കൂടത്തായി കേസ്; സമഗ്ര അന്വേഷണത്തിന് എത്തുന്നത് ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി കേസുകളിലെ വിദഗ്‌ദോപദേശകനും ഇന്ത്യന്‍ ഫോറന്‍സിക് സയന്‍സിലെ ആദ്യ ചോയ്‌സിയും ആയ ടി ഡി ഡോഗ്ര

കോഴിക്കോട് : ഇന്ത്യയില്‍ ഫോറന്‍സിക് സയന്‍സ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ടി ഡി ഡോഗ്ര എന്ന തിരത് ദാസ് ഡോഗ്ര യെ കൂടത്തായി കേസില്‍ അന്വേഷണത്തിന്റെ ഭാഗമാക്കാന്‍ നീക്കം. ഇക്കാര്യത്തില്‍ ഡി ജെ പി ലോക്‌നാഥ് ബെഹ്റ ഈ നീക്കത്തിന് തയ്യാറെടുക്കുന്നതായാണ് സൂചനകള്‍. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, ചരണ്‍സിംഗ് തുടങ്ങി മൂന്ന് പ്രധാനമന്ത്രിമാരുമായി ബന്ധപ്പെട്ട കേസുകളില്‍ ഡോഗ്ര തന്റെ മെഡിക്കല്‍- നിയമ പരമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ ബില്‍ക്കിസ് ബാനു കേസിലും ഇരകളുടെ മരണവും അതിന്റെ കാരണങ്ങളും കണ്ടെത്താന്‍ ഡോഗ്ര സിബിഐയെ സഹായിച്ചു.

ഇന്ദിര ഗാന്ധിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതും, 30 ബുള്ളറ്റുകൊണ്ടുള്ള മുറിവുകള്‍ ശരീരത്തില്‍ നിന്നും കണ്ടെത്തിയതും ഡോഗ്രയുടെ നേതൃത്വത്തിലായിരുന്നു. കൂടാതെ ഇന്ദിര ഗാന്ധി വധക്കേസില്‍ മെഡിക്കല്‍ വിറ്റ്നസായി കോടതിയില്‍ എത്തിയതും ഇദ്ദേഹമാണ്. വെടിയുണ്ടയേറ്റ പാടുകളില്‍ പഠനങ്ങള്‍ നടത്താന്‍ വേണ്ടി ‘മോള്‍ഡബിള്‍’ പുട്ടി ഉപയോഗപ്പെടുത്തി ഡോഗ്ര സ്വന്തമായി ഒരു പരിശോധനാരീതി തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വെടികൊണ്ട മുറിവുകള്‍ക്ക് രണ്ട് വര്‍ഷം വരെ പഴക്കമുണ്ടെങ്കില്‍ പേലും തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന പരിശോധന രീതി ഡോഗ്ര കണ്ടുപിടിച്ചു. ഈ ടെസ്റ്റിന് ഡോഗ്ര ടെസ്റ്റ് എന്നാണ് പേരു നല്‍കിയിരിക്കുന്നതും.

ഡോഗ്രയുടെ ഫാറന്‍സിക് ഇടപെടലുകള്‍ വഴി തുമ്പുണ്ടാക്കിയ കേസുകളില്‍ ഇസ്രത് ജഹാന്‍, സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, തുളസിറാം പ്രജാപതി തുടങ്ങിയവരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, ഉത്തര്‍ പ്രദേശ് എന്‍ എച്ച് ആര്‍ എം കുംഭകോണം, ഷോപ്പിയാന്‍ ബലാത്സംഗക്കേസ്, ഭവരി ദേവി വധം, ആരുഷി തല്‍വാര്‍ വധം എന്നിവയും ഉള്‍പ്പെടുന്നു. ശ്രീലങ്കയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഗാമിനി ദിസ്സനായകെ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തെ ശ്രീലങ്കന്‍ സര്‍ക്കാര്‍ സഹായത്തിന് വിളിച്ചിരുന്നു. കൂടാതെ കിളിരൂര്‍ കേസില്‍ കേരളാ പോലീസും അദ്ദേഹത്തിന്റെ വിദഗ്‌ധോപദേശം തേടിയിട്ടുണ്ട്. ടോക്‌സിക്കോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം സയന്റിസ്റ്റ് അവാര്‍ഡ് നേടിയിട്ടുള്ള ഡോ. ഡോഗ്ര ഫോറന്‍സിക് മെഡിസിനില്‍ നിരവധി ആധികാരിക പ്രബന്ധങ്ങളള്‍ രചിച്ചിട്ടുണ്ട്.

ലിയോണ്‍സ് മെഡിക്കല്‍ ജൂറിസ്പ്രൂഡന്‍സ് ഇന്‍ ഇന്ത്യ, പ്രാക്ടിക്കല്‍ ആസ്പെക്ട്സ് ഓഫ് ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്‌സിക്കോളജി തുടങ്ങിയ ഫോറന്‍സിക് രംഗത്തെ ആധികാരികമായ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതാണ്. കൂടാതെ ദേശീയ-അന്തര്‍ ദേശീയ ജേര്‍ണലുകളില്‍ 200 ല്‍ ക്കൂടുതല്‍ പ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1971ല്‍ ബിക്കനറിലെ സര്‍ദാര്‍ പട്ടേല്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പാസായ ഡോഗ്ര 1976ല്‍ ഫോറന്‍സിക് മെഡിസിനില്‍ എംഡി എടുത്തു. 2013 മുതല്‍ 2017 വരെ ശ്രീ ഗുരു ഗോപിനാഥ് ട്രിസന്റെനറി യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാന്‍സലറും, വൈസ് ചാന്‍സലറുമായിട്ടുണ്ട്. എയിംസിലെ മുന്‍ ഡയറക്ടറായിരുന്ന ഡോഗ്ര 2013 മുതല്‍ 2018 വരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ അംഗമായിരുന്നു. ജമ്മുകശ്മീര്‍ സ്വദേശിയാണ് ടി ഡി ഡോഗ്ര.

Share this news

Leave a Reply

%d bloggers like this: