കുവൈത്തിലേക്കുള്ളവരുടെ മെഡിക്കല്‍ പരിശോധനാ ഫീസ് കുറയ്ക്കില്ലെന്ന് ഖദാമത്ത്

 
കൊച്ചി: കുവൈത്തിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ മെഡിക്കല്‍ പരിശോധനാ ഫീസ് കുറയ്ക്കില്ലെന്ന് ഖദാമത്ത് ഏജന്‍സി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കിയതായി മന്ത്രി കെ.സി ജോസഫ് അറിയിച്ചത്. ഖദാമത്തിന്റെ കൊച്ചി ഓഫീസ് ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കോഴിക്കോട് പുതിയ ഓഫീസ് തുറക്കാന്‍ അനുവദിക്കണമെന്ന് ഖദാമത്ത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കമ്പനിയുടെ കൊച്ചിയിലെ ഓഫീസ് ആക്രമിക്കുകയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കൊച്ചിയിലെ പ്രവര്‍ത്തനം നിര്‍ത്തിയത്.

55 കുവൈത്ത് ദിനാറാണ് (12,000 രൂപയോളം) നിലവിലെ മെഡിക്കല്‍ പരിശോധനാ ഫീസ്. ഇത് കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ച ഫീസാണ്. ഇത് കുറയ്ക്കാനാവില്ലെന്ന നിലപാടാണ് കുവൈത്ത് സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ചത്. വലിയ പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ടു മാസം മുമ്പ് വിലക്കേര്‍പ്പെടുത്തിയ ഖദാമത് ഏജന്‍സിക്ക് രണ്ടാഴ്ചയ്ക്ക് മുമ്പാണ് വീണ്ടും അനുമതിനല്‍കിയത്. സപ്തംബര്‍ 21 മുതല്‍ കുവൈത്തിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധനാ അധികാരം ഖദാമത് ഇന്‍ഗ്രേറ്റഡ് സൊല്യൂഷന്‍സിനായിരിക്കുമെന്നും മറ്റ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതല്ലെന്നും വ്യക്തമാക്കി കുവൈത്ത് കോണ്‍സുലേറ്റാണ് വിജ്ഞാപനമിറക്കിയത്.

കൊച്ചി ഓഫീസ് വീണ്ടും തുറന്നതും കോഴിക്കോട് പുതിയ ഓഫീസ് തുറക്കുന്നതും കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സൗകര്യപ്രദമാകുമെന്ന് ഖദാമത്ത് പ്രതിനിധികള്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികളില്‍നിന്ന് അമിത ഫീസ് (24,000 രൂപ) ഈടാക്കുന്നു എന്ന പരാതി വ്യാപകമാകുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് കുവൈത്ത് സര്‍ക്കാര്‍ ജൂണ്‍ 26ന് മെഡിക്കല്‍ പരിശോധനയില്‍നിന്ന് ഖദാമത്ത് ഏജന്‍സിയെ മാറ്റിയത്. തുടര്‍ന്ന് ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റേഴ്‌സ് അസോസിയേഷന്റെ (ജി.എ.എം.സി.എ. ഗാംക) പാനലിലുള്ള ഡോക്ടര്‍മാരുടെ മെഡിക്കല്‍ പരിശോധന റിപ്പാര്‍ട്ടുകള്‍ക്ക് അംഗീകാരം നല്‍കി. ഇതിന് ഗാംക ഇടാക്കുന്നത് ഫീസാകട്ടെ 3800 രൂപ മാത്രമായിരുന്നു.
ഗാംകയ്ക്ക് കേരളത്തിലടക്കം രാജ്യത്തിന്റെ പല ഭാഗത്തും സെന്ററുകളുണ്ടെന്നതും ഉദ്യോഗാര്‍ഥികള്‍ക്ക് സൗകര്യമായിരുന്നു. മുമ്പ് 3,600 രൂപയായിരുന്ന മെഡിക്കല്‍ പരിശോധനാ ഫീസ് ഒറ്റയടിയ്ക്ക് 24,000 രൂപയാക്കി ഖദാമത് ഏജന്‍സി വര്‍ധിപ്പിച്ചിരുന്നു. നേരത്തേ മഹാരാഷ്ട്രയിലും ഗോവയിലും ഉള്ളവര്‍ക്ക് മാത്രമായിരുന്നു ഇത് ബാധകമെങ്കില്‍ പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും ഫീസ് വര്‍ധനനടപ്പാക്കി. എന്നാല്‍ വന്‍പ്രതിഷേധം ഉയര്‍ന്നതിനാല്‍ കേരളത്തില്‍ ഖദാമത് ആരംഭിച്ച ബ്രാഞ്ച് അടയ്‌ക്കേണ്ടിവന്നു. ഇതേത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മെഡിക്കല്‍ പരിശോധനയ്ക്കായി മുംബൈയിലേക്ക് എത്തേണ്ട അവസ്ഥയായി.

‘ഗാംക’ സെന്ററുകളില്‍ റിപ്പോര്‍ട്ടുകള്‍ പരിശോധനകഴിഞ്ഞ് അടുത്ത ദിവസം ലഭിക്കുമായിരുപ്പോള്‍ ഖദാമത് റിപ്പോര്‍ട്ടു നല്‍കിയത് ഒരാഴ്ചയിലധികം സമയമെടുത്താണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി മുടക്കിയ 24,000 ത്തിന് പുറമെ മുംബൈയില്‍ ദിവസങ്ങളോളം തങ്ങേണ്ട അവസ്ഥകൂടി വന്നപ്പോള്‍ പലര്‍ക്കും ഈ ഇനത്തിലെ ചെലവ് അരലക്ഷത്തോളമായിരുന്നു.
ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി കെ.സി ജോസഫ്., എം.എം ഹസന്‍ എന്നിവരും പങ്കെടുത്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: