കൂടത്തായി കേസില്‍ പുതിയ വെളിപ്പെടുത്തല്‍; ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി ജോണ്‍സണെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതായി ജോളി

കോഴിക്കോട് : കൂടത്തായി കൊലപതാക കേസില്‍ പോലീസ് ചോദ്യം ചെയ്യലില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തി ജോളി. താന്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി മൂന്നാമതൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. ജോളിയെ 17 വര്‍ഷത്തിന് ശേഷമെങ്കിലും പോലീസ് പിടികൂടിയില്ലായിരുന്നുവെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ കൂടത്തായിയില്‍ നടക്കുമായിരുന്നു എന്നുളള നടുക്കുന്ന വെളിപ്പെടുത്തലും ജോളി നടത്തിയിരിക്കുകയാണ്. കൊലപാതകങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും എന്നാല്‍ ജോളി തന്നെയും കൊലപ്പെടുത്തുമോ എന്ന ഭയം കൊണ്ടാണ് പുറത്ത് പറയാതിരുന്നത് എന്നുമാണ് ഷാജു നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നത്.

ഈ മൊഴി ശരിവെക്കുന്ന തരത്തിലാണ് ജോളിയുടെ പുതിയ വെളിപ്പെടുത്തലുകള്‍. ഷാജുവിനേയും കൊലപ്പെടുത്താന്‍ തനിക്ക് പദ്ധതി ഉണ്ടായിരുന്നു എന്നാണ് ജോളിയുടെ പുതിയ മൊഴി. മൂന്നാം വിവാഹമായിരുന്നു ഇതിലൂടെ ജോളി ലക്ഷ്യമിട്ടത്. ജോളിയുമായി അടുപ്പമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് ഷാജുവിനെ കൊലപ്പെടുത്താന്‍ ജോളി ആഗ്രഹിച്ചത്. മാത്രമല്ല ജോണ്‍സണെ സ്വന്തമാക്കുന്നതിന് വേണ്ടി ജോണ്‍സണിന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ താന്‍ ശ്രമം നടത്തിയിരുന്നു എന്നാണ് ജോളി ചോദ്യം ചെയ്യലില്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കൊല്ലപ്പെട്ട ആറ് പേരെ കൂടാതെ രണ്ട് പേര്‍ കൂടി തന്റെ ലിസ്റ്റില്‍ ഉണ്ടായിരുന്നതായി നേരത്തെ തന്നെ ജോളി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ആ രണ്ട് പേര്‍ രണ്ടാം ഭര്‍ത്താവ് ഷാജുവുും ജോണ്‍സണിന്റെ ഭാര്യയും ആയിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഷാജുവുമായുളള വിവാഹ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണിന്റെ കുടുംബവുമായി ജോളിയുടെ കുടുംബത്തിന് വളരെ അടുപ്പമുണ്ടായിരുന്നു. ഇരുകുടുംബങ്ങളും ഒരുമിച്ച് വിനോദയാത്ര പോകുന്നതടക്കം പതിവുണ്ടായിരുന്നു. അത്തരമൊരു യാത്രയ്ക്കിടെ ജോണ്‍സണിന്റെ ഭാര്യയെ കൊല്ലാന്‍ ജോളി ഒരു ശ്രമം നടത്തിയിരുന്നു.

ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയെങ്കിലും അത് കഴിക്കാത്തത് കൊണ്ട് മാത്രം ജോണ്‍സണിന്റെ ഭാര്യ രക്ഷപ്പെടുകയായിരുന്നു. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത് ജോണ്‍സണെ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇരുവരുടേയും രഹസ്യ യാത്രകളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജോളിയുടെ കോയമ്പത്തൂര്‍ യാത്രകള്‍ ജോണ്‍സണെ കാണാന്‍ വേണ്ടിയായിരുന്നു എന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: