ് മെഷീനും; ഓഫറുകളുമായി ഇന്ത്യയിലെ പമ്പുകള്‍

രാജ്യത്ത് ഇന്ധന വില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ ഓരോ ദിവസവും ജനങ്ങളുടെ ദുരിതം വര്‍ധിച്ച് വരികയാണ്. ഇന്ധന വില കുറയ്ക്കാനുള്ള നടപടികള്‍ ഒന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടകാതിരിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ എങ്കിലും നികുതി കുറച്ച് അല്‍പം ആശ്വാസം നല്‍കണമെന്നാണ് രാജ്യത്ത് ആവശ്യമുയരുന്നത്.

രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും അധികം നികുതി ചുമത്തിയിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്. ഇന്നലെ മധ്യപ്രദേശിലെ പെട്രോള്‍ വില 86 കടന്നിരുന്നു. ഇതോടെ മധ്യപ്രദേശിലൂടെ കടന്ന് പോകുന്ന ട്രക്കുകള്‍ അടക്കമുള്ള വാണിജ്യ വാഹനങ്ങളും സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവരും തൊട്ടടുത്ത സംസ്ഥാനത്തേക്ക് ഇന്ധനം നിറയ്ക്കാനായി പായുകയാണ്.

ഇതോടെ ഇവിടുത്തെ പമ്പുടമകളാണ് ദുരിതത്തിലായത്. ഇന്ധന വില കുറയുന്ന ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇന്ധനം നിറയ്ക്കാന്‍ ആളെത്താന്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ പമ്പുടമകള്‍. വലിയ അളവില്‍ ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണം മുതല്‍ ലാപ്‌ടോപ്പിലും വാഷിംഗ് മെഷീനിലും ബൈക്കിലും എത്തിനില്‍ക്കുന്ന സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ട്രക്കിലെ ഡ്രൈവര്‍മാര്‍ക്ക് പ്രഭാത ഭക്ഷണത്തിനൊപ്പം ചായയും ലഭിക്കും. 5,000 ലിറ്റര്‍ ഇന്ധനം നിറച്ചാല്‍ സൈക്കിള്‍, വാച്ച്, മൊബൈല്‍ എന്നിവയാണ് ഓഫര്‍. 15,000 ലിറ്റര്‍ അടിച്ചാല്‍ അലമാരിയോ സോഫാ സെറ്റോ 100 ഗ്രാം വെള്ളി കോയിനോ ലഭിക്കും.

25,000 ലിറ്റര്‍ ഇന്ധനം വാങ്ങുന്നവര്‍ക്കാണ് വാഷിംഗ് മെഷീന്‍ ലഭിക്കുക. 50,000 ലിറ്റര്‍ വാങ്ങിയാല്‍ എസിയോ ലാപ്‌ടോപ്പോ സമ്മാനമായി ലഭിക്കും. ഒരുലക്ഷം ലിറ്റര്‍ വാങ്ങിയാലാണ് ഇരുചക്രവാഹനം സ്വന്തമാക്കാനാവുക. തൊട്ടടുത്ത സംസ്ഥാനങ്ങളെക്കാള്‍ അഞ്ച് രൂപയോളം കൂടുതലാണ് മധ്യപ്രദേശിലെ ഇന്ധനവില. ഡീസലിന് 22 ശതമാനവും പെട്രോളിന് 27 ശതമാനവുമാണ് ഇവിടെ മൂല്യ വര്‍ധിത നികുതി. ഇത് കാരണം മധ്യപ്രദേശിലെ അതിര്‍ത്തി ജില്ലകളായ അശോക്‌നഗര്‍, ശിവപുരി എന്നിവടങ്ങളിലെ 125 പമ്പുകളില്‍ വില്‍പന വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഈ അവസരത്തിലാണ് ഓഫറുമായി പമ്പുടമകള്‍ രംഗത്ത് വന്നിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: